Sat. Nov 7th, 2026

വിവാദങ്ങൾക്കും നാടകീയതകൾക്കുമൊടുവിൽ കേരളാ കോൺഗ്രസ് നേതാവ് ജോസ്.കെ മാണി യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയാവും. പാലായിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടനുണ്ടാകും.

സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി ചെയർമാൻ കെ.എം മാണിയും പി.ജെ.ജോസഫും ചെറുപ്പുങ്കലിലെ റിസോർട്ടിൽ നേരത്തെ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം നടന്ന യോഗത്തിലാണ് ജോസ് കെ.മാണിയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.

അതേസമയം, യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതിനെ തുടർന്ന് കേൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരുന്നു. ലീഗ് ഇടപെട്ടതിനെ തുടർന്നാണ് സീറ്റ് മാണിക്ക് നൽകിയതെന്നായിരുന്നു ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് ലീഗ് നേതാവും എം.പിയുമായ കുഞ്ഞാലിക്കുട്ടി വിശദീകരണം അറിയിച്ചിരുന്നു.

ഇക്കാര്യത്തിൽ ലീഗ് ഇടപെട്ടത് പൊതുതാത്പര്യം മുൻ നിർത്തിയാണെന്നും ഇതിന്റെ ഗുണം മുന്നണിക്ക് പിന്നീട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ലീഗിന്റെ സീറ്റ് വിട്ടു കൊടുത്തപ്പോൾ അണികൾക്കിടയിൽ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഇതിനിടെ ലീഗിന്റെ സമ്മർദ്ദം കാരണമല്ല മാണിക്ക് സീറ്റ് നൽകിയതെന്നും മുന്നണി വിപുലീകരിക്കാനാണെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.