കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയ തീരുമാനത്തോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് വലിയ നാശത്തിലേക്കാണ് പോകുന്നതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. കോണ്‍ഗ്രസിനെ നശിപ്പിച്ച്, തകര്‍ച്ചയിലേക്ക് നയിച്ച് മുന്നണിയെ ശക്തിപ്പെടുത്താന്‍ എങ്ങനെ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. വളരെ നിരാശകരമായ തീരുമാനമാണ് ഇപ്പോഴത്തേത്ത്. മാത്രമല്ല തീരുമാനമെടുത്ത രീതിയും ശരിയായില്ല.
ഐക്യമുന്നണി സംവിധാനത്തിന്റെ വിജയം എന്നുപറയുന്നത് സുതാര്യമായ പ്രവര്‍ത്തനമാണ്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് പരസ്പരം ആലോചിച്ച് ചര്‍ച്ച ചെയ്തെടുക്കുന്ന തീരുമാനമാണ് വേണ്ടത്. അത് അണികള്‍ക്കും ജനങ്ങള്‍ക്കും സ്വീകാര്യമായിരിക്കണമെന്നും സുധീരന് പറഞ്ഞു. കെ.എം. മാണിയുടെ മുന്നണി പ്രവശം എല്ലാവരും ചര്‍ച്ചചെയ്തെടുത്ത തീരുമാനം തന്നെയാണ്. പക്ഷേ അതുമായി ബന്ധപ്പെട്ടു വന്ന തീരുമാനങ്ങളും ആ രീതിയും കാരണം കോണ്‍ഗ്രസിന് നല്‍കേണ്ടി വന്നത് വലിയ വിലയാണ്. മുന്നണിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ശക്തിപ്പെടുത്തുന്നതിനും സഹായകരമായതല്ല അത്.
കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടുവെന്നും സുധീരന് മാധ്യമ പ്രവര്‍ത്തകരോടു ഫറഞ്ഞു. അതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണം. സാധാരണ ഐക്യമുന്നണിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അഭിപ്രായവ്യത്യാസം വന്നിരിക്കാം, ധാരണയുണ്ടായിട്ടുണ്ടാകാം. വിട്ടുവീഴ്ചയും ഉണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തേത് മുന്നണിക്കകത്തില്ലാത്ത പാര്‍ട്ടിക്ക് രാജ്യസഭാ സീറ്റ് നല്‍കുക എന്നത് ഒട്ടും സുതാര്യമല്ല. നയപരമായ കാര്യങ്ങള്‍ തീരുമാനിക്കാന്‍ എഐസിസിയുണ്ട്.
കേരളാ കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ കോണ്‍ഗ്രസിനെ തകര്‍ത്തുകൊണ്ട് രാജ്യസഭാ സീറ്റ് കൊടുക്കാന്‍ ഒരിക്കലും തീരുമാനിച്ചിട്ടില്ല. അങ്ങനെ ബന്ധപ്പെട്ട തലങ്ങളില്‍ ചര്‍ച്ച നടത്താതെ സുതാര്യതയില്ലാതെ ഗൂഡമായി നടത്തിയ തെറ്റായ പ്രവര്‍ത്തന ശൈലി ശരിയല്ല. അതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടവരുത്തിയത്.
ഇത് മുന്ണിയെ ശക്തിപ്പെടുത്തുകയില്ല. മറിച്ച് ബിജെപിക്ക് ഗുണം ചെയ്യും. അവരാണ് ഇതിന്റെ യഥാര്‍ത്ഥ ഗുണഭോക്താവ്. ഈ നടപടികളുടെ ഫലം എന്നത് കടുത്ത വില നല്‍കേണ്ടി വരും. എന്തുകൊണ്ടെന്നാല്‍ ഇത് ബിജെപിയെ ശക്തിപ്പെടുത്താനേ ഉതൂവെന്നതില് സംശയമില്ല. അതുകൊണ്ട് ഇത്തരം തീരുമാനങ്ങളില്‍ യോജിക്കാനാകില്ല. പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യുന്ന വിഷയമായതിനാല്‍ ഞാന്‍ എന്റെ വിയോജിപ്പ് പരസ്യമായി പറയുന്നുവെന്നും പിന്‍വാതിലിലൂടെയല്ല പ്രതിഷേധം അറിയിക്കുന്നതെന്നും വി.എം. സുധീരന് തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പ്രതിഷേധ സൂചകമായി യു.ഡി.എഫ് യോഗം ബഹിഷ്കരിച്ച് പുറത്തേക്ക് വരുന്നതിനിടെയാണ് അദ്ദേഹം മാധ്യമങ്ങളുമായി സംസാരിച്ചത്.