കരിന്തണ്ടന്‍ മൂപ്പന്റെ ചരിത്രം സിനിമയാകുന്നു; ആദിവാസി സംവിധായിക ലീല സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരിന്തണ്ടനാകുന്നത് വിനായകന്‍
താമരശ്ശേരി ചുരം പാത കണ്ടെത്തിയ കരിന്തണ്ടന്‍ മൂപ്പന്റെ ചരിത്രം സിനിമയാകുന്നു. ആദിവാസി സംവിധായിക ലീല സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരിന്തണ്ടന്റെ വേഷത്തിലെത്തുന്നത് വിനായകനാണ്. കരിന്തണ്ടന്‍ എന്ന് തന്നെയാണ് ചിത്രത്തിന്റെ പേര്. ഗീതു മോഹന്‍ദാസാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കിയത്. കലക്ടീവ് ഫേസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
1750 മുതല്‍ 1799 വരെയുള്ള കാലഘട്ടത്തിലാണ് കരിന്തണ്ടന്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്. കരിന്തണ്ടനെക്കുറിച്ച് ആധികാരികമായി പറയാന്‍ ഇന്നും എഴുതപ്പെട്ട ചരിത്രമോ രേഖകളോ ഇല്ല. വയനാടന്‍ അടിവാത്തുള്ള ചിപ്പിലിത്തോട് ഭാഗത്ത് പണിയയെന്ന ആദിവാസി വിഭാഗത്തിന്റെ മൂപ്പനായിരുന്നു കരിന്തണ്ടന്‍.

പൊന്നും മണ്ണും ഏലവും കുരുമുളകും തേയിലയും എല്ലാം തേടി ബ്രിട്ടീഷുകാര്‍ കോഴിക്കോടുമെത്തി. താമരശ്ശേരി അടിവാരം വരെ എത്തിയ ബ്രിട്ടീഷുകാര്‍ക്ക് അവിടെ ഉയര്‍ന്നു നില്‍ക്കുന്ന മല നിരകള്‍ അവരുടെ മുന്നോട്ടുള്ള പ്രയാണത്തെ തടഞ്ഞു. മല കയറിയാല്‍ വയനാട്ടിലെ സുഗന്ധദ്രവ്യങ്ങള്‍ എളുപ്പത്തില്‍ കൈക്കലാക്കാമെന്ന് മനസിലായ അവര്‍ അതിനുള്ള വഴികള്‍ ആരാഞ്ഞു. ശ്രീരംഗപട്ടണത്തെ ടിപ്പുവിന്റെ സാമ്രാജ്യം കീഴടക്കാനുള്ള മാര്‍ഗ്ഗമായാണ് അവര്‍ ഈ പാതയെ നോക്കിക്കണ്ടത്. പക്ഷേ അതൊരു സ്വപ്‌നമായി തന്നെ അവശേഷിച്ചു. പാതക്ക് വേണ്ടി ഇറങ്ങിത്തിരിച്ച പല ഇംഗ്ലീഷുകാരും വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി.
അടിവാരത്ത് ആടുമേച്ചു നടന്നിരുന്ന ആജാനുബാഹുവായ കരിന്തണ്ടനാണ് അവര്‍ക്ക് ആ വഴി തുറന്നുകൊടുത്തത്. കാടിന്റെ മുക്കും മൂലയും അറിയാമായിരുന്ന കരിന്തണ്ടന്റെ സഹായത്തോടെ ഇംഗ്ലണ്ടില്‍ നിന്നെത്തിയ എഞ്ചിനീയറുടെ നേതൃത്വത്തില്‍ അടിവാരത്തില്‍ നിന്നും ലക്കിടിയിലേക്കുള്ള ആ എളുപ്പവഴി കണ്ടെത്തി. ഈ പാത കരിന്തണ്ടന്‍ മറ്റാര്‍ക്കെങ്കിലും കാട്ടിക്കൊടുത്താലോ എന്ന് ചിന്തിച്ച ബ്രിട്ടീഷുകാര്‍ കരിന്തണ്ടനെ ചതിയിലൂടെ കൊലപ്പെടുത്തി. വായ്‌മൊഴിയായി പറയപ്പെടുന്ന ഈ ചരിത്രം ആധികാരികമല്ലെങ്കിലും ചങ്ങലമരവും അതിലുറങ്ങുന്ന കരിന്തണ്ടന്റെ ആത്മാവും വയനാട് ചുരത്തിലിപ്പോഴും കാണാം.
