തൃശൂര്‍ കൊറ്റനല്ലൂര്‍ ബ്രഹ്മനന്ദാലയം കാര്യദര്‍ശി സ്വാമി ശ്രീനാരായണ ധര്‍മ്മവൃതന്‍ ആശ്രമത്തിലെ അന്തേവാസികളായ അഞ്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു. ആശ്രമത്തിലെ അന്തേവാസികളായ ആണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി കേസെടുക്കുകയായിരുന്നു. സ്വാമി ധര്‍മ്മവൃതന്‍ ഇപ്പോള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.ശിവഗിരി മഠത്തിന് കീഴിലുള്ളതാണ് തൃശൂര്‍ കൊറ്റനല്ലൂര്‍ ബ്രഹ്മനന്ദാലയം.
സംഭവത്തെക്കുറിച്ച് ആളൂര്‍ പോലീസ് പറയുന്നത് ഇങ്ങനെ: ആശ്രമത്തില്‍ പത്തോളം കുട്ടികളാണ് അന്തേവാസികളായി ഉണ്ടായിരുന്നത്. ഇവര്‍ ആശ്രമത്തില്‍ താമസിച്ചുവരികയായിരുന്നു. ധര്‍മ്മവൃതനാണ് ആശ്രമനടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്നത്. ഇതില്‍ ചിലര്‍ കുട്ടികള്‍ തൊട്ടടുത്തുള്ള സ്‌കൂളില്‍ പഠിച്ചിരുന്നു. ഇങ്ങനെ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടി ധര്‍മ്മവൃതന്റെ ലൈംഗിക പീഡനത്തെക്കുറിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ആളൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുന്നത്. ഇതിന് മുമ്പേതന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശ്രമത്തിലെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.
പോലീസ് ആശ്രമത്തിലെത്തിയപ്പോഴേക്കും ധര്‍മ്മവൃതന്‍ മുങ്ങി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ നാല് കുട്ടികള്‍ തങ്ങള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി മൊഴി നല്‍കി. അങ്ങനെ ധര്‍മ്മവൃതനെതിരെ പോക്‌സോ അനുസരിച്ച് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്ന് പോലീസ് സംഘം ആശ്രമത്തില്‍ താമസിച്ചുവന്ന പത്ത് കുട്ടികളെയും കണ്ടെത്തി മൊഴിയെടുത്തു. ഇതില്‍ ഒരുകുട്ടി കൂടി താന്‍ ലൈംഗിക പീഡനത്തിനിരയായെന്ന് മൊഴി നല്‍കിയതോടെ ധര്‍മ്മവൃതനെതിരെ അഞ്ചാമത്തെ പോക്‌സോ കേസും പോലീസ് രജിസ്റ്റര്‍ ചെയ്തു.
ഇതില്‍ 13 വയസ്സുള്ള ഒരു കുട്ടിയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം നടത്തിയതായും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഈ കേസില്‍ പോക്‌സോ വകുപ്പുകള്‍ക്ക് പുറമേ ഐ.പി.സി 377ാം വകുപ്പ് അനുസരിച്ചുകൂടി കേസെടുത്തിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടികളില്‍ ഒരാള്‍ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടിയാണ്. മൊഴിയെടുത്ത കുട്ടികളില്‍ ഒരാളെ പോലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ധര്‍മ്മവൃതനെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം നടന്നുവരികയാണെന്ന് ആളൂർ എസ്.ഐ വിമല്‍ പറഞ്ഞു.
പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണ് ശിവഗിരി മഠത്തിന് കീഴിലുള്ള ഈ ആശ്രമത്തില്‍ താമസിച്ച് പഠിക്കുന്നത്. ഇത്തരത്തില്‍ പിന്നാക്കാവസ്ഥയിലുള്ള കുട്ടികളാണ് ഇപ്പോള്‍ ലൈംഗിക പീഡനത്തിന് ഇരയായത്. ഇടുക്കി പെരുവന്താനം സ്വദേശി താമരാക്ഷനാണ് ശിവഗിരി മഠത്തിലെത്തി സന്യാസം സ്വീകരിച്ച് സ്വാമി ശ്രീനാരായണ ധര്‍മ്മവൃതനായി മാറിയത്.