Mon. Nov 23rd, 2026

നിയമസഭയിൽ അവതരിപ്പിച്ച നെൽവയൽ – തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം. നിയമസഭയിലെ കറുത്ത ദിനമെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിക്കുകയും ചെയ്തു. നെൽവയൽ – തണ്ണീർത്തട സംഹാര നിയമമാണ് നിയമസഭ പാസാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യത്തിൽ സുപ്രീംകോടതി നിർദ്ദേശങ്ങൾ മറികടന്നാണ് നിയമനിർമാണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ പ്രതിപക്ഷത്തെ ഓർത്ത് സഹതപിക്കുന്നുവെന്നാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞത്. പ്രതിഷേധത്തിനിടയിൽ ബിൽ പാസാക്കുകയും ചെയ്തു.

1967ലെ ഭൂവിനിയോഗ നിയമം വരുന്നതിന് മുമ്പ് നികത്തിയ പാടങ്ങൾ ക്രമപ്പെടുത്താൻ നെൽവയൽ – തണ്ണീർത്തട നിയമം ഭേദഗതി വരുത്താനാണ് സർക്കാർ നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. 2018ലെ നെൽവയൽ – തണ്ണീർത്തട ഭേദഗതി നിയമത്തിലാണ് ഈ മാറ്രം ഉൾപ്പെടുത്തുക. കോടതി നിർദ്ദേശത്തെ തുടർന്നാണ് 2008ലെ നിയമം ഭേദഗതി ചെയ്യുന്നത്. 1967ന് മുമ്പ് നികത്തിയതാണെന്ന് തെളിയിക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ പുതിയ നിയമത്തിലുണ്ടാവും.

2008ന് ശേഷം നികത്തിയതാണോ എന്ന് കണ്ടുപിടിക്കാൻ 2008ലെ ഉപഗ്രഹ ഭൂപടത്തെയാണ് ആശ്രയിച്ചിരുന്നത്. 1967ന് മുമ്പ് ഈ സൗകര്യം ഇല്ലാതിരുന്നതിനാൽ മരങ്ങളുടെ പ്രായം കണക്കാക്കി ഭൂമി നികത്തിയത് എന്നാണെന്ന് കണ്ടുപിടിക്കാനാണ് സാദ്ധ്യത.

എന്നാൽ, കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2008-ലെ നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്ന ഭേദഗതികൾ കൊണ്ടുവരുന്നതിൽ നിന്നു സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സർക്കാർ ബിൽ പാസാക്കിയത്.