കുപ്പായക്കാരോട് കമ്മൂണിസ്റ്റ് സർക്കാരിന് വിധേയത്വമോ? ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കുന്നത് കേരള പോലീസ് ആണെന്ന് ജലന്ധർ പോലീസ് കമ്മീഷണർ പി.കെ സിൻഹ പറയുന്നു.- കേരള പോലീസ് ഇതുവരെ പഞ്ചാബ് പോലീസിനെ വിളിച്ചിട്ടില്ല. മത നേതാക്കളുമായി ഒത്തുകളിച്ചുകൊണ്ട് പെണ്ണുപിടിയന്മാരെ കയ്യാമം വച്ച് നടത്തിക്കുമെന്ന് വീമ്പിളക്കുന്നതല്ലാതെ പിടിച്ചു കൂടെ?വെറുതെ ഡയലോഗ് കാച്ചി കള്ളക്കളി തുടരുന്നു എന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഡൽഹി സഹായ മെത്രാൻ ആയിരുന്നപ്പോഴേ ആത്മീയതയേക്കാൾ കൂടുതൽ താൽപ്പര്യം കച്ചവടത്തിൽ എന്ന് തെളിയിച്ചവ്യക്തികൂടിയാണ് ഫ്രാങ്കോ സ്വന്തമായി സ്വകാര്യ ബസ് സർവ്വീസ് വരെ തുടങ്ങിയിരുന്നു പഞ്ചാബിലെ മിക്ക രാഷ്ട്രീയക്കാരുമായും അടുപ്പമുണ്ട്.കന്യാസ്ത്രീകൾക്ക് സ്ഥലം മാറ്റം വേണമെങ്കിൽ പോലും കൂടെ കിടക്കണം.വഴങ്ങാത്തവരെ മാനസികമായി തകർക്കും. 18 കന്യാസ്ത്രീകൾ പീഡനം മടുത്ത് തിരുവസ്ത്രമൂരി. ആത്മീയ നേതാവിനേക്കാൾ ഫ്രാങ്കോ മുളയ്ക്കലിന് ചേരുക മാഫിയാ തലവനെന്ന പേര് ആയിരിക്കും അപ്പോൾ പോലീസിനും രാഷ്ട്രീയക്കാർക്കും ഈ കേസിലുള്ള പ്രത്യേക താത്പര്യം ഊഹിച്ചുക്കൂടെ ?
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ആരോപണമുന്നയിച്ച കുറവിലങ്ങാട്ടെ കന്യാസ്ത്രീയുടെ സഹോദരി മദർ സുപ്പീരിയർ സിസ്റ്റർ റെജിനയ്ക്ക് അയച്ച കത്തും പുറത്ത് വന്നിരുന്നു . മഠങ്ങളിൽ കന്യാസ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങൾ വ്യക്തമാക്കുന്നതാണ് ഇത്. കർത്താവിന്റെ മണവാട്ടിമാരാകാൻ കൊതിച്ചെത്തുന്നവർക്ക് ഒട്ടും സുഖകരമല്ല കാര്യങ്ങളെന്ന് വ്യക്തമാക്കുന്നതാണ് ആ കത്ത്. ഇതും പുറത്തായതോടെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനത്തിന്റേയും മാഫിയാ ഇടപെടലിന്റേയും രീതി വ്യക്തമായി. ബിഷപ്പിനൊപ്പമാണ് സഭാ നേതൃത്വമെന്ന് വ്യക്തമാക്കുന്നതാണ് കത്ത്.ഇതിന് ഭരണകൂടവും പോലീസും ഒത്താശ ചെയ്യുന്നത് ഒരുതരത്തിലും ന്യായീകരിക്കത്തക്കതല്ല.
‘അന്ന് എന്റെ സഹോദരി നിങ്ങളുടെമുന്നിൽ നഗ്നതാ പരിശോധനയ്ക്ക് പോലും തയ്യാറായി. ഒരു സിസ്റ്റർ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്നത് എത്ര വേദനാജനകമാണെന്ന് ഓർക്കുമല്ലോ…’ ബിഷപ്പ് ഫ്രാങ്കോയുടെ നശീകരണ നാടകത്തിലെ കളിപ്പാവയായി പ്രവർത്തിക്കുകയാണ് മദർ സുപ്പീരിയറെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. കന്യാസ്ത്രീ കൂടിയായ ഇവർ അയച്ച, കത്തിലെ വിശദാംശങ്ങൾ ഞെട്ടിക്കുന്നതാണ്.
