ഹിന്ദുക്കളുടെ മതവികാരം മനപൂർവം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് തെന്നിന്ത്യൻ താരം പ്രകാശ് രാജിനെതിരെ കോടതിയിൽ പരാതി. ബംഗളൂരു സ്വദേശിയും അഭിഭാഷനുമായ കിരൺ ആണ് പ്രകാശ് രാജിനെതിരെ പരാതി നൽകിയത്.
പശുക്കളെ കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല. പശു മൂത്രത്തെ കുറിച്ച് മാത്രമാണ് നിങ്ങൾക്ക് അറിയുന്നത്. നിങ്ങളുടെ വസ്ത്രങ്ങൾ കഴുകണമെങ്കിൽ ഒരു കിലോ പശുവിൻ ചാണകം, രണ്ട് ലിറ്റർ പശു മൂത്രം എന്നിവ വേണം. പശുവിൻ മൂത്രം ഒഴികെ മറ്റൊന്നും നിങ്ങൾക്കറിയില്ല, അതിനാൽ ഈ കഥയുമായി വരരുത്,’- പ്രകാശ് രാജിന്റെ ഈ പ്രസ്താവനയാണ് പരാതിക്ക് അടിസ്ഥാനം.
മേയ് എട്ടാം തീയതി ഇക്കാര്യം കാണിച്ച് കിരൺ നേരത്ത ഹനുമാന്തനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടർന്നാണ് കിരൺ കോടതിയെ സമീപിച്ചത്. ഐ.പി.സി സെക്ഷൻ 295 (എ) പ്രകാരം പ്രകാശ് രാജിനെതിരെ നടപടിയെടുക്കാനും ഹനുമന്താനഗർ പൊലീസ് ഇൻസ്പെക്ടറോട് 156 (3) വകുപ്പ് പ്രകാരം കോടതിയിൽ ഹാജരാകാനും ആവശ്യപ്പെടണമെന്നും അഭിഭാഷകന്റെ പരാതിയിൽ പറയുന്നു.
