Sun. Apr 14th, 2024

തിരുവനന്തപുരം പോത്തൻകോട് ഏഴുവർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായി ആദ്യരാത്രി മണിയറയിൽ പ്രവേശിച്ച്‌ മധുവിധുവിലേക്ക് കടക്കുമ്പോഴാണ് യുവതിയുടെ എല്ലാം സ്വപ്നങ്ങളും തകർത്തെറിഞ്ഞ ആ ഫോൺ കാൾ എത്തിയത്. തന്റെ ജീവിതപങ്കാളി ആണല്ല, പെണ്ണാണെന്ന്!

സമചിത്തത വീണ്ടെടുത്ത വധു അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ വരന്റെ കള്ളി വെളിച്ചത്തായി. യുവതിയുടെ ഭർത്താവാകാൻ വന്നവൻ ആൺവേഷം കെട്ടിയ പെണ്ണ് തന്നെ.ഹൃദയം നുറുങ്ങുന്ന വേദനയുമായി ഒടുവിൽ യുവതി വീട്ടുകാർക്കൊപ്പം മടങ്ങി. വധുവിന്റെ വീട്ടുകാരടക്കം ക്ഷേത്രത്തിൽ വച്ച് നടത്തിയ വിവാഹത്തിൽ വരന്റെ നമ്പറുകളൊന്നും ആർക്കും മനസിലായതുമില്ല.

പോത്തൻകോട് സ്വദേശിയായ യുവതിയ്ക്കാണ് ആൺവേഷം കെട്ടിയ കാമുകനെ വരിച്ച് അബദ്ധം പിണഞ്ഞത്. ഏഴുവർഷത്തെ പ്രണയത്തിലൊന്നും ആ വേഷംകെട്ടൽ യുവതിയ്ക്ക് തിരിച്ചറിയാനായില്ല. ഒടുവിൽ ആദ്യരാത്രിയിൽ വരന്റെ സുഹൃത്തിന്റേതായി വന്ന ഫോൺകോളാണ് ആ സത്യം വെളിച്ചത്താക്കിയത്.

ബി.എഡ് ബിരുദധാരിയും നിർദ്ധന കുംടുംബത്തിലെ അംഗവുമാണ് യുവതി. ഏഴു വർഷം മുൻപ് ടെക്നോ പാർക്കിലെ ഒരു കമ്പനിയിൽ ജോലിക്ക് പോയപ്പോഴാണ് അതേ കമ്പനിയിൽ ജോലിക്കാരനായ ശ്രീറാം എന്ന യുവാവുമായി പരിചയത്തിലാകുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണെന്നാണ് ഇയാൾ ധരിപ്പിച്ചത്. പരിചയം പിന്നെ പ്രണയമായി വളർന്നു. അതിനിടെ യുവതിയെ ഇയാൾ അച്ഛനമ്മമാരെ കാണിക്കാനായി കൊല്ലത്തെ വീട്ടിൽ കൊണ്ടുപോയി. എന്നാൽ, അവർ കൊച്ചിയിൽ പോയെന്ന് പറഞ്ഞതിനാൽ കാണാനായില്ല.

അതിനിടെ ‘യുവാവ് ടെക്നോപാർക്ക് വിട്ട് കരുനാഗപ്പള്ളിയിൽ മറ്റൊരു ജോലി കിട്ടിപ്പോയി. എങ്കിലും ഇരുവരും ബന്ധം തുടർന്നു. വീട്ടുകാർ എതിർത്തെങ്കിലും യുവതി വഴങ്ങിയില്ല. അയാളെതന്നെ വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചു. ഒടുവിൽ വിവാഹത്തിന് ബന്ധുക്കൾ സമ്മതംമൂളി. ക്ഷണക്കത്ത് തയ്യാറാക്കി വേണ്ടപ്പെട്ടവരെ മാത്രം ക്ഷണിച്ചു. പോത്തൻകോട്ടെ ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ 31ന് വിവാഹം നിശ്ചയിച്ചു. മൂന്ന് പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ളവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.

