Sat. Nov 21st, 2026

✍️സി.ആർ.സുരേഷ്

ഇന്ത്യയെ അടിമത്തത്തിലമർത്തി ഭരിച്ചിരുന്ന ബ്രിട്ടീഷ് ഭരണദുർഗത്തിനെതിരെ ആദ്യ ബോംബെറിഞ്ഞ വീരനായകനാണ് ഖുദിറാം ബോസ് (1889 – 1908). ബങ്കിംചന്ദ്ര ചാറ്റർജിയുടെ ‘വന്ദേമാതരം’ ഗാനം ഉൾപ്പെടുന്ന നോവൽ ‘ആനന്ദമഠം’ വായിച്ചതാണ് ഖുദിറാമിനെ വിപ്ലവവഴിയിലേക്ക് നയിച്ചത്.

1906-ൽ ‘യുഗാന്തർ’ വിപ്ലവ സംഘടനയിൽ അംഗമായി. അക്കാലത്ത് ക്രൂരനായ ബ്രിട്ടീഷ് ഓഫീസറായിരുന്നു കൊൽക്കത്ത ചീഫ് പ്രസിഡൻസി മജിസ്ട്രേറ്റായ കിംഗ്സ് ഫോർഡ്. ദേശസ്നേഹികളായ സമരഭടന്മാരോടു മാത്രമല്ല സ്ത്രീകളോടും കുട്ടികളോടും വൃദ്ധരോടുപോലും ക്രൂരമായാണ് അയാൾ പെരുമാറിയിരുന്നത്.

1907 ആഗസ്റ്റ് 26-ന് അരവിന്ദഘോഷ് പത്രാധിപരായ ‘വന്ദേമാതരം’ പത്രത്തിനെതിരായ രാജ്യദ്രോഹ കുറ്റവിചാരണയിക്കിടെ, കോടിതിക്കു പുറത്തുണ്ടായിരുന്ന യുവാക്കൾക്കു നേരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ലാത്തി വീശുകയും അതിനെ ചോദ്യം ചെയ്ത പതിനഞ്ചുകാരനായ സുശീൽ കുമാറിനെ 15 അടി ശിക്ഷ കൊടുത്തത് വലിയ പ്രതിഷേധമായി.

1908-ൽ യുഗാന്തർ വിപ്ലവകാരികൾ കിംഗ്സ് ഫോർഡിനെ കൊല്ലാൻ തീരുമാനിച്ചു.
ഖുദിറാം ബോസും സമപ്രായകാരനായ പ്രഫുല്ല കുമാർ ചാകിയയും ദൗത്യം ഏറ്റെടുത്തു.  1908 ഏപ്രിൽ 30-ന് മുസഫർപൂരിൽ യൂറോപ്യൻ ക്ലബിനു സമീപം കിംഗ്സ് ഫോർഡാണെന്ന് തെറ്റിദ്ധരിച്ച് അയാളുടെ അതിഥികളായ മിസ്സിസ് കെന്നഡിയും മകളും വേലക്കാരിയും സഞ്ചരിച്ച കുതിരവണ്ടിയിലേക്ക് ബോംബെറിഞ്ഞു. മൂന്നു പേരും തൽക്ഷണം മരിച്ചു. പിറ്റേന്ന് ഖുദിറാം അറസ്റ്റിലായി. പ്രഫുല്ല കുമാർ പിടികൊടുക്കാതെ സ്വയം വെടിവച്ചു മരിച്ചു.

രണ്ട് മാസത്തെ വിചാരണയ്ക്കു ശേഷം തൂക്കി കൊല്ലാൻ വിധിച്ച ജഡ്ജി ”അവസാനമായി എന്തെങ്കിലും പറയാനുണ്ടോ? എന്ന് ചോദിച്ചപ്പോൾ “ബോംബുണ്ടാക്കുന്ന രീതിയെക്കുറിച്ച് ചിലത് പറയാനുണ്ട്” എന്നായിരുന്നു ഖുദിറാമിന്റെ മറുപടി.

“കിംഗ്സ് ഫോർഡിന് ശിക്ഷ നൽകാനായില്ലല്ലോ എന്നാണെന്റെ ദുഃഖം” ശിക്ഷയെക്കുറിച്ച് ഖുദിറാം പറഞ്ഞതിങ്ങനെയാണ്‌. ഒരു ഭയവുമില്ലാതെ പുഞ്ചിരിച്ചുക്കൊണ്ട് തൂക്കുകയർ സ്വീകരിക്കുമ്പോൾ ഖുദിറാമിന്റെ പ്രായം 18 വയസ്സ് 8 മാസം 8 ദിവസമായിരുന്നു.