Sun. Sep 20th, 2026

മാളയിൽ മരുമകളെ അമ്മായിഅമ്മ കാമുകനൊപ്പം കൈയോടെ പിടിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും നോക്കിനിൽക്കെ യുവതി കിണറ്റിൽ ചാടി മരിച്ചു. അന്നമനട മേലഡൂർ പനംകൂട്ടത്തിൽ രാജേഷിന്റെ ഭാര്യ ധന്യയാണ് (23) മരിച്ചത്. രാജേഷിന്റെ അമ്മ സുശീലയാണ് ധന്യയോടൊപ്പം കിടപ്പുമുറിയിൽ കാമുകനായ കൊടുങ്ങല്ലൂർ സ്വദേശി നൗഷാദിനെ കണ്ടത്.

തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന സുശീല വീട്ടിലെത്തിയപ്പോഴാണ് മരുമകളുടെ കാമുകനെ കാണാൻ ഇടയായത്. അപ്പോൾ തന്നെ അയൽവാസികളും സ്ഥലത്തെത്തി. തുടർന്ന് വിവരം അറിഞ്ഞെത്തിയ മാള പൊലീസ് നൗഷാദിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. ഫാബ്രിക്കേഷൻ ജോലിക്കാരനായ ധന്യയുടെ ഭർത്താവ് രാജേഷ് അങ്കമാലിയിൽ നിന്ന് വീട്ടിലെത്തി ധന്യയുടെ അമ്മ ലീലയെ കൊരട്ടി കോനൂരിലെ വീട്ടിൽ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. അങ്ങോട്ട് പോകാൻ ഉച്ചതിരിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ധന്യ തൊട്ടടുത്ത കിണറ്റിലേക്ക് ചാടിയത്. ഈ സമയത്ത് വാർഡ് മെമ്പർ ശ്യാമളാ അയ്യപ്പനും അയൽവാസികളും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു.

പിന്നീട് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വാട്ട്സ് ആപ് വഴിയാണ് ഇരുവരും പ്രണയത്തിലായതെന്നും ഒരു ദിവസം ഒരുമിച്ച് കറങ്ങാൻ പോയതായും നൗഷാദ് പൊലീസിനോട് പറഞ്ഞു. ധന്യ ഇതിനകം നിരവധി തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഭർത്താവ് രാജേഷിനെയും അമ്മയെയും ആക്രമിച്ചതുമായി ബന്ധപ്പെട്ട് മാള പൊലീസ് സ്റ്റേഷനിൽ പരാതികളും നിലവിലുണ്ട്. പൊലീസ് ഇടപെട്ട് ധന്യയെ മുമ്പ് കൗൺസലിംഗിന് വിട്ടിരുന്നു. ഓടുന്ന ബൈക്കിൽ നിന്ന് ചാടുകയും, മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താനും, ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്താനും, കിണറ്റിൽ ചാടാനും മുമ്പ് ശ്രമിച്ചിട്ടുണ്ടെന്ന് ഭർത്താവ് രാജേഷ് പറഞ്ഞു.
മൂന്ന് വർഷം മുമ്പ് വിവാഹിതരായ ഇവർക്ക് ഒന്നര വയസുള്ള അഭിനവ് എന്ന മകനുണ്ട്.