തായ്ലന്ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീം അംഗങ്ങളില്‍ എട്ടു കുട്ടികളെ പുറത്തെത്തിച്ചു. രണ്ടാം ദിനത്തിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ മണിക്കൂറുകളിലാണ് എട്ടാമത്തെ കുട്ടിയേയും പുറത്തെത്തിച്ചിരിക്കുന്നത്. രക്ഷപ്പെടുത്തിയ കുട്ടികളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കിയതായി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇനി നാലു കുട്ടികളും പരിശീലകനും മാത്രമാണ് ഗുഹയില്‍ ശേഷിക്കുന്നത്. ഇവരില്‍ ചിലരെ ചേംബര്‍-3 എന്നറിയപ്പെടുന്ന സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായാണു വിവരം. ഇവിടെ നിന്നു രണ്ടു കിലോമീറ്റര്‍ മാത്രമാണ് ഗുഹാമുഖത്തേക്കുള്ളത്.
എന്നാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ഏകദേശം 20 മണിക്കൂറോളം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തെത്തിച്ച നാലു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് തായ് അധികൃതര്‍ വ്യക്തമാക്കി. അണുബാധ ഉണ്ടാകാതിരിക്കാനായി ചിയാങ് റായ് ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ജൂൺ 23-നാണ് 16 വയസ്സിൽ താഴെയുള്ളവരുടെ ഫുട്ബോൾ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേർ കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഗുഹയിൽ കുടുങ്ങിയത്. ഞായറാഴ്ചയാണ് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചത്. ആദ്യ ശ്രമത്തിൽ നാല് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.
രക്ഷാപ്രവർത്തനം പൂർത്തിയാകാൻ രണ്ടോ മൂന്നോ ദിവസം കൂടിയെടുക്കുമെന്ന് ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്ന തായ് നാവികസേന വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ തായ്ലാൻഡ് സമയം 11 മണിയോടെയാണ് രണ്ടാം ദിവസത്തെ രക്ഷാദൗത്യമാരംഭിച്ചത്. 13 വിദേശ സ്കൂബാ ഡൈവിങ് വിദഗ്ധരും അഞ്ച് തായ്ലാൻഡ് നാവികസേനാംഗങ്ങളുമടക്കമുള്ള 18 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.