Fri. Nov 20th, 2026

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിനെതിരേ തിങ്കളാഴ്ച (ജൂലൈ 30) പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന്‍റെ രഹസ്യ സ്‌പോണ്‍സര്‍ സി.പി.എം ആണെന്ന് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹന്‍ദാസ്. ഹർത്താൽ വിജയിച്ചാല്‍ സിപിഎമ്മിനു ദാസ്യമുള്ള പുതിയൊരു ഹിന്ദു നേതൃത്വം ഉണ്ടായതായി പ്രഖ്യാപിക്കും. പരാജയപ്പെട്ടാല്‍ സര്‍ക്കാരിനാണ് ഹിന്ദുക്കളുടെ പിന്‍തുണ എന്ന് വാദിക്കും. അക്രമമുണ്ടായാല്‍ മുന്‍ ആര്‍.എസ്.എസ് എന്നൊക്കെ പറഞ്ഞ് ബഹളം വെയ്ക്കും. ട്വിറ്ററിലൂടെയായിരുന്നു ടി.ജി മോഹന്‍ദാസിന്‍റെ പ്രതികരണം.

അതിനിടെ, ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജൂലൈ 30നു പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാന ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കി. മറ്റു ഹൈന്ദവ സംഘടനകളുടെ അഭിപ്രായം തേടാതെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ഹർത്താൽ പൊതുസമൂഹത്തിന്‍റെ എതിർപ്പ് ക്ഷണിച്ചുവരുത്തും എന്നതിനാലാണു ഹിന്ദു ഐക്യവേദി പിന്തുണയ്ക്കാത്തതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു അറിയിച്ചു.

നേരത്തെ, ശബരിമലയിൽ യുവതികൾക്കു പ്രവേശനം അനുവദിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ നിലപാടു സ്വീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തത്. അയ്യപ്പധർമസേന, ഹനുമാൻ സേന ഭാരത്, ശ്രീരാമസേന, വിശാല വിശ്വകർമ ഐക്യവേദി എന്നിവരാണു ഹർത്താലിനു ആഹ്വാനം ചെയ്തത്.