ഗ്രാമീണ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താൻ സംസ്ഥാനത്തുടനീളം താറാവുകളെ വിതരണം ചെയ്യുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാർ. സമ്പദ്ഘടനയെ മെച്ചപ്പെടുത്താൻ മാത്രമല്ല, താറാവുകൾ വെള്ളം ശുദ്ധീകരിക്കുമെന്നും അവ നീന്തുന്നതിലൂടെ ഓക്സിജന്റെ അളവ് വർദ്ധിക്കുമെന്നും ബിപ്ലവ് പറഞ്ഞു.
രുദ്രാസാഗറിലെ നീർമഹലിൽ നിർമ്മിച്ച കൃത്രിമ തടാകത്തിൽ നടന്ന പരമ്പരാഗത വള്ളം കളി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓക്സിജൻ അളവ് ഉയരുന്നതിലൂടെ ജലം ശുദ്ധീകരിക്കുമെന്നും ഇതിലൂടെ മീനുകൾക്ക് കൂടുതൽ ഓക്സിജൻ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സംസ്ഥാനം ജെെവികമായി അഭിവൃദ്ധിപ്പെടുമെന്നും ബിപ്ലവ് വ്യക്തമാക്കി.
അതേസമയം, ബിപ്ലവ് കുമാറിന്റെ വാദങ്ങളെ തള്ളി ത്രിപുര യുക്തിബാദ് വികാസ് മഞ്ച്നേതാവ് മിഹിർ ലാൽ റോയ് രംഗത്തെത്തി. ബിപ്ലവിന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇതിന് ശാസ്ത്രീയമായി ഒരു തെളിവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ ചിന്തകളുടെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന സംഘമാണ് ത്രിപുര യുക്തിബാദ് വികാസ് മഞ്ച്. ഇടകലർത്തി മൃഗങ്ങളെ വളർത്തുന്നത് ഉത്പാദനം വർദ്ധിപ്പിക്കും. എന്നാൽ താറാവ് ഓക്സിജൻ വർദ്ധിക്കാൻ സഹായിക്കുമെന്ന സിദ്ധാന്തം അടിസ്ഥാനരഹിതമാണെന്നും മിഹിർ വ്യക്തമാക്കി.
