തന്നോട് മോശമായി പെരുമാറിയ സംവിധായകനൊപ്പം സഹകരിക്കാനില്ലെന്ന് ഉറച്ച് നടി നിഷാ സാരംഗ്. സ്വകാര്യ ചാനലിലെ ഉപ്പും മുളകും പരമ്പരയിലെ നായികയായ നിഷയെ അനുവാദമില്ലാതെ അമേരിക്കൻ ഷോയ്ക്ക് പോയെന്നു പറഞ്ഞാണ് സംവിധായകൻ പുറത്താക്കിയത്. എന്നാൽ, തന്നോട് മോശമായി പെരുമാറിയ സംവിധായകനോട് പ്രതികരിച്ചതാണ് പുറത്താക്കലിനു പിന്നിലെന്ന് നിഷ വെളിപ്പെടുത്തിയിരുന്നു. ഇതോടെ സംഭവം വിവാദമാവുകയും ചെയ്തു.
ഫ്ളവേഴ്സ് ചാനൽ പുറത്തിറക്കിയ ഫേസ്ബുക്ക് പ്രസ്താവനയിൽ കുറ്റാരോപിതനായ സംവിധായകനെതിരെ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. സംവിധായകനെ മാറ്റുമെന്നും പരമ്പരയിൽ നീലുവായി നിഷ തന്നെ തുടരുമെന്നുമാണ് ചാനൽ താരത്തോട് അറിയിച്ചത്. എന്നാൽ, അത് വാക്കാൽ പറഞ്ഞാൽ പോരെന്നും എഴുതി നൽകണമെന്നും നിഷ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവരോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
അത്തരമൊരു ഉറപ്പ് ലഭിക്കാതെ പരമ്പരയിലേക്ക് താനില്ലെന്ന നിലപാടിൽ ഒരു മാറ്റവുമില്ലെന്നും ഒരു കോംപ്രമൈസിനും താത്പര്യമില്ലെന്നും നിഷ ചാനൽ ഉടമസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഇവരുടെ അടുത്ത സുഹൃത്തുക്കൾ സ്ഥിരീകരിക്കുകയും ചെയ്തു. നിലവിൽ നിഷ മൂകാബിംക ദർശനത്തിനു പോയിരിക്കുകയാണ്. ചാനലിൽ നിന്ന് അനുകൂല നിലപാടുണ്ടായാൽ മൂന്നു ദിവസത്തിനകം ഇവർ കൊച്ചിയിലെ ലൊക്കേഷനിൽ ജോയിൻ ചെയ്യുമെന്നും അറിയുന്നു.
ശനിയാഴ്ച രാത്രി ഒരു ചാനൽ അഭിമുഖത്തിലാണ് നിഷ തന്നെ പരമ്പരയിൽ നിന്ന് പുറത്താക്കിയ വിവരം അറിയിച്ചത്. സംവിധായകന്റെ മോശം പെരുമാറ്റത്തിനെതിരെ പ്രതികരിച്ചതിനാണ് തന്നോട് ഇത്തരമൊരു പ്രതികാര നടപടി സ്വീകരിച്ചതെന്നു പറഞ്ഞ നിഷ അഭിമുഖത്തിനിടെ പലതവണ പൊട്ടിക്കരയുകയും ചെയ്തു. തന്നോട് സംവിധായകൻ മോശമായി പെരുമാറുന്ന കാര്യം പരമ്പരയിലെ നായകനായ ബിജു സോപാനം അടക്കമുള്ള സഹതാരങ്ങൾക്കറിയാം. ബിജു സോപാനം പലതവണ ഇത് സംവിധായകനോട് ചോദിച്ചിട്ടുണ്ട്. എന്നിട്ടും കാര്യമൊന്നും ഉണ്ടായിട്ടില്ലെന്നും നിഷ പറയുന്നു. ഇതോടെ വിവാദം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. നിലവിലെ പരമ്പരകളിൽ ഏറ്റവും റേറ്റിംഗുള്ളതാണ് സ്വകാര്യ ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന ഉപ്പും മുളകും.