Mon. Nov 23rd, 2026

യേശുക്രിസ്തു കാണിച്ചുകൊടുത്ത സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പേരുപറഞ്ഞു പൗരോഹിത്യം നടത്തുന്ന ചൂഷണത്തിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തിലൂടെ വ്യക്തമാകുന്നത്. ബിഷപ്പ് പോലെ സഭയുടെ പരമോന്നത സ്ഥാനത്ത് നില്‍ക്കുന്നവര്‍ ദൈവത്തിന്റെ മണവാട്ടികളായി കരുതപ്പെടുന്ന കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന് പറയുമ്പോള്‍ ക്രൈസ്തവ സഭയെ ബാധിച്ച ജീര്‍ണത എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാണ്.

രണ്ടുവര്‍ഷത്തിലേറെയായി കുറുവിലങ്ങാട്ടുള്ള ഗസ്റ്റ്ഹൗസില്‍ പലതവണ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് കന്യാസ്ത്രീ രേഖാമൂലം സഭാനേതൃത്വത്തിന് പരാതി നല്‍കിയിട്ടും കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുന്ന നിലപാടാണ് സഭാ നേതൃത്വം സ്വീകരിച്ചത്. പീഡനത്തിനെതിരെ കന്യാസ്ത്രീ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ തയാറായില്ല. ഇതുസംബന്ധിച്ച് അന്വേഷണം സഭാതലത്തില്‍ നടക്കമ്പോള്‍ തന്നെ സംഭവം ഇരുചെവിയറിയാതെ ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചത്.

അന്വേഷണത്തിന് ആലഞ്ചേരി തന്നെ കുറുവിലങ്ങാട് എത്തിയിരുന്നു. എന്നാല്‍ ബിഷപ്പിനെതിരെ നടപടിയുണ്ടായില്ല. ഓര്‍ത്തഡോക്‌സ് സഭയില്‍ അഞ്ച് വികാരിമാര്‍ വീട്ടമ്മയെ കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് പറഞ്ഞ് പീഡിപ്പിച്ച സംഭവം പുറത്തായതിന് തൊട്ടു പിന്നാലെയാണ് കുറുവിലങ്ങാട് നടന്ന ബലാത്സംഗവും വെളിച്ചത്തായത്.

കുമ്പസാര രഹസ്യമുപയോഗിച്ച് ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച വിവാദം ക്രൈസ്തവ സഭയെ ആകമാനം പിടിച്ചുലച്ചിരിക്കുകയാണ്. തന്റെ ഭാര്യയെ സഭയിലെ അഞ്ച് വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതി വിശ്വാസിയായ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയിട്ടും നടപടിയുണ്ടാകാത്തത് വന്‍ വിവാദമായിരിക്കുകയാണ്. പരാതിയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ നില്‍ക്കക്കള്ളിയില്ലാതെ സഭ ഒരു കമ്മിഷനെ വച്ച് അന്വേഷണം ആരംഭിച്ചെങ്കിലും ഇതിനിടയില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സംസ്ഥാന ഡിജിപിക്ക് പരാതി കൊടുത്തതോടെ ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചു.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മാത്രം കേട്ടിരുന്ന ലൈംഗിക പീഡനക്കഥകള്‍ ഒടുവിലും കേരളത്തിലുമെത്തി. പള്ളിമേടകള്‍ മുല്‍ കുമ്പസാര കൂടുകള്‍ വരെ പെണ്‍കുട്ടികളും വീട്ടമ്മമാരും ക്രൈസ്തവ പുരോഹിതന്‍മാരുടെ പീഡനത്തിന് ഇരയാകുന്ന സംഭവങ്ങള്‍ കേരളത്തിലെ മാധ്യമങ്ങളില്‍ ഇപ്പോള്‍ നിത്യ വാര്‍ത്തയാണ്.