കേരളത്തിൽ നിന്നുള്ള ആദിവാസി വിഭാഗത്തിലെ ആദ്യ സംവിധായിക ലീല സന്തോഷ് പുതിയ ചിത്രത്തിന്റെ തിരക്കിലാണ്. വായനാട്ടിലേക്കുള്ള താമരശ്ശേരി ചുരം കണ്ടെത്തിയ കരിന്തണ്ടന്റെ യഥാര്‍ത്ഥ കഥ പറയുന്ന മുഴുനീള ചിത്രം ചെയ്യാന്‍പോകുന്നതിന്റ തിരക്കിലാണ് ലീല സന്തോഷ്. “ചരിത്രത്തിലെ കരിന്തണ്ടന്റെ ആത്മാവിനെ തളച്ചിരിക്കുന്നത് ആണിയിലല്ല, വലിയ ചങ്ങലകളിലാണ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നപ്പോള്‍ കരിന്തണ്ടന്‍ ആരായിരുന്നു എന്ന് പറയുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം”.

തിരക്കഥ എഴുത്താണ് സിനിമയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി എന്ന് ലീല സന്തോഷ് പറയുന്നു. “കിട്ടുന്ന സമയമെല്ലാം വായനക്കായി മാറ്റി വെച്ചത് കൂടുതല്‍ പ്രയോജനം ചെയ്തു. മലയാളത്തിലെ നിരവധി തിരക്കഥകള്‍ വായിച്ചതിനൊപ്പം കനവിന്റെ ലൈബ്രറിയും നന്നായി പ്രയോജനപ്പെടുത്തി.
നേരത്തേ കുറച്ചു സിനിമയെ ക്കുറിച്ചുള്ള വര്‍ക്ക്‌ഷോപ്പുകളില്‍ കൂടി പങ്കെടുത്തതോടെ തിരക്കഥ എഴുത്തും ഇപ്പോള്‍ വലിയ ബുദ്ധിമുട്ടായി തോന്നുന്നില്ല. ഞാന്‍ തന്നെ സ്‌ക്രിപ്റ്റ് എഴുതിയ അവിഹിതരായ ആദിവാസി അമ്മമാരെക്കുറിച്ച് പറയുന്ന കഥയായ ‘ചീരു’വിന്റെ വര്‍ക്കിനിടക്കാണ് സിനിമ പഠിപ്പിനൊപ്പം ജീവിതവും പഠിച്ചത്.എന്ന് ലീല പറയുന്നു.
അതേസമയം ഞാന്‍ ഒരു ആദിവാസിയായതിനാല്‍ പുറത്തു നിന്ന് ഒരുപാട് സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നതും എന്നെ തളര്‍ത്തിയിട്ടുണ്ട്.എവിടെ ചെന്നാലും മുൻവിധിയോടെ ഒന്നുമറിയില്ലാത്തവരോട് സംസാരിക്കുന്നത് പോലെ പെരുമാറിയപ്പോള്‍ മനസ് തളര്‍ന്നുപോയി. അത്തരം സെന്റിമെന്‍സിനോട് താല്‍പ്പര്യം ഇല്ലാത്തയാളാണ് ഞാന്‍. എനിക്ക് കുറച്ചെങ്കിലും ചെയ്യാന്‍ കഴിവുണ്ട് എന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ ഇതിന് ഇറങ്ങിത്തിരിച്ചത്” – ലീല സന്തോഷ് പറയുന്നു.