ജലന്ധർരൂപതയ്ക്ക് കീഴിലുള്ള മിഷണറീസ് ഓഫ് ജീസസ് (എം.ജെ.) എന്ന സന്ന്യാസസഭയിൽ നിലനിൽക്കുന്ന ഗുരുതര പ്രശ്നങ്ങളും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അനാവശ്യ ഇടപെടലുകളും ചൂണ്ടിക്കാട്ടിയാണ് കത്ത്. പരസ്പരം അവിശ്വാസവും പകയും പ്രതികാരവും നിലനിൽക്കുന്ന സന്ന്യാസസഭ നാശത്തിന്റെ വക്കിലാണെന്ന് ഏപ്രിൽ ആറിന് അയച്ച കത്തിൽ സൂചിപ്പിക്കുന്നു.
മൊഴിയിൽ ഉറച്ച് കന്യാസ്ത്രീ; ബന്ധുക്കളും മറ്റു കന്യാസ്ത്രീകൾ നൽകിയ മൊഴിയും കന്യാസ്ത്രീയുടെ ആരോപണം സ്ഥിരീകരിക്കുന്നത്; മജിസ്ട്രേട്ടിന് നൽകിയ മൊഴികളിലും ക്രൂരമായ ബലാത്സംഗവും പ്രകൃതി വിരുദ്ധ പീഡനവും; തെളിവുകൾ എല്ലാം എതിരായതോടെ മെത്രാനെ അറസ്റ്റ് ചെയ്യുക മാത്രം പോംവഴിയെന്ന് ന്നിരിക്കെ കത്തോലിക്കാ മെത്രാനെ അറസ്റ്റ് ചെയ്താൽ ഉണ്ടാകുന്ന സാമൂഹിക ആഘാതം ചൂണ്ടിക്കാട്ടി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാൻ കേരളാ പോലീസ് നടത്തുന്ന കള്ളക്കളിയാണ് ജലന്ധർ പോലീസ് കമ്മീഷണർ പി.കെ സിൻഹയുടെ പ്രസ്താവനയിലൂടെ വെളിവായിരിക്കുന്നത്.
മെത്രാൻ അയച്ചിരുന്ന അശ്ലീല സന്ദേശങ്ങൾ എല്ലാം കന്യാസ്ത്രീ സേവ് ചെയ്ത് സൂക്ഷിച്ചത് മെത്രാനെതിരെ തെളിവായി മാറും; മദർ സുപ്പീരിയർ സ്ഥാനത്ത് നിന്നും നീക്കിയതിന് വ്യാജ പരാതി നൽകിയ കന്യാസ്ത്രീയോട് എന്തിന് ആശ്ലീലം പറയാൻ പോയതെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ കത്തോലിക്കാ മെത്രാൻ; ചരിത്രത്തിൽ ആദ്യമായി അറസ്റ്റിലാകുന്ന മെത്രാനാകാനുള്ള വിധി ഫ്രാങ്കോ മുളയ്ക്കലിനെ കാത്തിരിക്കുന്നോ?
ഫ്രാങ്കോയുടെ കളികൂട്ടുകാരി മദർ സുപ്പീരിയർ സിസ്റ്റർ റെജിനയ്ക്കെതിരേയാണ് ആരോപണങ്ങളേറെയും. സന്ന്യാസസഭയിൽ ദീർഘനാളായി നിലനിൽക്കുന്ന പല വിഷയങ്ങളും അക്കമിട്ട് നിരത്തുന്ന പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരിയുടെ കത്തിൽ കുറവിലങ്ങാട്ടെ കന്യാസ്ത്രീയുൾപ്പെടെയുള്ളവർക്കെതിരേ ആസൂത്രിത നീക്കമാണ് നടന്നതെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. കുറവിലങ്ങാട്ടെ കന്യാസ്ത്രീയെ മാറ്റിയശേഷം മദർ സുപ്പീരിയറായി നിയമിക്കപ്പെട്ടയാളാണ് സി. റെജിന. ഒരു ഭാര്യയെയും ഭർത്താവിനെയും സംബന്ധിക്കുന്ന ഒരു കത്തിനെക്കുറിച്ച് ഇതിൽ സൂചിപ്പിക്കുന്നുണ്ട്. അതിലെ ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ തന്റെ സഹോദരിയായ കന്യാസ്ത്രീക്ക് നഗ്നതാ പരിശോധനയ്ക്കുനിന്നു കൊടുക്കേണ്ടി വന്നതായാണ് കത്തിൽ പറയുന്നത്. ബിഷപ്പിനെതിരെ നിലപാട് എടുത്തതോടെയാണ് കന്യാസ്ത്രീയ്ക്കെതിരെ ആരോപണം ഉയർന്നത്. ഇതിലാണ് ക്രൂരമായ നടപടികൾ ഉണ്ടായത്.