കുമ്പസാര രഹസ്യമുപയോഗിച്ച് കത്തോലിക്കാ വൈദികര്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് മുന്‍ വൈദികന്‍ കെ.പി. ഷിബു ‘എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത്’ എന്ന പുസ്തകത്തില്‍ വൈദികര്‍ സ്ത്രീകളെ ഇരയാക്കുന്ന കാര്യം വിശദമായി എഴുതിയിട്ടുണ്ട്. 18 വര്‍ഷം നീണ്ട പൗരോഹിത്യ ജീവിതത്തില്‍ ഒരുലക്ഷത്തിലധികം പേരുടെ കുമ്പസാരം കേട്ടിട്ടുണ്ടെന്നാണ് ഷിബു എഴുതിയിരിക്കുന്നത്. ‘ഒരു പെന്തക്കോസ്ത് വൈദികന്‍ തന്റെ സഭയുടെ കെട്ടുറപ്പിനു വേണ്ടി സഭയില്‍ നിന്നും പുറത്തുകടക്കാനൊരുങ്ങിയ പെണ്‍കുട്ടിയെ കൊല്ലുകയും അത് നേരിട്ടറിയുകയും അതിന് സാക്ഷിയാവുകയും ചെയ്ത ഒരു ചേച്ചി എന്നോട് കുമ്പസാരത്തില്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. അതിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ സാധിക്കാതെ പോയത്. ഇന്നും എന്റെ മനസിലെ വിങ്ങുന്ന വേദനയാണ്.” എന്ന് ഷിബു എഴുത്തുന്നു

സീറോ മലബാര്‍ സഭയിലെ സന്യാസ സഭയായ വിന്‍സന്‍ഷ്യന്‍ സഭാംഗമായിരുന്ന വൈദികനായിരുന്നു കെപി ഷിബു. സഭയില്‍ നടമാടുന്ന ഉച്ചനീചത്വങ്ങളുടെയും അനീതിയുടെയും പേരില്‍ വൈദികവൃത്തി ഉപേക്ഷിച്ച് അധ്യാപകനായി. ഈ പുസ്തകം എഴുതിയതിന്റെ പേരില്‍ കത്തോലിക്ക സഭയുടെ ഊരുവിലക്ക് വരെ ഷിബുവിന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിലുപരി പുസ്തകത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്കുകയും കായികമായി മര്‍ദ്ദിക്കുകയും ചെയ്തതായി അദ്ദേഹം വിവരിക്കുന്നുണ്ട്.

തന്റെ ജീവിതത്തില്‍ കേട്ട കുമ്പസാരങ്ങളില്‍ എന്‍പത് ശതമാനവും ലൈംഗിക പാപങ്ങളാണ്. മനുഷ്യര്‍ ഇത്രധികം പരസ്പരം അവിശ്വസിക്കുന്നു എന്ന തിരിച്ചറിവുണ്ടായത് ഈ കുമ്പസാരങ്ങൡ നിന്നാണ്. സ്വന്തം മകളുടെ കന്യകാത്വം നുകരുന്ന പിതാവും പിതാവിനെ സമൂഹമധ്യത്തില്‍ തള്ളിപ്പറയാന്‍ കഴിയാത്ത മകളുടെ സങ്കരവും മകളെയും ഭര്‍ത്താവിനെയും വഞ്ചിച്ച് വേശ്യാവൃത്തി നടത്തുന്ന അമ്മമാരുമെല്ലാം കുമ്പസാരങ്ങളിലെ നിത്യ സംഭവങ്ങളായപ്പോള്‍ ഇന്നത്തെ കുടുംബങ്ങളിലെ അടിത്തറ എന്താണെന്ന് എന്റെ മനസിനെ വല്ലാതെ അലോസരപ്പെടുത്തി.

എന്നാല്‍ ഈ ലൈംഗിക പാപങ്ങളെല്ലാം കേട്ട് അതിന്റെ ഉത്തേജനത്തില്‍ സ്വയം ഭോഗം ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷം പുരോഹിതരും. ചിലര്‍ ഈ ലൈംഗിക പാപങ്ങളെ ചൂഴ്ന്ന് അതിന്റെ കേന്ദ്രങ്ങളെ കുറിച്ച് അന്വേഷിച്ചറിയുകയും ചിലപ്പോള്‍ അവിടുത്തെ സന്ദര്‍ശരാവുകയും ചെയ്യുന്നു.” ഇങ്ങനെയാണ് കുമ്പസാരം രഹസ്യമുപയോഗിച്ച് വൈദികര്‍ നടത്തുന്ന ലൈംഗിക ചൂഷണത്തെ കുറിച്ച് കെ.പി. ഷിബു എഴുതിയിരിക്കുന്നത്.

