Sun. Feb 25th, 2024

മുത്തലാഖുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് അനുകൂലമായ നിയമം എത്രയും പെട്ടെന്ന് രാജ്യത്ത് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫെയ്ൻ പറഞ്ഞു. കണ്ണൂരിലെ പയ്യന്നൂരിൽ 23 വയസുള്ള യുവതിയെ പെരുമ്പ സ്വദേശിയായ ഭർത്താവ് ഒരു കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലിയ വിഷയത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുമെന്നും എം സി ജോസഫെയ്ൻ അറിയിച്ചു.

കുറേ വർഷങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു വിവാദ വിഷയമാണ് മുത്തലാഖ്. തികച്ചും സ്ത്രീ വിരുദ്ധമായ ഒരു മത നിയമമാണിത്. രാജ്യത്ത് വിവാഹമോചനം നൽകേണ്ടത് കോടതിയാണെന്നും മത സംവിധാനമോ മത മേലധ്യക്ഷൻമാരോ മതനേതാക്കൻമാരോ അല്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. കുറിപ്പിലൂടെ മതനേതാക്കൻമാരുടെ സാന്നിധ്യത്തിൽ പോലും അല്ലാതെ സ്ത്രീയെ മൊഴി ചൊല്ലുന്ന അതിക്രൂരമായ രീതിയാണ് ഇവിടെ നിലനിൽക്കുന്നത്. ഇത് മാറണം. സംഭവത്തിൽ കേരള വനിതാ കമ്മീഷൻ ശക്തമായി ഇടപെട്ട് തുടർനടപടികൾ സ്വീകരിക്കുമെന്നും എം സി ജോസഫെയ്ൻ വ്യക്തമാക്കി.

വെള്ളക്കടലാസിൽ എഴുതി നൽകിയാണ് അഞ്ച് വർഷത്തെ വിവാഹബന്ധമുളള യുവതിയെ മൊഴി ചൊല്ലിയതെന്ന് മാധ്യമ വാർത്തകളിലുണ്ട്. വിവാഹത്തിൽ നാലു വയസുള്ള മകനുണ്ട്. കഴിഞ്ഞമാസം മുത്തലാഖ് നൽകി 9 ദിവസങ്ങൾക്ക് ശേഷം പെരുമ്പ സ്വദേശിയായ ഭർത്താവ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതായും വാർത്തകളിലുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ കേസെടുത്തിരിക്കുന്നത്.