Sun. Nov 22nd, 2026

തലസ്ഥാനത്ത് അടക്കം വിവിധ ജില്ലകളിൽ സർക്കാർ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ ഉപേക്ഷിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തുണ്ടായ കാലവർഷക്കെടുതിയിൽ ജനങ്ങൾ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ ആഘോഷങ്ങൾക്ക് ചെലവിടുന്ന തുക ദുരിതാശ്വാസത്തിനായി ഉപയോഗിക്കും. ഓണാഘോഷം ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വിവിധ ജില്ലകളിലെ ഓണാഘോഷപരിപാടികൾക്ക് 35 കോടിയോളം രൂപ വിനോദസഞ്ചാര വകുപ്പ് ചെലവിടുന്നുണ്ട്. കുട്ടനാട്ടിലെ വെള്ളപ്പൊക്കവും ദുരിതവും കണക്കിലെടുത്ത് ആലപ്പുഴയിൽ നടക്കേണ്ടിയിരുന്ന നെഹ്റുട്രോഫി വള്ളം കളി മാറ്റിവച്ചിരുന്നു. എന്നാൽ, വള്ളംകളി പൂർണമായി മാറ്റിവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹചര്യം മെച്ചപ്പെട്ട ശേഷം വള്ളംകളി നടത്തുന്ന കാര്യം ആലോചിക്കുമെന്നും പിണറായി പറഞ്ഞു.

നെഹ്റുട്രോഫി അടക്കം സംസ്ഥാനത്തെ വള്ളംകളികൾ ഉൾപ്പെടുത്തി പ്രത്യേക ലീഗ് മത്സരം നടത്താനായിരുന്നു വിനോദസഞ്ചാരവകുപ്പ് തീരുമാനിച്ചിരുന്നത്. കുട്ടനാട് സാധാരണ നിലയിലാകുന്നതോടെ അടുത്തമാസം വള്ളംകളി നടത്താനുള്ള ആലോചനകളുണ്ട്.