ആലുവയിൽ റേഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സപ്ളൈ ഓഫീസിൽ മദ്ധ്യവയസ്കൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഭീതി പടത്തി. എടത്തല സ്വദേശി അബ്ദുറഹ്മാനാണ് ആലുവ സപ്ളൈ ഓഫീസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി കഴിഞ്ഞ ഒന്നര വർഷമായി സപ്ളൈ ഓഫീസിൽ കയിറിങ്ങുകയായിരുന്നു അബ്ദുറഹ്മാൻ. കഴിഞ്ഞ ദിവസവും ഓഫീസിലെത്തിയിരുന്നു. എന്നാൽ, സമയം എടുക്കുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ തിരിച്ചയയ്ക്കുകയായിരുന്നു. ഇതിൽ നിരാശനായാണ് അബ്ദുറഹ്മാൻ ആത്മഹത്യാശ്രമം നടത്തിയത്.
ഇന്ന് ഉച്ചയോടെ ഓഫീസിലെത്തിയ അബ്ദുറഹ്മാൻ ശരീരത്ത് പെട്രോൾ ഒഴിച്ച ശേഷം ഓഫീസിലേക്ക് ഓടിക്കയറി. ഓഫീസിനുള്ളിൽ വച്ച് തീ കൊളുത്താനായിരുന്നു ലക്ഷ്യം. എന്നാൽ, ഓഫീസിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് അബ്ദുറഹ്മാനെ കീഴ്പ്പെടുത്തുകയായിരുന്നു.തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.