ഇന്ത്യയില്‍ ദളിത് വിഭാഗങ്ങളില്‍ പെട്ട നിരവധി പേര്‍ സിനിമാ സംവിധായകരായി രംഗത്തുണ്ടെങ്കിലും ആദിവാസികളുടെ അവസ്ഥ അവര്‍ക്കുള്ളില്‍ നിന്ന് പറയാന്‍ ഒരാള്‍ പോലും ഇല്ലാതിരിക്കുന്ന അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് ലീല സന്തോഷിന്റെ വരവ്. ആദിവാസികളുടെ യഥാര്‍ത്ഥ ചിത്രം എന്താണെന്ന് ലോകത്തോട് വിളിച്ചുപറയാന്‍ സനിമയിലൂടെ തനിക്ക് കഴിയുമെന്ന് ലീല ഉറച്ച് വിശ്വസിക്കുന്നുണ്ട്.
“ഊര് ജീവിതങ്ങളുടെ മദ്യപാനം, ദാരിദ്ര്യം പോലുള്ള ദൈന്യത മാത്രമെ പുറം ലോകം കാണുന്നുള്ളൂ. എന്നാല്‍ എന്തുകൊണ്ട് ഞങ്ങള്‍ അങ്ങനെയായി എന്ന് ആരും അന്വേഷിക്കുന്നുമില്ല. പറയാന്‍ ശ്രമിക്കുന്നുമില്ല”. അത് തനിക്ക് പറയാന്‍ കഴിയുമെന്നും ലീല പറയുന്നു..
സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നെങ്കിലും പണിയ വിഭാഗത്തിന്റെ ആഘോഷങ്ങളേയും ആചാരാനുഷ്ടാനങ്ങളേയും പ്രതിപാദിക്കുന്ന ‘നിഴലുകള്‍ നഷടപ്പെടുന്ന ഗോത്ര ഭൂമി’ എന്ന ഡോക്യുമെന്ററിക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയിലെ വിവിധ ചലച്ചിത്ര മേളകളില്‍ ഈ ഡോക്യുമെന്റെറി പ്രദര്‍ശിപ്പിക്കുകയുണ്ടായി.
അതോടെ സിനിമ മേഖലയിലടക്കം നിരവധി ബന്ധങ്ങളും കിട്ടിയത് മുന്‍പോട്ടുള്ള പ്രയാണത്തിന് ലീലക്ക് കുടുതല്‍ സഹായകമായി. തുടര്‍ന്നാണ് സുഹൃത്തും സംവിധായകനുമായ സിജുവിനോടൊപ്പം ‘നാളെ’ എന്ന സിനിമയില്‍ സഹസംവിധായികയായത്. ഒരു സംവിധായിക എങ്ങനെയായിരിക്കണം എന്നതില്‍ നിരന്തരമായ നിരീക്ഷണത്തിലൂടെ ഓരോ വര്‍ക്ക് കഴിയുന്തോറും കൂടുതല്‍ മികവ് പുലര്‍ത്താന്‍ ലീല ശ്രമിക്കുന്നുണ്ട്.
കെജെ ബേബിക്കൊപ്പം ‘ഗുഡ’ എന്ന ഡോക്യുമെന്റെറിയില്‍ സഹസംവിധായികയാണ് ലീല സന്തോഷിന്റെ സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പ്. കൂടാരം എന്നര്‍ത്ഥം വരുന്ന ഗൂഡ എന്ന ഈ ഡോക്യുമെന്ററിയില്‍ ഋതുമതിയാവുന്ന പെണ്‍കുട്ടികളെ മറ്റൊരു കുടിലിലേക്ക് മാറ്റി പാര്‍പ്പിക്കുന്ന ഒരു ആചാരം കാണിക്കുന്നുണ്ട്. അങ്ങനെ മാറ്റി പാര്‍പ്പിച്ച ഒരു പെണ്‍കുട്ടി ഒരു വര്‍ഷത്തോളം ഒരു കുടിലില്‍ ഒറ്റപ്പെട്ടു പോകുന്നു. ഗൂഡക്ക് വന്‍ പ്രോത്സാഹ്നമാണ് ലഭിച്ചത്. അതോടെ ലീല സന്തോഷ് ചുവടുറപ്പിച്ചു. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിനിമയുമായി ബന്ധപ്പെട്ട നിരവധി വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയത് മറ്റൊരു വഴിത്തിരിവായിരുന്നു. പ്രധാനമായും തിരുവനന്തപുരത്ത് നടന്ന ഫിലിം ആന്‍ഡ് ഫീമെയില്‍ വര്‍ക്ക് ഷോപ്പില്‍ ടെക്‌നിക്കല്‍ മേഖലയില്‍ കിട്ടിയ അറിവ് വലുതായിരുന്നു. അത് കൂടുതല്‍ ധൈര്യം പകര്‍ന്നു. സ്വന്തമായി ഒരു സിനിമ ചെയ്യാം എന്ന ആത്മവിശ്വാസം ആര്‍ജ്ജിച്ചെടുത്തത് അങ്ങനെയാണ്’ ലീല പറയുന്നു.
