ഡബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനു തൈക്കാട് ശാന്തികവാടത്തില്‍. പഴയകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന പാലാ തങ്കത്തിന്റെ മകളാണ്.
കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വട്ടിയൂര്‍ക്കാവിലെ വസതിയില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. അന്തരിച്ച നടി മോനിഷയ്ക്കു വേണ്ടി ശബ്ദം നല്‍കിതോടെയാണു അമ്പിളി സിനിമ മേഖലയില്‍ ശ്രദ്ധേയായത്. മോനിഷയുടെ ആദ്യചിത്രമായ നഖക്ഷതങ്ങള്‍ മുതല്‍ അവസാനചിത്രം വരെ ഇവര്‍ക്കായി ശബ്ദം നല്‍കി.
നടിമാരായ മോനിഷ, ശാലിനി, ജോമോള്‍. പാര്‍വതി, വാണി വിശ്വനാഥ്, രംഭ തുടങ്ങിയവരടക്കമുള്ളവരുടെ അഞ്ഞൂറോളം സിനിമകള്‍ക്ക് അമ്പിളി ശബ്ദം നല്‍കിയിട്ടുണ്ട്. ഇരുപത്തിരണ്ടോളം അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
നടിമാരായ ശോഭന, മാതു എന്നിവര്‍ക്കായും വിവിധ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ശാലിനി കുട്ടിയായി എത്തിയപ്പോഴും പിന്നീടു മുതിര്‍ന്നു നായികയായപ്പോഴും അമ്പിളിയാണ് ശബ്ദം നല്‍കിയത്. മക്കള്‍: വൃന്ദ (എസ്ബിഐ), വിദ്യ (വിദ്യാര്‍ഥിനി), മരുമകന്‍: അരവിന്ദ്.