Tue. Nov 24th, 2026

ചികിത്സയ്ക്കിടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സെല്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ റിമാൻഡ് പ്രതിയുടെ മൃതദേഹം നാല് ദിവസമായിട്ടും ഏറ്റുവാങ്ങാതെ ബന്ധുക്കളുടെ പ്രതിഷേധം. കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് മരണമെന്ന് ആരോപിച്ച് കന്യാകുമാരി വിളവൻകോട് മീനച്ചൽ ആർ.സി സ്ട്രീറ്റിൽ പരേതനായ സൈമണിന്റെ മകൻ അനീഷിന്റെ (18) മൃതദേഹമാണ് ബന്ധുക്കൾ ഏറ്റുവാങ്ങാതിരുന്നത്. തമിഴ്നാട്ടിലെ ആശുപത്രിയിലെത്തിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

അമരവിള എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയിരുന്നത്. ലഹരിക്ക് അടിമയായിരുന്ന അനീഷിനെ നെയ്യാറ്റിൻകര സബ് ജയിലിൽ നിന്ന് ചൊവ്വാഴ്ച രാത്രി 7നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച രാവിലെ 10.30ന് കുളിമുറിയിൽ കയറിയ ഇയാൾ പുറത്തിറങ്ങാൻ വൈകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കസ്റ്റഡി മർദ്ദനത്തിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. തിരുവനന്തപുരത്ത് നടത്തിയ പോസ്റ്റുമോർട്ടത്തിൽ മർദ്ദനത്തിന്റെ അടയാളങ്ങളെല്ലാം മറച്ചുവച്ചെന്നും പരാതിപ്പെടുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി മൃതദേഹം ഏറ്റുവാങ്ങാത്തതിനാൽ മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് ബന്ധുക്കൾ അടുത്തദിവസം മുഖ്യമന്ത്രിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്.