നടവയലിലെ കനവിനോട് ചേര്‍ന്നുള്ള വീട്ടില്‍ കളരിയധ്യാപകനായ ഭര്‍ത്താവ് സന്തോഷിനേടും മക്കളായ സത്‌ലജ്, സാത്വിക, സിദ്ധാര്‍ത്ഥ് എന്നിവരോടൊപ്പം ജീവിക്കുന്ന ലീല സന്തോഷ് “കരിന്തണ്ട”നിലൂടെ സിനിമയുടെ ഉയരങ്ങള്‍ കീഴടക്കാന്‍ തയ്യാറെടുക്കുകയാണ്.വയനാട്ടിലേക്ക് ചുരം കണ്ടെത്തിയ കരിന്തണ്ടനെപ്പോലെ അദ്ദേഹത്തിന്റെ പിന്മുറക്കാരിയെന്ന അൽപ്പം അഹങ്കാരത്തോടെ തന്നെ…
എന്തും സ്വായത്തമാക്കാനും നേരിടാനും പഠിപ്പിച്ചത് കനവിലെ ജീവിതമാണ്. സംവിധായകന്‍ കൂടിയായ കെജെ ബേബിയുടെ ശിക്ഷണത്തില്‍ നിന്നുമാണ് ആദ്യമായി സിനിമയെക്കുറിച്ച് കേള്‍ക്കുന്നത് പോലും. കനവിലെത്തിയതിന് ശേഷം സിനിമ മുടങ്ങാതെ കണ്ടിരുന്നു. എന്നാല്‍ എല്ലാവരും സിനിമ കണ്ട് അടുത്ത സിനിമ കാണാന്‍ തയ്യാറെടുക്കുമ്പോള്‍ ഞാന്‍ കണ്ട സിനിമയുടെ നിരൂപണം എഴുതാന്‍ സമയം കണ്ടെത്തുമായിരുന്നു. അത് എന്നെ കൂടുതല്‍ സിനിമയിലേക്ക് അടുപ്പിച്ചു. സിനിമക്കൊപ്പം സംഗീതവും കരാട്ടെയുമെല്ലാം കനവില്‍ നിന്ന് പഠിച്ചു”.
“കനവിലെ ജീവിതം വലിയ സ്വാധീനവും മാറ്റങ്ങളുമാണ് ജീവിതത്തില്‍ ഉണ്ടാക്കിയത്. എന്നെപ്പോലൊരു ആദിവാസി സ്ത്രീയെ ഇത്തരത്തിലുള്ള ജീവിതത്തിലേക്ക് എത്തിച്ചത് ഈ കനവിലെ ജീവിതമാണ്. ഇവിടുന്നാണ് സിനിമ എന്താണെന്ന്, അല്ല ക്ഷമിക്കണം, ജീവിതമെന്താണെന്ന് പഠിച്ചത്. അഭിനയത്തില്‍ താല്‍പര്യം ഉണ്ടായിരുന്നെങ്കിലും എന്റെ റോള്‍ ക്യാമറക്ക് മുന്നിലേക്കാള്‍ പിന്നിലാണെന്ന് മനസിലാക്കിയതാണ് ആദ്യ വിജയം” എന്ന് ഒന്നുമല്ലാതായി പോകുമായിരുന്ന തന്റെ ജീവിതത്തെ ഇന്നത്തെ താനാക്കി മാറ്റിയ വയനാട് നടവയലിലെ ‘കനവി’ന്റെ തിണ്ണയിലിരുന്ന്.കരിന്തണ്ടനു പുനർജനമം നല്കിക്കൊണ്ടിരിക്കുന്നതിനിടയിൽ ലീല പറഞ്ഞു.