Fri. Mar 29th, 2024

ഫേസ് ബുക്കിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയ്ക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ കാട്ടാക്കട പൊലീസ് പിടികൂടി. വെള്ളനാട് പുനലാൽ ഷാനിമ മൻസിലിൽ സിദ്ധിഖ് (26) ആണ് പിടിയിലായത്.

റോയൽസ്, കിംഗേഴ്സ് ഗ്രൂപ്പുകളിൽ സ്ത്രീകളെ കേന്ദ്രീകരിച്ച് അവരുടെ വിവരങ്ങൾ മനസിലാക്കി അശ്ലീല സന്ദേശം അയക്കുന്ന സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സ്ത്രീകൾക്ക് ഇത്തരം ഗ്രൂപ്പുകളെ കുറിച്ച് മുന്നറിയിപ്പുകൾ നൽകാനായി എസ്.പിയുടെ പ്രത്യേക നിർദേശ പ്രകാരം ആലുവയിലെ വനിതാ പൊലീസുകാരുടെ കൂട്ടായ്മയിൽ ഫേസ്ബുക്ക് ഗ്രൂപ്പ് ആരംഭിച്ചു.

മലമൂപ്പൻ, പറമ്പിലെ കവുങ്ങ് തുടങ്ങി വ്യാജ പ്രൊഫൈലുകളിലൂടെ സിദ്ധിഖ് ഉൾപ്പെടുന്ന സംഘം കടന്നുകൂടി സ്ത്രീകളെ അവഹേളിക്കുന്ന തരത്തിൽ പോസ്റ്റിടുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തു. വനിതാ പൊലീസുകാരുടെ പരാതിയെ തുടർന്ന് വ്യാജ പ്രൊഫൈലുകളിൽ നിരീക്ഷണം ശക്തമാക്കിയ പൊലീസ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ സൈബർ സെൽ സഹായത്തോടെ ശേഖരിച്ചു. സിദ്ധിഖിന്റെ വിവരങ്ങൾ കാട്ടാക്കട പൊലീസിന് കൈമാറിയപ്പോൾ മുതൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു.

സംഘത്തിലെ മറ്റൊരു പ്രതി എബിൻ മാത്യുവിനെ കുറിച്ചും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആലുവ പൊലീസ് എത്തുന്നതോടെ പ്രതിയെ കാട്ടാക്കട പൊലീസ് കൈമാറും. കൂടുതൽ അന്വേഷണം ആലുവ പൊലീസിന്റെ നേതൃത്വത്തിൽനടക്കും.