വാജീകരണം നടത്തി വശീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന പെണ്‍വേട്ടക്കാര്‍ ക്ഷേത്ര പുരോഹിതരാകുമ്പോള്‍ ശബരിമലയില്‍ പത്തിനും അമ്പതിനും രക്ഷയുണ്ടാവില്ലെന്ന് പ്രത്യേകം പറയണോ? തന്ത്രി കണ്ഠരര് മോഹനരരെ തിരിച്ചെടുക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ മനോജ് മനയിലിന്റെ ഫേസ്ബുക് പോസ്റ്റ്. ഹിന്ദു സമൂഹത്തിന്റെ കരണക്കുറ്റിക്ക് ആഞ്ഞടിച്ച് കൊണ്ടാണ് ശബരിമലയിലെ ദേവപ്രശ്‌നമെന്ന ആഭിചാരമെന്നും മനോജ് മനയില്‍.
കേരളത്തില്‍ ആദ്യമായി സ്ത്രീ വിലക്കേര്‍പ്പെടുത്തിയ ക്ഷേത്രമായിരുന്നു ‘തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം’. ഇവിടെ വിലക്കേര്‍പ്പെടുത്താന്‍ കാരണം സ്ത്രീകള്‍ക്കു പ്രത്യേകിച്ച് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല. മറിച്ച്, അവിടെ ഓത്തു പഠിക്കാനെത്തിയിരുന്ന നമ്പൂതിരി യുവാക്കള്‍ക്ക് സ്ത്രീകളെ കാണുമ്പോള്‍ ലിംഗോദ്ധാരണമുണ്ടാകാതിരിക്കാനായിരുന്നു! ഇതേ പ്രമാണത്തില്‍ ശബരിമലയിലും സ്ത്രീ വിലക്കേര്‍പ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയാണ് എനിക്കുള്ളത്. പാവനമായ ദൈവസന്നിധിയില്‍നിന്നു പീഡനവാര്‍ത്തകള്‍ വരുന്നത്, ഹിന്ദു സമാജത്തിന് തീരാ കളങ്കം ചാര്‍ത്തുമെന്നും മനോജ് മനയില്‍ മുന്നറിയിപ്പ് നല്‍കുന്നു.
ശബരിമല സോപാനത്തില്‍ സിനിമാ നടി ജയമാലയെ കയറാന്‍ അനുവദിച്ചു എന്നതടക്കമുള്ള വിവാദങ്ങളില്‍ കുടുങ്ങിയ തന്ത്രി കണ്ഠരര് മോഹനരെ ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന്‍ ചോദ്യം ചെയ്തത് ഇത്തരുണത്തില്‍ ഒരു പുനര്‍വായനക്കു വിധേയമാക്കുന്നത് നന്നായിരിക്കും. ശ്രദ്ധിക്കുക, നാം കൊട്ടിഗ്‌ഘോഷിക്കുന്ന പരിജ്ഞാനമൊന്നും ഇത്തരക്കാര്‍ക്കില്ലെന്ന ഞെട്ടിക്കുന്ന വിവരമായിരുന്നു അന്നു പുറത്തറിഞ്ഞത്.
മനോജ് മനയിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തീരുമാനം മാറ്റുന്നു; ശബരിമലയില്‍
സ്ത്രീവര്‍ഗത്തെത്തന്നെ നിരോധിക്കണം!
യുവതീപ്രവേശനം വേണം എന്ന എന്റെ മുന്‍നിലപാട് ഞാന്‍ മാറ്റുകയാണ്. സി.വി.കുഞ്ഞുരാമന്റെ പ്രസിദ്ധമായ വാചകം കടമെടുത്തു പറയട്ടെ; ‘അഭിപ്രായം ഇരുമ്പുലക്കയല്ല’ തന്നെ!
ഹിന്ദു സമൂഹത്തിന്റെ കരണക്കുറ്റിക്ക് ആഞ്ഞടിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ ദേവപ്രശ്‌നമെന്ന ആഭിചാരം നടക്കുകയുണ്ടായത്. പെണ്‍വിഷയത്തില്‍ അസാമാന്യ കലയും കഴിവുമുള്ള തന്ത്രിയെ തിരിച്ചുകൊണ്ടുവരാന്‍ ഈ പ്രശ്‌നത്തില്‍ തെളിഞ്ഞതായുള്ള വാര്‍ത്ത, പരമപുച്ഛത്തോടെ മാത്രമേ വായിക്കാന്‍ കഴിഞ്ഞുള്ളൂ.
