ഓം ക്ളീം കൃഷ്ണായ,
മാർക്സായ ശിവായ
പരബ്രഹ്മ യേശുദേവായ അള്ളാഹ്വാത്മനേ
ഏംഗൽസായ പരം ജ്യോ തിഷേ
യച്ചൂര്യച്ചുതവിജയ ബാലകൃഷ്ണായ തുഭ്യം ഹും ഫൾ സ്വാഹാ …
ഈ മന്ത്രം ജപിച്ച് ഈ ചിത്രത്തിനു മുന്നിൽ മോരൊഴിച്ചു നട്ടുച്ചക്ക് വിളക്കുകത്തിച്ചാൽ ഉദ്ദിഷ്ടകാര്യസിദ്ധി !
സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന ഹൈന്ദവ വര്‍ഗീയതയെ ചെറുക്കാന്‍ പുതിയ തന്ത്രങ്ങളുമായി സി പി എം. വര്‍ഗീയ സംഘടനകളില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിച്ച് വിശ്വാസികള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യവുമായി സി പി എം ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളെ സംഘടിപ്പിക്കുന്നു. സി പി എമ്മിന്റെ എല്ലാ രാഷ്ട്രീയ സിദ്ധാന്തങ്ങളുടെയും പരീക്ഷണ ശാലയായ കണ്ണൂരില്‍ തന്നെയാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്.
ഇതിനായി ക്ഷേത്രഭാരവാഹികളുടെ കണ്വന്ഷന് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വിളിച്ചു ചേര്‍ത്തു. ആദ്യഘട്ടത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തന്നെ ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകളിലൂടെ കുട്ടികളെ വര്ഗ്ഗീയവത്കരിക്കാന് ശ്രമം നടത്തുന്നുവെന്നും ഇത്തരം ശ്രമങ്ങള്‍ക്ക് ക്ഷേത്രം വിട്ടു നല്‍കരുതെന്നും നിര്‍ദേശം ഉയര്‍ന്നു. ശ്രീകൃഷ്ണ ജയന്തി ഉള്‍പ്പെടെയുളള ആഘോഷത്തിന് ക്ഷേത്രം വിട്ടുനല്‍കരുതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ കണ്‍വന്‍ഷനില്‍ ഉയര്‍ന്ന് അഭിപ്രായം.
വിശ്വാസങ്ങളും ആചാരങ്ങളും പാലിച്ച് ക്ഷേത്രങ്ങളെ പൊതുസ്വത്തായി നിലനിര്‍ത്താനുള്ള ഒരു കൂട്ടായ്മയാണ് ഈ സംഘടനയെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും സതീശന് തില്ലങ്കേരി വ്യക്തമാക്കി. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു.
വാർത്ത പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ അഭിഷേകമാണ്. മുന്‍ വര്‍ഷങ്ങളിലും നടത്തിയ ശ്രീകൃഷ്ണ ജയന്തിയെ പരിഹസിച്ചും ട്രോളുകൾ ഇറക്കി സി.പി.എം. നിലപാടിനെ സമൂഹ മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു.
”പണ്ടൊരു നാട്ടില്‍ മഗധാപുരിയില്‍ കംസന് എന്നൊരു ബൂര്‍ഷ്വായെ തകര്‍ത്തെറിഞ്ഞൊരു വിപ്ലവ താരം അതാണതാണീ ശ്രീകൃഷ്ണന്”, ”ദേവകീ സുതന് സിന്ദാബാദ്”, ”രാധാ നായകന് സിന്ദാബാദ്”, ”സാമ്രാജ്യത്വ ദല്ലാളാവും കാളിയന് എന്നൊരു സാമദ്രോഹിയെ ചവിട്ടിക്കൂട്ടിയ പോരാളീ” തുടങ്ങിയ മുദ്രാവാക്യങ്ങളും.
”ഇന്‍ക്വിലാബ് സിന്ദാബാദ് സഖാവ് കൃഷ്ണന് സിന്ദാബാദ് വെണ്ണക്കണ്ണന് സിന്ദാബാദ്”, ”വിഷ്ണുസഖാവിന്നവതാരം പാവങ്ങളുടെ തേരാളി ഉണ്ണിക്കണ്ണണ്‍ സിന്ദാബാദ്”,
”കംസാ കംസാ മൂരാച്ചീ നിന്നെപ്പിന്നെ കണ്ടോളാം” തുടങ്ങിയ ട്രോളുകളുമാണ് നിറയുന്നത്.
കൃഷ്ണനെ സഖാവായും കൃഷ്ണന്റെ കാലത്തെ യുദ്ധങ്ങളെ തൊഴിലാളി പോരാട്ടങ്ങളായും അവതരിപ്പിക്കുന്നതാണ് പോസ്റ്റുകളില്‍ പലതും..