‘ഇത്തരമൊരു ആരോപണം വന്നപ്പോൾ സഹോദരിയായ എന്നോട് നിങ്ങൾ എന്താണ് വിവരം തിരക്കാതിരുന്നത്? പകരം പ്രിയപ്പെട്ട യജമാനനായ ബിഷപ്പ് ഫ്രാങ്കോയെ സമീപിക്കുകയാണ് നിങ്ങൾ ചെയ്തത്. എന്റെ സഹോദരിയും ബിഷപ്പുമായി തെറ്റിയിരിക്കുകയാണെന്ന് മനസ്സിലാക്കിയതോടെയാണ് നിങ്ങൾ ഗൂഢനീക്കങ്ങൾ ആരംഭിച്ചത്. ബിഷപ്പ് നിർദേശിച്ചെന്ന് പറഞ്ഞാണ് നിങ്ങൾ തെറ്റായ തീരുമാനങ്ങൾ നടപ്പാക്കിക്കൊണ്ടിരുന്നത്’.-കത്തിൽ ആരോപിക്കുന്നു. ബിഷപ്പിനെതിരെ പരാതി കൊടുത്തിട്ടും അനങ്ങാത്തവരാണ് തന്റെ സഹോദരിയെ ക്രൂശിക്കാൻ നഗ്നതാ പ്രദർശനം ഉൾപ്പെടെ നടത്തിയതെന്ന കുറ്റപ്പെടുത്തലാണ് ഇതിലുള്ളത്. ഇതോടെ വലിയ ഗൂഢാലോചന കന്യാസ്ത്രീയ്ക്കെതിരെ ബിഷപ്പ് നടത്തിയെന്നും വ്യക്തമാവുകയാണ്. ഈ സാഹചര്യത്തിലാണ് നിയമപോരാട്ടത്തിന് തന്റെ സഹോദരി ഇറങ്ങിയതെന്ന സൂചനയാണ് ഈ കത്തിലുള്ളത്.
‘കുറവിലങ്ങാട്ടെ എന്റെ സഹോദരി കന്യാസ്ത്രീയുടെ പേരിലുള്ള ഫയൽ വീണ്ടും തുറക്കാൻ ബിഷപ്പ് നിങ്ങളെ നിർബന്ധിക്കുകയായിരുന്നു. എല്ലാത്തിലും നിങ്ങളുടെ മൗനസമ്മതമുണ്ടായിരുന്നു. ഹാൾ ടിക്കറ്റ് ലഭിച്ചതിന് ശേഷമാണ് സിസ്റ്റർ നീന റോസിനോട് പരീക്ഷയെഴുതേണ്ടെന്ന് നിങ്ങൾ നിർദേശിച്ചത്. ഇപ്പോൾ നിങ്ങൾ സിസ്റ്റർ നീനയുടെ സംരക്ഷക ചമയുന്നു. സിസ്റ്റർ അനുപമ, സിസ്റ്റർ നീന റോസ്, എന്റെ സഹോദരി എന്നിവരുടെ തിരുവസ്ത്രം ഊരിക്കുമെന്ന് ബിഷപ്പ് പലതവണ ഭീഷണിപ്പെടുത്തി. ഒരു ബിഷപ്പിന് എങ്ങനെയാണിത് പറയാൻ സാധിക്കുക? നമ്മുടെ സന്ന്യാസസഭയിൽ ചിലർക്ക് എന്ത് അധാർമികതയും കുടിലതയും ക്രമക്കേടും ചെയ്യാവുന്ന സ്ഥിതിയാണ്. നിങ്ങളുടെ തത്ത്വദീക്ഷയില്ലാത്തതും പ്രതികാരമനോഭാവത്തോടെയുള്ളതുമായ പ്രവൃത്തികൾ കാരണം ഒട്ടേറെ സിസ്റ്റർമാരുടെ ജീവന് ഭീഷണിയുണ്ട്. ദൈവവിളി കിട്ടി വീടും നാടും വിട്ട് ദൈവവേലയ്ക്കിറങ്ങിയ പലരും എങ്ങോട്ടുപോകണമെന്നറിയാതെ നിലവിളിക്കുകയാണ്.” – കത്തിൽ പറയുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യാതെ പൊലീസ് ഉരുണ്ടുകളി നടത്തുന്നതിനിടെയാണ് ഈ കത്തും പുറത്തുവന്നത്. ബിഷപ്പ് വിദേശരാജ്യങ്ങളിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ, ഇന്ത്യയിൽനിന്ന് രക്ഷപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം വ്യോമയാനമന്ത്രാലയത്തിന് കത്തു നൽകിയിട്ടുണ്ട്.
