Sat. Nov 21st, 2026

ഇന്ത്യാ മഹാരാജ്യത്ത് മൊത്തം എടുത്തു നോക്കിയാല്‍ അതില്‍ ഏറ്റവും കൂടുതല്‍ മദ്യപാനം ചെയ്യുന്നത് മലയാളികള്‍ ആയതു കൊണ്ട് ഈ ഭൂമിയില്‍ ഉള്ള സകല മലയാളി കുടിയന്മാര്‍ക്കും ആയി ഇതാ ഒരു കൂട്ടായ്‌മ. കള്ളുകുടിയന്മാരുടെ ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മ ജിഎന്‍പിസിയിൽ ഇതിനോടകം പത്തുലക്ഷം പേർ ആണ് അംഗങ്ങളായത് ജിഎന്‍പിസി എന്നാല്‍ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്നാണ് പൂര്‍ണരൂപം.

ലോകത്താകമാനം കോടിക്കണക്കിനു ആളുകള്‍ വെള്ളമടിക്കുന്നു എന്നാണ് കണക്ക്. തമാശയ്ക്ക് ഒരു പെഗ് അടിക്കുന്നവന്‍ മുതല്‍ ഒറ്റയ്ക്ക് ഒറ്റയിരുപ്പിന് ഒരു ഫുള്‍ ബോട്ടില്‍ അടിച്ച് തീര്‍ക്കുന്ന വീരന്മാര്‍ വരെ ഉൾക്കൊള്ളുന്ന വലിയ ഒരുവിഭാഗത്തിന് പൊതുവായി ഉള്ള വിളിപ്പേരാണ് കള്ളു കുടിയന്മാർ.ഈ പേരുദോഷത്തിന് പരിഹാരമുണ്ടാക്കുക എന്നുള്ള തത്വത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടു ഒരു വെള്ളമടി കൂട്ടായ്മ ഉയർന്നുവരുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യത്തിന്റെ മണമോ രുചിയോ അറിയാത്തവര്‍ വിരളമാണ്. എത്രയൊക്കെ മദ്യ വിരോധി ആണെന്ന് പരെഞ്ഞിരുന്നാലും അറിഞ്ഞോ അറിയാതെയോ എപ്പോള്‍ എങ്കിലും ഒക്കെ മദ്യം നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും. ഒരു വിവാഹ സല്ക്കരത്തിലെ വീഞ്ഞിലോ, അല്ല എങ്കില്‍ ഒരു കേക്കിലോ അതുമല്ല എങ്കില്‍ വെള്ളയപ്പത്തില്‍ ചേര്‍ത്തിട്ടുള്ള കള്ളിന്റെ രൂപത്തിലോ, ക്രിസ്തുമസിനു കഴിക്കുന്ന വീഞ്ഞിന്റെ രൂപത്തിലോ ഒക്കെ ആയി നിങ്ങള്‍ സംഗതി കഴിച്ചിട്ടുണ്ടാകും. അപ്പോള്‍ കള്ള് അഥവാ മദ്യം എന്ന് പറയുന്നത് ഒരു പ്രപഞ്ച സത്യമാണ്! അപ്പോള്‍ എന്തുകൊണ്ട് ഇതിനെ കുറിച്ചു ആധികാരികമായി സംസാരിക്കാന്‍, ആശയങ്ങള്‍ പങ്കു വെയ്ക്കാന്‍ ഒരുകൂട്ടയ്മ ഉണ്ടാക്കിക്കൂട എന്ന് ചിന്തയിൽനിന്നാണ് ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറി’യുടേയും പിറവി.മദ്യപാനികള്‍ക്ക് എതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുക എന്നത് മാത്രമല്ല ഈ കൂട്ടായിമ്മയുടെ ലക്ഷ്യം. നല്ല രീതിയില്‍ എങ്ങിനെ മദ്യപിക്കാം എങ്ങിനെ ഡ്രിങ്കുകള്‍ മിക്‌സ് ചെയ്യാം മദ്യത്തിനൊപ്പമുള്ള ഭക്ഷണം എന്തൊക്കെ എന്നെല്ലാം ഇവിടെ കൃത്യമായി പറഞ്ഞുതരും. ഉത്തരവാദിത്തോടെയുള്ള മദ്യപാനം എന്നാണ് ഗ്രൂപ്പിന്റെ മുദ്രാവാക്യം തന്നെ.

പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ രാഷ്ട്രീയ പാര്‍ട്ടിയേതെന്നോ സ്ത്രീ പുരുഷനെന്നോ വിത്യാസമില്ലാതെ എല്ലാവരുടേയും പോസ്റ്റുകള്‍ക്ക് മികച്ച പ്രോത്സാഹനവും ഇവര്‍ നല്‍കുന്നുണ്ട്. പല മിക്‌സുകളെക്കുറിച്ചും രീതികളെക്കുറിച്ചും വീഡിയോ സന്ദേശമായി നല്‍കുന്നത് ഗ്രൂപ്പിന് പുറത്തും ഹിറ്റാണ്.

എന്നാല്‍, വെറും കള്ളുകുടിയന്മാരുടെ ഗ്രൂപ്പ് എന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. വിദ്വേഷമോ, വെറുപ്പോ, സംസ്‌കാരശൂന്യമായ കമന്റുകളോ ഒന്നുമായും ഇവിടേയ്ക്ക് കയറാമെന്ന് കരുതേണ്ട. കാരണം പരസ്പര ബഹുമാനത്തില്‍ ഊന്നിയാകണം ആശയവിനിമയം എന്ന് ഗ്രൂപ്പില്‍ നിബന്ധനയുണ്ട്. ഗ്രൂപ്പിന്റെ നിയമം ലംഘിക്കുന്നവരെ അപ്പോള്‍ തന്നെ പുറത്താക്കുക എന്നതാണ് കൂട്ടായമ്മയുടെ നിയമം.

2017 മെയ് 1ന് തുടങ്ങിയ ഗ്രൂപ്പില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പത്തുലക്ഷം പേരാണ് ഇതില്‍ ഇതിനോടകം അംഗങ്ങളായത്.കേരളത്തിലെ നൂറോളം ബാറുകളില്‍ ജി എന്‍ പി സി അംഗങ്ങള്‍ക്കു ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരം സ്വദേശിയായ ബിസിനസുകാരനാണത്രേ ഈ ഗ്രൂപ്പിനു പിന്നില്‍.