Thu. Mar 28th, 2024

ഏഷ്യൻ ഗെയിംസിന്‍റെ രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് സുവര്‍ണ ശോഭ. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൊഗട്ടാണ് സ്വർണം നേടിയത്. ഫൈനലിൽ ജപ്പാൻ താരം യൂകി ഇറിയെ 6–2ന് വീഴ്ത്തിയാണ് ഇരുപത്തിനാലുകാരിയായ ഫൊഗട്ട് ഇന്ത്യയുടെ രണ്ടാം സ്വർണമെഡൽ ജേതാവായത്. പുരുഷവിഭാഗം ഗുസ്തിയിൽ ബജ്റംഗ് പൂനിയ ആദ്യ ദിനത്തിൽ സ്വർണം നേടിയിരുന്നു. ഏഷ്യൻ ഗെയിംസ് വനിതാ ഗുസ്തിയിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്.

രണ്ടാം ദിനത്തിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണ് ഫൊഗട്ടിന്റേത്. ജക്കാർത്ത ഗെയിംസിൽ അ‍ഞ്ചാമത്തെയും. നേരത്തെ, പുരുഷവിഭാഗം ഷൂട്ടിങ് ട്രാപ്പിൽ ഇരുപതുകാരൻ താരം ലക്ഷയ്, 10 മീറ്റർ എയർ റൈഫിളിൽ ദീപക് കുമാർ എന്നിവർ വെള്ളി നേടിയിരുന്നു. പുരുഷവിഭാഗം ട്രാപ്പിൽ മാനവ്ജീത് സിങ് സന്ധു നാലാം സ്ഥാനത്തായപ്പോൾ, 10 മീറ്റർ എയർ റൈഫിളിൽ രവി കുമാറും നാലാമതെത്തി. അതേസമയം, 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പൂജ ദണ്ഡയും 62 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി മാലിക്ക് സെമിയിലെത്തിയെങ്കിലും തോറ്റു. പുരുഷവിഭാഗം 125 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സുമിത് മാലിക്, വനിതാ വിഭാഗം 53 കിലോയിൽ പിങ്കി ജാൻഗ്ര എന്നിവർ ആദ്യ റൗണ്ടിൽ തോറ്റു.