അതിനാല്‍, യുവതീപ്രവേശനം വേണം എന്ന എന്റെ മുന്‍നിലപാട് ഞാന്‍ തിരുത്തുകയാണ്. എന്നുമാത്രമല്ല, പുതിയൊരു നിര്‍ദേശം മുന്നോട്ടു വെയ്ക്കുകയും ചെയ്യുന്നു. ശബരിമലയില്‍ ഇനിമുതല്‍ സ്ത്രീവര്‍ഗത്തെത്തന്നെ നിരോധിക്കണം. കാരണം വാജീകരണം നടത്തി വശീകരിക്കാന്‍ തയ്യാറായിനില്‍ക്കുന്ന പെണ്‍വേട്ടക്കാര്‍ ക്ഷേത്രപുരോഹിതരാകുമ്പോള്‍ പത്തിനും അമ്പതിനും രക്ഷയുണ്ടാവില്ലെന്നു പ്രത്യേകം പറയണോ?
കേരളത്തില്‍ ആദ്യമായി സ്ത്രീ വിലക്കേര്‍പ്പെടുത്തിയ ക്ഷേത്രമായിരുന്നു ‘തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം’. ഇവിടെ വിലക്കേര്‍പ്പെടുത്താന്‍ കാരണം സ്ത്രീകള്‍ക്കു പ്രത്യേകിച്ച് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല. മറിച്ച്, അവിടെ ഓത്തു പഠിക്കാനെത്തിയിരുന്ന നമ്പൂതിരി യുവാക്കള്‍ക്ക് സ്ത്രീകളെ കാണുമ്പോള്‍ ലിംഗോദ്ധാരണമുണ്ടാകാതിരിക്കാനായിരുന്നു! ഇതേ പ്രമാണത്തില്‍ ശബരിമലയിലും സ്ത്രീ വിലക്കേര്‍പ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയാണ് എനിക്കുള്ളത്. പാവനമായ ദൈവസന്നിധിയില്‍നിന്നു പീഡനവാര്‍ത്തകള്‍ വരുന്നത്, ഹിന്ദു സമാജത്തിന് തീരാ കളങ്കം ചാര്‍ത്തും.
ശബരിമല സോപാനത്തില്‍ സിനിമാ നടി ജയമാലയെ കയറാന്‍ അനുവദിച്ചു എന്നതടക്കമുള്ള വിവാദങ്ങളില്‍ കുടുങ്ങിയ തന്ത്രി കണ്ഠരര് മോഹനരെ ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന്‍ ചോദ്യം ചെയ്തത് ഇത്തരുണത്തില്‍ ഒരു പുനര്‍വായനക്കു വിധേയമാക്കുന്നത് നന്നായിരിക്കും. ശ്രദ്ധിക്കുക, നാം കൊട്ടിഗ്‌ഘോഷിക്കുന്ന പരിജ്ഞാനമൊന്നും ഇത്തരക്കാര്‍ക്കില്ലെന്ന ഞെട്ടിക്കുന്ന വിവരമായിരുന്നു അന്നു പുറത്തറിഞ്ഞത്. കമ്മീഷന്റെ ചോദ്യവും അതിനു തന്ത്രി കണ്ഠരര് മോഹനര് നല്‍കിയ മറുപടിയും:
കമ്മീഷന്‍: ശബരിമല ക്ഷേത്രത്തിലെ പൂജകളെല്ലാം വിധിപോലെ നടക്കുന്നുണ്ടോ?
തന്ത്രി: അതെല്ലാം മുറപോലെ നടക്കുന്നുണ്ട്.
കമ്മീഷന്‍: താങ്കള്‍ക്ക് സംസ്‌കൃതം അറിയാമോ?
തന്ത്രി: ഇല്ല.
കമ്മീഷന്‍: പിന്നെ താങ്കളെങ്ങനെ ക്ഷേത്രപൂജാരികളെ തെരഞ്ഞെടുക്കുന്ന ഇന്റര്‍വ്യു ബോര്‍ഡിലെ പ്രധാന അംഗമായി?
