Sun. Nov 22nd, 2026

ആനയെ വാങ്ങുന്നത് വനം-വന്യജീവി നിയമത്തിനെതിരെന്ന് വനംവകുപ്പ്; എതിര്‍പ്പ് വകവയ്ക്കാതെ ഭക്തശിരോമണികൾ

ആലപ്പുഴയിലെ അറവുകാട് ക്ഷേത്രത്തിൽ വനംവകുപ്പിനെയും നിയമത്തെയും വെല്ലുവിളിച്ച് കുറെ ഭക്തശിരോമണികൾ ആനയെ വാങ്ങാൻ ഒരുങ്ങുന്നു. ആനയെ വാങ്ങാനുളള കരക്കാരുടെ നീക്കത്തിനെതിരെ വനംവകുപ്പ്. രംഗത്ത് വന്നിട്ടുണ്ട്. അറവുകാട് ദേവീക്ഷേത്രത്തിലേക്ക് ആനയെ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഭക്തരുടെ പൊതുയോഗം ഇൗ മാസം പതിനഞ്ചിന് ചേരാനിരിക്കേയാണ് വനംവകുപ്പ് അറിയുകയും വനം-വന്യജീവി നിയമത്തിനെതിരായി ആനയെ വാങ്ങാനുള്ള നീക്കത്തിനെതിരെ രംഗത്തുവരികയും ചെയ്തത്. നാട്ടാനയെ വാങ്ങുന്നതും വില്‍ക്കുന്നതും വന്യജീവി സംരക്ഷണ നിയമത്തിന് എതിരാണ് എന്നാണ് വനംവകുപ്പിന്‍റെ നിലപാട്. 1972-ലെ വനം വന്യജീവി നിയമപ്രകാരം നാട്ടാനകളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിയന്ത്രണമുണ്ട്.

ക്ഷേത്രത്തിന് സ്വന്തമായുണ്ടായിരുന്ന രാജീവന്‍ എന്ന ആനയുടെ വിയോഗത്തിന് ശേഷം പുതിയതായി ഒരു ആനയെ വാങ്ങുന്നതിനുളള ആലോചനാ യോഗം പതിനഞ്ചിന് രാവിലെ പത്തു മണിക്ക് പുന്നച്ചൂട് എസ് എന്‍ ഡി പി യോഗം ശാഖാ ഹാളില്‍ നടക്കാനിരിക്കുകയാണ്.

മുപ്പതു വര്‍ഷം മുമ്പാണ് അറവുകാട് ദേവീക്ഷത്രത്തിലെ രാജീവന്‍ എന്ന ആന ചരിഞ്ഞത്. പത്തുകരകളിലായുളള വിശ്വാസികളുടെ ദീര്‍ഘനാളത്തെ സ്വപ്നമാണ് ക്ഷേത്രത്തിന് സ്വന്തമായൊരു ആനയെ വാങ്ങുക എന്നത്. ഇതേക്കുറിച്ച് ആലോചിക്കുന്നതിനായി നാട്ടുകാരെയെല്ലാം ഉള്‍പ്പെടുത്തി ഒരു പൊതുയോഗം ചേരാന്‍ കരക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി വിശ്വാസികളുടെ ഒരു സംഘടന തന്നെ രൂപീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസമായി സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണത്തിന് ശേഷമാണ് കരക്കാരുടെ യോഗം വിളിച്ചിരിക്കുന്നത് . ചെമ്പട്ടണിഞ്ഞ ദേശനാഥയ്ക്ക് ഒരു ഗജപുത്രന്‍ എന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണത്തിന്‍റെ തലക്കെട്ട്. ചെറുപ്പക്കാര്‍ക്കു പുറമേ മുതിര്‍ന്നവരും ചെറുപ്പക്കാരോടൊപ്പം ഇൗ ആവശ്യത്തിനായി മുന്നിട്ടിറങ്ങിയിരുന്നു

വനംവകുപ്പിന്‍റെ നിലപാടുകളെ ആശ്രയിച്ചായിരിക്കും പുതിയ ഗജരാജനെ അറവുകാട് ദേവീക്ഷേത്രത്തിലേക്ക് വാങ്ങുക എന്ന നാറാണത്ത് ഭ്രാന്തന്റെ പിന്മുറക്കാരുടെ സ്വപ്നപദ്ധതിയുടെ ഭാവി. ഇതിനെതിരെ ആനിമൽ ആക്ടിവിസ്റ്റുകളും മൃഗ സ്നേഹികളുടെ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട് നിയമവിരുദ്ധമായ ഈ നീക്കത്തിന് നേരെ വനം വകുപ്പ് കണ്ണടച്ചാൽ ശക്തമായ നിയമ നടപടികളും ഒപ്പം ആലപ്പുഴയിലെ വനം വകുപ്പ് ഓഫീസിന് മുന്നിൽ മൃഗ സ്നേഹികളുടെ സമര പരിപാടികളും ആരംഭിക്കുമെന്ന് മൃഗസ്നേഹിയും രണ്ട് തവണ സംസ്ഥാന അവാർഡ് കരസ്ഥമാക്കുകയും ചെയ്ത ചിത്രകാരി രതി ദേവി പണിക്കർ പറഞ്ഞു.

അറവുകാട് ദേവസ്വത്തിനും വനം വകുപ്പിനുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പീപ്പിൾസ് ഫോർ അനിമൽസ് പ്രവർത്തക സുജ അരവിന്ദ് പ്രസ്താവനയിൽ പറഞ്ഞു .

ആനകൾ വന്യജീവികളാണ്. കാട്ടിൽ കഴിയേണ്ട അവയെ ഉത്സവങ്ങളിലും മേളകളിലും എഴുന്നള്ളിക്കുകയും അതിനായി കൊടിയ പീഢനങ്ങൾ നടത്തുന്നതും സഹികെട്ട് അവ ഇടയുന്നതും പാപ്പാന്മാരെയടക്കം കുത്തിക്കൊല്ലുന്നതും ആവർത്തിക്കപ്പെടുന്നു. എന്നിട്ടും ഈ ക്രൂരത അവസാനിപ്പിക്കാൻ ഭക്തി ജ്വരം മൂത്ത അന്ധവിശ്വാസികൾ തയ്യാറല്ല. നിയമങ്ങൾ ഒട്ടേറെ കടലാസുകളിൽ അന്തിയുറങ്ങുമ്പോൾ പാവം വന്യ ജീവികൾ കടുത്ത പീഢനങ്ങളാൽ പൊറുതിമുട്ടുന്നു. അറവുകാട് ക്ഷേത്രത്തിലെ നിയമവിരുദ്ധമായ ഈ നീക്കത്തിന് നേരെ വനം വകുപ്പ് കണ്ണടച്ചാൽ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രമുഖ എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ ശ്രീദേവി കർത്ത പറഞ്ഞു.

ആലപ്പുഴയിലെ ജില്ലാ ഭരണകൂടവും വനം വകുപ്പ് മേധാവികളും. ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് പ്രമുഖ ടിവി അവതാരകയും ആനിമൽ ആക്ടിവിസ്റ്റുമായ രഞ്ജിനി ഹരിദാസ് ആവശ്യപ്പെട്ടു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622