Thu. Oct 1st, 2026

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീയും ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെ ഒരു വനിതയും ഉന്നയിച്ച പീഡന പരാതികള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനും നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈസ്തവ സഭകളിലെ കുമ്പസാരം നിര്‍ത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും 25 പേജുള്ള റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

കുമ്പസാരത്തിലൂടെ സ്ത്രീകള്‍ ബ്ലാക്‌മെയിലിങ്ങിന് ഇരയാകുന്നുണ്ടെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുമ്പോള്‍ പുരുഷന്മാരില്‍ നിന്ന് പണം തട്ടാനും വഴിയൊരുക്കുന്നതിനാലാണ് കുമ്പസാരം നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തതെന്ന് ദേശീയവനിതാകമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ ഡല്‍ഹിയില്‍ പറഞ്ഞു. ശുപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സമര്‍പ്പിച്ചു

വൈദികര്‍ക്കെതിരായ പരാതികള്‍ കേരളത്തില്‍ കൂടി വരുന്നുവെന്ന് രേഖ ശര്‍മ്മ പറഞ്ഞു. പീഡനക്കേസുകളിലെ പ്രതികളായ വൈദികര്‍ക്ക് രാഷ്ട്രീയ സഹായം കിട്ടുന്നുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. വൈദികര്‍ക്കെതിരായ പരാതികളില്‍ പൊലീസ് അന്വേഷണം ഇഴയുകയാണ്. സര്‍ക്കാര്‍ പ്രശ്നത്തെ ഗൗരവമായി കാണുന്നില്ല. ജലന്ധര്‍ ബിഷപ്പിനെതിരെ പഞ്ചാബ് പൊലീസും കേസെടുക്കണമെന്നും രേഖ ശര്‍മ വ്യക്തമാക്കി.