ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീട് ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധക്കാരുടെ ആത്മഹത്യാ ശ്രമം. പ്രീത ഷാജിയും കുടുംബവും നേരത്തെ ആത്മഹത്യാ ഭീഷണി ഉയർത്തിരുന്നു. ജപ്തി നടപടിയ്ക്കായി ആദ്യം പൊലീസിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായപ്പോൾ ജപ്തി നേരിടുന്ന കുടുംബത്തിന് പിന്തുണയുമായെത്തിയ നാലുപേർ ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചത് ആശങ്കയ്ക്കിടയാക്കി. വൻ പൊലീസ് സന്നാഹത്തേയും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരേയും കണ്ട് ഭയന്നാണ് സമരക്കാരിൽ ചിലർ ശരീരത്തിൽ തീകൊളുത്തിയത്. തക്കസമയത്ത് ഫയർ ഫോഴ്സ് ഇടപെട്ട് തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.
കടുത്ത പ്രതിഷേധത്തെ തുടർന്ന് പൊലീസിനേയും ഫയർഫോഴ്സിനേയും കളക്ടർ തിരികെ വിളിച്ചതോടെ സംഘർഷത്തിന് നേരിയ അയവ് വന്നിട്ടുണ്ട്. ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്മാറി. സ്ഥലത്ത് ഇപ്പോഴും വൻ സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്. സർഫാസി ബാങ്ക് ജപ്തി വിരുദ്ധ സമരസമിതി പ്രവർത്തകരുടേയും നാട്ടുകാരുടേയും നേതൃത്വത്തിലാണ് വീടിന് മുമ്പിൽ പുലർച്ചെ മുതൽ പ്രതിഷേധ സമരം ആരംഭിച്ചത്. ഇപ്പോഴും സ്ഥലത്ത് കുടിയൊഴിപ്പിക്കലിനെതിരെ ജനകീയ പ്രതിഷേധം തുടരുകയാണ്. സമരക്കാർ നിരവധി പേർ പെട്രോൾ കുപ്പികളുമായാണ് വീടിന് മുന്നിൽ മുദ്രാവാക്യം മുഴക്കുന്നത്.
എടുക്കാത്ത വായ്പയുടെ പേരിൽ 24 വർഷമായി ബാങ്കിനാൽ വേട്ടയാടപ്പെട്ട് ദുരിത ജീവിതം നയിക്കേണ്ടി വന്ന പ്രീത ഷാജി എന്ന വീട്ടമ്മയും കുടുംബവും ഒരു വർഷമായി വീടിന് മുന്നിൽ ചിതയൊരുക്കി പ്രതിഷേധ സമരം നടത്തി വരുന്നതിനിടെയാണ് കോടതി ഉത്തരവ്. ഇന്ന് രാവിലെ എട്ടരയ്ക്കകം വീട് ഒഴിപ്പിച്ച് ഉച്ചയ്ക്ക് മുമ്പായി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശമുണ്ടായിരുന്നു. 24 വർഷം മുമ്പ് പ്രീതയുടെ ഭർത്താവ് ഷാജി അകന്ന ബന്ധുവായ സാജന് വേണ്ടി വായ്പയെടുക്കാൻ ജാമ്യം നിന്നിരുന്നു. ആലുവ ലോർഡ് കൃഷ്ണ ബാങ്കിൽ 22.5 സെന്റ് കിടപ്പാടം ഈട് നൽകുകയും ചെയ്തു. എന്നാൽ, ബാങ്കിൽ സാജൻ തിരിച്ചടവ് മുടക്കിയതോടെ വൻതുക കുടിശ്ശിക വന്നു. തുടർന്ന് ഒരു ലക്ഷം രൂപ തിരിച്ചടക്കാൻ ഷാജി തയാറായെങ്കിലും തകർന്ന ലോർഡ് കൃഷ്ണ ബാങ്കിനെ ഏറ്റെടുത്ത എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതർ വൻ തുക ആവശ്യപ്പെട്ട് ഷാജിയെ തിരിച്ചയച്ചു. രണ്ട് ലക്ഷം രൂപയുടെ വായ്പ 2.30 കോടി രൂപയായെന്നാണ് സ്വകാര്യ ബാങ്ക് പറയുന്നത്. ഒന്നര ലക്ഷം രൂപ പലപ്പോഴായി തിരിച്ചടച്ചിട്ടും രണ്ട് കോടിയിലധികം വരുന്ന ഊതി വീർപ്പിച്ച കണക്കുകാട്ടി ഒരറിയിപ്പുമില്ലാതെയാണ് ഇവരുടെ വസ്തു ബാങ്ക് ലേലത്തിൽ വിറ്റത്. രണ്ട് കോടിയിലധികം രൂപ വിലവരുന്ന വസ്തു കേവലം 38 ലക്ഷം രൂപക്കാണ് റിയൽ എസ്റ്റേറ്റ് സംഘത്തിന് വിറ്റത്.
സർഫാസി നിയമത്തിന്റെ മറവിൽ കുടിയിറക്കാനുളള നീക്കത്തിനെതിരെ നിരവധി തവണ ജനകീയ സമരം നടന്നു. കുടിയൊഴിപ്പിക്കില്ലെന്ന സർക്കാർ ഉറപ്പിനെത്തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ പ്രീത ഷാജി നിരാഹാര സമരം അവസാനിപ്പിച്ചത്. തുടർന്ന്, സ്ഥലം വാങ്ങിയ ആലങ്ങാട് സ്വദേശി എൻ.എൻ രതീഷ് ഒഴിപ്പിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയെത്തുടർന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒഴിപ്പിക്കുമ്പോൾ പ്രശ്ന സാദ്ധ്യതയുണ്ടെന്നും അതിനാൽ രണ്ടാഴ്ച കൂടി അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അനുവദിച്ചിരുന്നില്ല.