മരണഭയവും മാനഹാനിയും മൂലമാണ് ബിഷപ്പ് പീഡിപ്പിച്ച വിവരം നേരത്തേ പറയാതിരുന്നതെന്ന് മൊഴി മൊഴിയാണ് കന്യാസ്ത്രീ പൊലീസിനും മജിസ്ട്രേട്ടിനും നൽകിയിട്ടുള്ളത്. ബിഷപ് 12 തവണ പീഡിപ്പിച്ചതായിട്ടാണ് മൊഴി. ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പരാതികൾ സഭാനേതൃത്വം മുക്കിയതിന്റെ കൂടുതൽ വിവരങ്ങളും പുറത്തായിട്ടുണ്ട്. പീഡനത്തെ എതിർത്തതോടൊപ്പം സഭയുടെ വിവിധ ഘടകങ്ങളിൽ പരാതിയും നൽകിയിരുന്നതായി കന്യാസ്ത്രീ പറയുന്നു. വത്തിക്കാന് നൽകിയ പരാതിയിൽ പോലും നീതി കിട്ടിയില്ല. കഴിഞ്ഞ ജൂൺ 22 ന് വത്തിക്കാന് നൽകിയ പരാതിയുടെ പകർപ്പും പുറത്തുവന്നിട്ടുണ്ട്. കന്യാസ്ത്രീ നൽകിയ പരാതികൾ മുക്കിയ സഭാ നേതൃത്വം ബിഷപ്പിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്.ഇതിനു ഭരണകൂടം കൂട്ടുനിൽക്കരുത്.
അറസ്റ്റ് എന്തായാലും ഉണ്ടാകുമെന്ന് മനസ്സിലാക്കിയ സഭാ നേതൃത്വം ബിഷപ്പിനായി പ്രാർത്ഥിക്കണമെന്ന് വിവിധ ക്രൈസ്തവ സംഘടനകൾക്കും പള്ളികൾക്കും നിർദ്ദേശം നൽകി. ബിഷപ്പിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുമ്പോഴും അനുകൂലിക്കുന്ന നിലപാട് ആണ് സഭാനേതൃത്വം കൈക്കൊള്ളുന്നത്. സഭയുടെ അധികാരികൾക്ക് കന്യാസ്ത്രീ നൽകിയ പരാതികൾ എല്ലാം അവഗണിക്കുന്ന നിലപാടായിരുന്നു വിവിധ മതമേലധ്യക്ഷന്മാർ സ്വീകരിച്ചത്. കുറവിലങ്ങാട് ഇടവക വികാരിയും പാലാ ബിഷപ്പും ആദ്യം തന്നെ പരാതി അവഗണിച്ചിരുന്നു. കന്യാസ്ത്രീ നൽകിയ പരാതിയിൽ യാതൊരു നടപടിയും സ്വീകരിക്കാതെ മടക്കി അയയ്ക്കുകയാണ് ഉണ്ടാത്.ഇത്തരത്തിൽ ഇരയാക്കപ്പെട്ട ഒരുസ്ത്രീയോട് പോലീസും വാദിയെ പ്രതിയാക്കി മാതൃക കാണിക്കരുത്.