മൂന്ന് ദിവസം കൊണ്ട് കുട്ടനാട് വൃത്തിയാക്കി കേരളത്തിന്റെ കരുത്ത് അർണബുമാരെ പഠിപ്പിക്കാമെന്ന ആഹ്വാനവുമായി ധനമന്ത്രി തോമസ് എെസക്. രക്ഷാ ദൗത്യത്തിൽ മത്സ്യതൊഴിലാളികളുടെ കരുത്തും അർപ്പണബോധവും ആണ് കണ്ടതെങ്കിൽ ഈ പുനരധിവാസ ദൗത്യത്തിൽ കുട്ടനാട്ടിലെ കർഷകതൊഴിലാളികളുടെ കരുത്ത് കേരളം കാണാൻ പോകുകയാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ടവർ കുട്ടനാട് ആവാസ യോഗ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിലൂടെ കേരളത്തിന്റെ കരുത്ത് എന്തെന്ന് അർണബുമാരെ പഠിപ്പിക്കാമെന്നും തോമസ് എെസക് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഓപ്പറേഷൻ റീഹാബിലിട്ടെഷൻ ആലപ്പുഴയുടെ തയ്യാറെടുപ്പ് ചിട്ടയായി പുരോഗമിക്കുകയാണ്. നാളെ കാലത്ത് പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രളയഗ്രാമസഭകൾ ചേരും. അറുപതിനായിരം കുട്ടനാട്ടുകാരെ ശുചീകരണ പ്രവർത്തനങ്ങളിൽ അണിനിരത്താൻ ആണ് ശ്രമിക്കുന്നത്. രക്ഷാ ദൗത്യത്തിൽ മത്സ്യതൊഴിലാളികളുടെ കരുത്തും അർപ്പണബോധവും ആണ് കണ്ടതെങ്കിൽ ഈ പുനരധിവാസ ദൗത്യത്തിൽ കുട്ടനാട്ടിലെ കർഷകതൊഴിലാളികളുടെ കരുത്തു കേരളം കാണാൻ പോകുകയാണ്. രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ടവർ കുട്ടനാട് ആവാസ യോഗ്യമാക്കും
ഇതിനോടൊപ്പം ആലപ്പുഴ ജില്ലയിലെ മറ്റു ഭാഗങ്ങളിൽ നിന്ന് പരമാവധി ആളുകളെ പങ്കാളിയാക്കുന്നതിന് സി.പി.എം പോലുള്ള പ്രസ്ഥാനങ്ങൾ സജീവമായി രംഗത്തുണ്ട്. മറ്റു സംഘടനകളും ഇതിനു മുൻകൈ എടുക്കും എന്ന് കരുതട്ടെ. ഇവർക്കൊക്കെ കുട്ടനാടും പരിസരവും ഒക്കെ സമാന്യം പരിചിതമാണ്. അതുകൊണ്ട് എന്റെ വേവലാതി ആലപ്പുഴയ്ക്ക് പുറത്തു നിന്ന് വരുന്നവരെ കുറിച്ചാണ്. ഇപ്പോൾ തന്നെ വളന്റിയർ രജിസ്ട്രേഷൻ രണ്ടയിരത്തിനടുത്ത് ആയി.
സംഘടനകളിൽ നിന്നും ഒരാളെ രജിസ്ടർ ചെയ്യുന്നുള്ളൂവെങ്കിലും പലരും സംഘമായിട്ടാണ് വരാൻ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ മേയറും നാന്നൂറ് പേരും ഒരുമിച്ചാണ് എത്തുന്നത്. കയർഫെഡ് ജീവനക്കാർ നൂറ്റമ്പത് പേർ. ഇങ്ങനെ പല സ്ഥാപനങ്ങളും സംഘടനകളും സന്നദ്ധത അറിയിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞത് പോലെ 27നു രാത്രി വരുന്നവർക്ക് പരിമിതമായ താമസ സൗകര്യങ്ങളെ ഏർപ്പെടുത്താൻ ആവൂ. സ്കൂളുകളിലും കോളേജുകളിലും മറ്റും ക്യാമ്പുകൾ നടക്കുന്നത് കൊണ്ടാണ് ഇത്. എന്നാലും എല്ലാവർക്കും ഡോർമെട്രി സൗകര്യങ്ങൾ എങ്കിലും നൽകാൻ പരിശ്രമം നടക്കുന്നു. വരുന്നവർ സ്വന്തം കുടിവെള്ള കുപ്പി കൊണ്ട് വരുന്നത് നന്നാവും. ഗ്ലൗസ് തരാം. പക്ഷെ പാദരക്ഷകൾ സ്വയം കരുതണം. വന്നാൽ വൈകുന്നേരം എലിപ്പനിക്കുള്ള ഗുളിക കഴിക്കാൻ മറക്കരുത്. പണിയായുധങ്ങൾ ഇവിടെ തന്നെ ഏർപ്പാട് ചെയ്യാം. പക്ഷെ ആർക്കെങ്കിലും ഡീസലിൽ പ്രവർത്തിക്കുന്ന ഹൈ പ്രഷർ പമ്പ് കൊണ്ട് വരാൻ പറ്റുമെങ്കിൽ അത് വളരെ പ്രയോജന പ്രദമാകും. പുറത്ത് നിന്ന് വരുന്നവർ കലക്ട്രേറ്റിൽ വരിക. അവിടെ നിന്ന് എങ്ങോട്ടേയ്ക്ക് ആണ് പോകേണ്ടത് എന്ന നിർദ്ദേശങ്ങൾ നൽകാം
ഇതിനായിട്ടു പ്രത്യേകം കാൾ സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്താവശ്യത്തിനും ഈ നമ്പരുകളിൽ ബന്ധപ്പെടുക.
മുഹസിൻ 8129410413
സന്ദീപ് 9544229757
അമൽ 9533737172
ജോബിൻ 8089317761
വരൂ മൂന്നു ദിവസം കൊണ്ട് കുട്ടനാട് വൃത്തിയാക്കി കളയാം. കേരളത്തിന്റെ കരുത്ത് എന്തെന്ന് അർണ്ണബുമാരെ പഠിപ്പിക്കാം.
നാളെ രാവിലെ 9 മണിക്ക് ശേഷം കലക്ട്രേറ്റിലെ ഈ നമ്പരുകളിലും വിവരങ്ങൾ അറിയാം
0477 2230096
0477 2230160
0477 2236831
