Fri. Nov 20th, 2026

ഓര്‍ത്തഡോക്‌സ് വൈദികരുടെ ലൈംഗിക വിവാദത്തില്‍ സഭാ വിശ്വാസികളും പരസ്യമായ പ്രതികരണവുമായി രംഗത്ത്. സംഭവം പുറത്തുവന്ന വിവാദമുണ്ടായിട്ട് നാളുകളേറെ ആയെങ്കിലും സഭക്കെതിരെ വിശ്വാസികള്‍ പ്രതികരിച്ചിരുന്നില്ല. പ്രതികളായ വൈദികരെ പൊലീസ് പിടികൂടി കുറ്റസമ്മതം നടത്തിയതിന് ശേഷമാണ് വിശ്വാസികള്‍ പരസ്യമായി സഭക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. പ്രതികളായ വൈദികര്‍ കുറ്റം സമ്മതിച്ചിട്ട് പോലും വൈദികര്‍ക്കെതിരെ സഭ ഒരു നടപടിയും സ്വീകരിക്കാത്തതാണ് വിശ്വാസികളെ പ്രകോപിതരാക്കിയിരിക്കുന്നത്.

ഓര്‍ത്തഡോക്‌സ് സഭയില്‍ സഭാ വിശ്വാസികളുടെ ആദ്യ പ്രതിഷേധം ഇന്ന് ചെന്നിത്തലയില്‍ നടന്നു. ചെന്നിത്തല സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ എത്തിയ വിശ്വാസികള്‍ ഞായറാഴ്ച കുര്‍ബാനക്ക് ശേഷം കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ചു. വ്യഭിചാരം ചെയ്തു എന്ന് കോടതിയില്‍ സമ്മതിച്ച വൈദികരുടെ വിശുദ്ധ വസ്ത്രം അഴിപ്പിച്ച് സഭ ഇവരെ പുറത്താക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു.

ലൈംഗിക വിവാദത്തില്‍പ്പെട്ട് പ്രതിസന്ധിയിലായിരിക്കുന്ന സഭക്കെതിരെ വിശ്വാസികള്‍ കൂടെ പരസ്യമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത് സഭ നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. ഫാ. ഏബ്രഹാം വര്‍ഗീസ്, ഫാ.ജെയ്‌സ് കെ. ജോര്‍ജ്, ഫാ. ജോബ് മാത്യു, ഫാ.ജോണ്‍സണ്‍ വി മാത്യു എന്നീ നാല് വൈദികരാണ് കുറ്റക്കാരായ വൈദികര്‍. മൂന്ന് വൈദികര്‍ക്കെതിരെ ബലാത്സംഗ കുറ്റവും ജോണ്‍സന്‍ വി മാത്യുവിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. കാറില്‍ വച്ച് ജോണ്‍സന്‍ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു യുവതിയുടെ മൊഴി. ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്.

ഇതില്‍ ഇടവക വികാരിയായിരുന്ന എബ്രഹാം വര്‍ഗീസ് 16 വയസ്സ് മുതല്‍ തന്നെ പീഡിപ്പിച്ചിരുന്നതായി വീട്ടമ്മ െ്രെകംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം വിവാഹശേഷം ഫാദര്‍ ജോബ് മാത്യുവിനോട് കുമ്പസരിച്ചു. ഈ വിവരം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ജോബ് മാത്യു പലവട്ടം പീഡിപ്പിച്ചു. ഒപ്പം പഠിച്ച ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിനോട് വൈദികരുടെ ചൂഷണം തുറന്നു പറഞ്ഞതായി സ്ത്രീ മൊഴി നല്‍കി.

വീടുകളിലും ആഢംബര ഹോട്ടലുകളിലും വച്ചായിരുന്നു പീഡനമെന്നും മൊഴിയിലുണ്ട്. മാനസികനില തെറ്റുമെന്ന സ്ഥിതിയായപ്പോഴാണ് ഫാദര്‍ ജെയ്‌സ് കെ ജോര്‍ജിന് മുന്നില്‍ കൗണ്‍സലിങ്ങിന് പോയത്. ഇതോടെ പീഡനവിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കൊച്ചിയിലെ ഹോട്ടലില്‍വെച്ച് ഈ വൈദികനും പീഡിപ്പിച്ചു. ഹോട്ടലിന്റെ ബില്‍ നല്‍കാന്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഏഴരപവന്‍ സ്വര്‍ണം മോഷ്ടിക്കേണ്ട ഗതികേട് വന്നെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഹോട്ടല്‍ ബില്‍ ഇമെയിലില്‍ കണ്ടതോടെയാണ് വൈദികരുടെ ചൂഷണം ഭര്‍ത്താവ് അറിഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവ് തന്നെ വീട്ടിലേക്ക് മടക്കിയയച്ചതായും യുവതി വെളിപ്പെടുത്തി.