Sat. Nov 21st, 2026

ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് കൊച്ചി മെട്രോയില്‍ എല്ലാവർക്കും സൗജന്യയാത്ര. വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ ഓടിത്തുടങ്ങിയതിന്‍റെ ആഘോഷമായാണ് ഫ്രീ റൈഡ് ഡേ എന്നപേരില്‍ സൗജന്യയാത്ര ഒരുക്കുന്നത്.

ഇന്ന് പുലർച്ചെ ആറിന് സർവീസ് ആരംഭിക്കുന്നതു മുതല്‍ രാത്രി 10 ന് അവസാനിക്കുന്നതുവരെ എത്രതവണ വേണമെങ്കിലും യാത്ര ചെയ്യാം. മെട്രോയില്‍ ഇതുവരെ യാത്ര ചെയ്യാത്തവർക്ക് അവസരമൊരുക്കാന്‍ കൂടിയാണ് സൗജന്യയാത്ര. യാത്രാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും ജാലവിദ്യ ഒരുക്കിയും ഒക്കെയാണ് ഒരാഴ്ച നീളുന്ന ആഘോഷം കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഒരുക്കിയിരിക്കുന്നത്.

ഇടപ്പള്ളി സ്റ്റേഷനിൽ കൊച്ചിയിലെ മുഴുവൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് കേക്ക് മുറിച്ചാണ് ഇന്നലെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. സൗജന്യ യാത്ര ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് പിറന്നാൾ സമ്മാനമായി കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്.

മെട്രോയിലെത്തിയ എല്ലാ യാത്രക്കാർക്കും പിറന്നാൾ സമ്മാനമായി മധുരം നൽകി. ഉത്സവ ഛായ പകർന്ന് ഗോപിനാഥ് മുതുകാടിന്‍റെ മാജിക് ഷോയും ആഘോഷത്തിന്‍റെ ആകര്‍ഷണമാണ്. ഡി എം ആർ സി മുഖ്യ ഉപേദേഷ്ഠാവ് ഇ.ശ്രീധരൻ, കെഎംആർഎൽ മുൻ എംഡി എലിയാസ് ജോർജ്ജ് എന്നിവരുടെ അഭാവം പരിപാടിയിൽ പ്രകടമായിരുന്നു.

കൊച്ചി വണ്‍ കാര്‍ഡിലെ ഇളവും, പ്രതിദിന യാത്രക്കാര്‍ക്കായുള്ള സീസണ്‍ ടിക്കറ്റും, വിനോദ സഞ്ചാരികള്‍ക്കായുള്ള പ്രതിദിന പാസും പിറന്നാള്‍ സമ്മാനമായി വരും ദിവസങ്ങളിൽ അവതരിപ്പിക്കാനാണ് കെഎംആ‌ർഎൽ തീരുമാനം.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913