മഴക്കെടുതി മൂലം ദുരിതത്തിലായ വയനാട്ടിലെ പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചു തുടങ്ങി. ബത്തേരിയിൽ ഹെലികോപ്റ്ററിൽ എത്തിയ മുഖ്യമന്ത്രി മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ആദ്യം എത്തിയത്. ഇവിടെ ആയിരത്തോളം ആളുകളുണ്ട്. ക്യാമ്പിലെ ത്തിയ മുഖ്യമന്ത്രി ജനങ്ങളുടെ ആവശ്യങ്ങൾ കേട്ട ശേഷം എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് മടങ്ങിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ, എം.ഐ.ഷാനവാസ് എംപി തുടങ്ങിയവർക്ക് പുറമേ ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുണ്ടേരിയിലെ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി വയനാട് കളക്ട്രേറ്റിലേക്ക് പോയി. ഇവിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരുന്നുണ്ട്. ജില്ലയിലെ മുഴുവൻ ഉന്നത ഉദ്യോഗസ്ഥരോടും കളക്ട്രേറ്റിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയും സംഘവും എത്തിയതോടെ ആദിവാസികൾ പരാതികളുടെ ഭാണ്ഡക്കെട്ട് അവർക്ക് മുന്നിൽ അഴിച്ചു. എല്ലാവരുടേയും പരാതികൾ സശ്രദ്ധം കേട്ട മുഖ്യമന്ത്രി സർക്കാർ എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ഉറപ്പ് നൽകി. മഴ മാറുന്നത് വരെ കാത്തിരിക്കാനും അവരോട് നിർദ്ദേശിച്ചു. ക്യാമ്പുകളിൽ ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളും എത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോളനിയിലെ വീടുകൾ സന്ദർശിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും പ്രായോഗികമല്ലെന്ന നിർദ്ദേശത്തെ തുടർന്ന് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പതിനഞ്ച് മിനിട്ടോളം ക്യാമ്പിൽ ചെലവിട്ട ശേഷം മുഖ്യമന്ത്രിയും സംഘവും വയനാട് കളക്ടറിലേക്ക് പോയി. അവിടെ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പിന്നീട് കോഴിക്കോട്ടേക്ക് പോകും.

രാവിലെ 10.10ഓടെയാണ് മുഖ്യമന്ത്രിയും സംഘവും സുൽത്താൻ ബത്തേരിയിലിറങ്ങിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർ മുഖ്യമന്ത്രിയെ കാത്ത് അവിടെ നിൽപുണ്ടായിരുന്നു. അതേസമയം, പ്രളയം രൂക്ഷമായ ഇടുക്കി സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്ടർ ഇറക്കാനാകാതെ വന്നതിനെ തുടർന്നാണിത്. രാവിലെ ഏഴേമുക്കാലോടെ തിരുവനന്തപുരം ശംഖുമുഖം എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ നിന്നാണ് മുഖ്യമന്ത്രിയുൾപ്പെട്ട ആറംഗസംഘം പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ യാത്ര ആരംഭിച്ചത്. ഇടുക്കിയിൽ കട്ടപ്പന ഗവ. കോളേജ് ഗ്രൗണ്ടിൽ ഇറങ്ങാനായിരുന്നു തീരുമാനം. മോശം കാലാവസ്ഥയിൽ ലാൻഡിംഗ് അസാദ്ധ്യമാണെന്ന് അറിയിച്ചതോടെ മുഖ്യമന്ത്രിയും സംഘവും വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു. കടുത്ത മഞ്ഞും നേരിയ മഴയുമാണ് തടസമായത്. മുഖ്യമന്ത്രി പങ്കെടുക്കില്ലെങ്കിലും കട്ടപ്പനയിൽ മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ അവലോകന യോഗം നടന്നു. മന്ത്രി കെ. രാജു, റോഷി അഗസ്റ്റിൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
വൈകിട്ട് 4.45 ഓടെ കൊച്ചിയിലേക്ക് തിരിക്കുന്ന മുഖ്യമന്ത്രിയും സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ആറരയോടെ തിരുവനന്തപുരത്തേക്ക് മടങ്ങും. മഴക്കെടുതി രൂക്ഷമായ ആറുസ്ഥലങ്ങളിൽ സന്ദർശനം നടത്താനായിരുന്നു ഉദ്ദേശമെങ്കിലും കാലാവസ്ഥ മോശമായതിനാൽ ഇത് മൂന്നിടങ്ങളാക്കി ചുരുക്കുകയായിരുന്നു.ഇവിടുത്തെ സന്ദർശനത്തിനു ശേഷം കാലാവസ്ഥ ശരിയാകുന്ന മുറയ്ക്ക് സംഘം ഇടുക്കിയിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം.
അവലോകന യോഗത്തിൽ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ ഏകദേശ ചിത്രം പരിശോധിക്കും. തുടർന്നായിരിക്കും മറ്റ് സഹായങ്ങളുടെ കാര്യങ്ങൾ പരിഗണിക്കുക. ശംഖുമുഖത്തു നിന്ന് ഇന്ന് രാവിലെ ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടത്. മുഖ്യമന്ത്രിയോടൊപ്പം പ്രതിപക്ഷ നേതാവ്, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി,ഡിജിപി എന്നിവരും ഒപ്പമുണ്ട്.