നടി നിഷാ സാരംഗിന് പിന്നാലെ ഉപ്പും മുളകും സീരിയലിന്‍റെ സംവിധായകന്‍ ആർ.ഉണ്ണികൃഷ്ണനെതിരെ ആരോപണങ്ങളുമായി നടി രചന നാരായണൻകുട്ടിയും രംഗത്തെത്തി. ‘ഞാൻ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് ചില ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടു സീരിയലിന്റെ അടുത്ത ഷെഡ്യൂള്‍ തൊട്ടു വരേണ്ടെന്നു വിളിച്ചുപറഞ്ഞു. എന്നെയും വിനോദ് കോവൂരിനെയും അങ്ങനെയാണു പുറത്താക്കിയത്. അത് ഭയങ്കര വിഷമം ഉണ്ടാക്കി’– രചന പറഞ്ഞു.
അതിനിടെ നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. സംവിധായകന്റെ പീഡനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ നിഷ സാരംഗിന് ‘അമ്മ’യുടെ പൂര്‍ണപിന്തുണയുണ്ട്. സംഭവം അറിഞ്ഞപ്പോള്‍ തന്നെ നിഷയെ വിളിച്ചിരുന്നു. അമ്മ അംഗങ്ങള്‍ക്കു വേണ്ടിയാണ് വിളിച്ചുസംസാരിച്ചത്. എല്ലാവരുടെയും പിന്തുണ നിഷയ്ക്കുണ്ടെന്നും രചന വ്യക്തമാക്കി.
ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ തുടർന്ന് അഭിനയിക്കില്ലെന്നും നിഷ പറഞ്ഞിരുന്നു. സംഭവം വലിയ ചർച്ചയാവുകയും ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടന ‘ആത്മ’, സിനിമ അഭിനേതാക്കളുടെ സംഘടന ‘അമ്മ’ തുടങ്ങിയവരും വ്യക്തികളും നിഷയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.തന്നോട് മോശമായി പെരുമാറിയ സംവിധായകനൊപ്പം സഹകരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നടി നിഷാ സാരംഗ്.
ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന ഉപ്പും മുളകും പരമ്പരയിലെ നായികയായ നിഷയെ അനുവാദമില്ലാതെ അമേരിക്കന്‍ ഷോയ്ക്ക് പോയെന്നു പറഞ്ഞാണ് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ പുറത്താക്കിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സംവിധായകനെ പരിപാടിയുടെ ചുമതലയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കത്തിലാണ് ചാനല്‍ അധികൃതരെന്നാണ് വിവരം.
എന്നാല്‍ ചാനല്‍ പുറത്തിറക്കിയ ഫേസ്ബുക്ക് പ്രസ്താവനയില്‍ കുറ്റാരോപിതനായ സംവിധായകനെതിരെ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. സംവിധായകനെ മാറ്റുമെന്നും പരമ്പരയില്‍ നീലുവായി നിഷ തന്നെ തുടരുമെന്നുമാണ് ചാനല്‍ താരത്തോട് അറിയിച്ചത്.
എന്നാല്‍, അത് വാക്കാല്‍ പറഞ്ഞാല്‍ പോരെന്നും എഴുതി നല്‍കണമെന്നും നിഷ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവരോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അത്തരമൊരു ഉറപ്പ് ലഭിക്കാതെ പരമ്പരയിലേക്ക് താനില്ലെന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും ഒരു കോംപ്രമൈസിനും താത്പര്യമില്ലെന്നും നിഷ ചാനല്‍ ഉടമസ്ഥരെ അറിയിച്ചിട്ടുണ്ട്.