ചില വൈദികര്‍ ഇടവകയിലെ ഭക്തരായ സ്ത്രീകളുടെ ഭവനങ്ങള്‍ നോക്കി സന്ദര്‍ശനം നടത്തുന്നവരാണ്. അവര്‍ അവിടെ ചെന്ന് രാത്രി വൈകുവോളം ചെലവഴിക്കുകയും മിക്കവാറും അമ്മയെയോ മകളെയോ ലൈംഗികമായി ഉപയോഗിച്ച തിരിച്ച് പോരുകയും ചെയ്യും. സമൂഹത്തില്‍ തങ്ങള്‍ക്കുള്ള മാനം തകരുമെന്ന് കരുതി ഇക്കാര്യങ്ങള്‍ ആരോടും പറയാറില്ല. പക്ഷെ കുമ്പസാരങ്ങളില്‍ ഇവര്‍ വെളിപ്പെടുത്തുകയും ചെയ്യും. വൈദികര്‍ സന്യാസിനികളെ ശാരീരികമായി ഉപയോഗിക്കുന്നത് സന്യസ മഠങ്ങളില്‍ രാത്രികാലങ്ങളില്‍ താമസിച്ചുകൊണ്ടാണ്. സന്യാസമഠങ്ങള്‍ ശരിക്കും വേശ്യാലയമായി മാറുന്നു എന്നാണ് അനുഭവത്തില്‍ നിന്ന് തനിക്ക് ബോധ്യപ്പെട്ടതെന്ന് കെപി ഷിബു എഴുതുന്നു.

ചില വൈദികര്‍ തങ്ങളുടെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കുന്നത് നീല കാസറ്റുകള്‍ കണ്ടുകൊണ്ടാണ്. ഇവരുടെ കൈയ്യില്‍ എപ്പോഴും ഇത്തരം കാസറ്റുകള്‍ ഉണ്ടാകാറുണ്ട്. കൂടാതെ നീല പുസ്തകങ്ങളും മാസികകളും വായിച്ച് സ്വയംഭോഗത്തില്‍ ഏര്‍പ്പെടുക എന്നത് ഇവരുടെ നിത്യഹോബിയാണ്. വലിയ പാട്ടുകാര്‍ എന്ന് വിചാരിക്കുന്ന അച്ചന്‍മാര്‍ പെണ്‍കുട്ടികളുമായുള്ള സൗഹൃദം ഉണ്ടാക്കാന്‍ ഗായകസംഘങ്ങള്‍ രൂപീകരിക്കും. പാവങ്ങളെ സഹായിക്കുക എന്ന മട്ടില്‍ സ്ത്രീകളെ സഹായ വാഗ്ദാനങ്ങള്‍ നല്‍കി പീഡിപ്പിക്കുന്നതും നിത്യസംഭവങ്ങളാണ്. ചില വൈദികര്‍ തങ്ങളുടെ ലൈംഗിക ആവശ്യങ്ങള്‍ക്കായി ഇരകളെ കണ്ടെത്തുന്നത് അനാഥാലയങ്ങളില്‍ നിന്നാണ്.

സഭക്കുള്ളില്‍ നടക്കുന്ന ഇത്തരം വൃത്തികേടുകള്‍ തുറന്നെഴുതാന്‍ കാരണം ജനങ്ങളെ ബോധവാന്മാരാക്കാനും ജാഗ്രത പുലര്‍ത്താനുമാണെന്ന് ഷിബു എഴുതുന്നു. സാമൂഹിക സേവനത്തില്‍ സംഭവിക്കുന്ന ഇത്തരം പുഴിക്കുത്തുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഈ മേഖല മൊത്തം തകരും. ചൂഷണത്തിന് വിധേയരായവര്‍ വീണ്ടും ചൂഷണത്തിന് ഇരയാകും. നന്മ നിലനിര്‍ത്തുന്നതിന് വേണ്ടി വിശ്വാസികള്‍ നിതാന്ത ജാഗ്രതയോടെ കാത്തിരിക്കണമെന്ന് കെപി ഷിബിവിന്റെ പുസ്തകം ഓര്‍മ്മിപ്പിക്കുന്നു.