തന്ത്രി: ഞാന്‍ ഉദ്യോഗാര്‍ത്ഥികളുടെ പൂജകള്‍ക്കു മാത്രമാണ് മാര്‍ക്ക് ഇടുന്നത്.
കമ്മീഷന്‍: താങ്കള്‍ തന്ത്രങ്ങളും മന്ത്രങ്ങളും പഠിച്ചിട്ടുണ്ടോ?
തന്ത്രി: ഞങ്ങള്‍ പാരമ്പര്യമായി താന്ത്രിക കുടുംബമാണ്.
കമ്മീഷന്‍: പാരമ്പര്യമൊക്കെ ശരി. പക്ഷെ അച്ഛന്‍ ആനപ്പുറത്തുകയറി എന്നതിനാല്‍ മകനു ആസനത്തില്‍ തഴമ്പു കാണണമെന്നില്ലല്ലോ. താങ്കള്‍ വേദങ്ങള്‍ പഠിച്ചിട്ടുണ്ടോ?
തന്ത്രി: ഇല്ല.
കമ്മീഷന്‍: താങ്കള്‍ക്ക് വേദമന്ത്രങ്ങള്‍ അറിയുമോ?
തന്ത്രി: ഇല്ല.
കമ്മീഷന്‍: താങ്കള്‍ക്ക് ഭാഗ്യസൂക്തം അറിയാമോ?
തന്ത്രി: ഇല്ല.
കമ്മീഷന്‍: പിെന്നങ്ങിനെയാണ് താങ്കള്‍ ശബരിമലയില്‍ പൂജകള്‍ ചെയ്യുന്നത്?
തന്ത്രി: ഞങ്ങള്‍ പൂജ നടത്താന്‍ ഈ മന്ത്രങ്ങള്‍ ഉപയോഗിക്കാറില്ല.
കമ്മീഷന്‍: അവിടെ നിങ്ങള്‍ ഗണപതിഹോമവും മറ്റു പൂജകളും ചെയ്യാറില്ലേ?
തന്ത്രി: മറ്റു ചില മന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഞാന്‍ പൂജകള്‍ ചെയ്യാറുള്ളത്.
കമ്മീഷന്‍: പക്ഷേ, ഗണപതിഹോമം നടത്താന്‍ ഭാഗ്യസൂക്തം അനിവാര്യമാണല്ലോ. ശരി. അതുവിട്ടേക്കൂ. ഗണപതി ഭഗവാന്റെ ജന്മനക്ഷത്രം അറിയാമോ?
തന്ത്രി: ഇല്ല.
കമ്മീഷന്‍: ഇത് അതിശയമായിരിക്കുന്നു. ഈ കാര്യങ്ങള്‍ പ്രശസ്തമായ ഈ ക്ഷേത്രത്തിലെ ഈശ്വരനും വിശ്വാസികളും തമ്മിലുള്ള അഭേദ്യബന്ധത്തെ ബാധിക്കുമല്ലോ. ഞങ്ങള്‍ക്ക് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് താങ്കളെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹമില്ല. ശരിക്കും പറഞ്ഞാല്‍ ഇതുപോലുള്ള ചോദ്യങ്ങള്‍ താങ്കളോടു ചോദിക്കണമെന്നു മനപ്പൂര്‍വം ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. സാഹചര്യം ഞങ്ങളെ ഇവിടെ കൊണ്ടെത്തിക്കുകയായിരുന്നു.
(ജഡ്ജിപോലും നാണിച്ചുപോയ നിമിഷങ്ങള്‍!!)
തന്ത്രവിദ്യയെന്നാല്‍ അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നറിയാത്ത ഈ തന്ത്രിയെയാണ് വീണ്ടും ദേവപ്രശ്‌നമെന്ന കള്ളവണ്ടിവഴി അയ്യപ്പസന്നിധിയിലേക്കെത്തിക്കുന്നത്. അതിന് ഓശാനപാടാന്‍ ഒളിഞ്ഞും തെളിഞ്ഞും പിണിയാളുകള്‍ പുറത്തിറങ്ങിയിരിക്കുന്നു എന്നുള്ളതും കാണുന്നു. ഒന്നേ പറയാനുള്ളൂ: ‘ഹന്ത! ഭാഗ്യം ജനാനാം!’
image: ശബരിമലയില്‍ ഇക്കഴിഞ്ഞദിവസം നടത്തിയ ദേവപ്രശ്‌നം!
റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913