മുഹൂർത്ത സമയമെടുത്തപ്പോൾ വരൻ ഒറ്റയ്ക്ക് കാറിലെത്തി. വീട്ടുകാർ എവിടെ എന്ന് ചോദിച്ചപ്പോൾ അവർ വന്ന വാഹനം അപകടത്തിൽപെട്ടെന്നും പിന്നാലെ വരുമെന്നും മറുപടി നൽകി. മുഹൂർത്ത സമയം ആയിട്ടും വീട്ടുകാർ എത്തിയില്ലെങ്കിലും വരൻ എത്തിയല്ലോ എന്ന ആശ്വാസത്തിൽ വിവാഹം നടന്നു.

വരന്റെ നീക്കത്തിൽ യുവതിയുടെ ബന്ധുക്കൾക്ക് സംശയം ഉണ്ടായിരുന്നെങ്കിലും അയാളുടെ വാക്ചാരുതിയിൽ പറഞ്ഞതെല്ലാം വിശ്വസിച്ചു. വാടക വീട്ടിലായിരുന്നു വരൻ താമസിച്ചിരുന്നത്. ഇരുവരെയും കൂട്ടി യുവതിയുടെ ചില ബന്ധുക്കൾ ആ വീട്ടിലെത്തി. ഒറ്റമുറിയുള്ള വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സംശയം തോന്നി യുവതിയുടെ 15 പവൻ ആഭരണങ്ങൾ ബന്ധുക്കൾ രഹസ്യമായി ഊരിവാങ്ങി മടക്കിക്കൊണ്ട് പോയി.

രാത്രിയിൽ വരൻ തുരുതുരാ ഫോൺകോൾ എത്തി. അതിലൊന്ന് യുവതിയ്ക്ക് കൈമാറി. അങ്ങേത്തലയ്ക്കൽ കേട്ടത് ഇങ്ങനെ കുട്ടി നീ രക്ഷപ്പെട്ടോ അവൻ ആണല്ല പെണ്ണാണ് . വിവാഹം ഉറപ്പിച്ചെന്നറിഞ്ഞപ്പോൾ മുതൽ നിന്നെ ബന്ധപ്പെടാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും പേരോ സ്ഥലമോ ഒന്നും അറിയാത്തതിലാണ് കഴിയാതെ പോയത്. ബുദ്ധിപരമായി രക്ഷപ്പെടുക. ഞാൻ പറഞ്ഞ ഈ വിവരം അവൻ അറിയരുത്. അതോടെ ഫോൺ കട്ടായി.

ഇതിനിടെ, നിന്റെ ആഭരണങ്ങൾ എന്ത് ചെയ്തുവെന്നും തനിക്ക് കുറച്ച് കടമുണ്ടെന്നും പെൺകുട്ടിയോട് ;വരൻ പറയുകയും ചെയ്തു. കടമെടുത്ത് വാങ്ങിയതിനാൽ തൽക്കാലം അമ്മ കൊണ്ടുപോയതായും ഒരാഴ്ചയ്ക്കകം മടക്കി തരുമെന്നും യുവതി തന്ത്രപൂർവമായ മറുപടി നൽകി. ഫോൺ വന്ന വിവരം യുവതി വരനെ വെട്ടിച്ച് വീട്ടിൽ അറിയിച്ചു. പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ വരനെയും കൂട്ടി രാവിലെ തന്നെ എത്തണമെന്ന് ബോധപൂർവം വീട്ടുകാർ നിർദ്ദേശിച്ചു.

നോമ്പ് ആചരിക്കുന്ന വീട്ടുകാരാണ് അയൽപക്കത്ത് ഉണ്ടായിരുന്നത് അതിനാൽ രാത്രിയിൽ വെളിച്ചവും ആളനക്കവുമായി ഉറങ്ങാതെ വധുവും ഇരുന്നു. പിറ്റേന്ന് വരനെയും കൂട്ടി യുവതി വീട്ടിലെത്തി.വീട്ടുകാർ ഇരുവരെയും പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പരിശോധനയിൽ വരൻ ട്രാൻസ് ജെൻഡർ അല്ലെന്നും പെണ്ണ് തന്നെയാണെന്നും കണ്ടെത്തി. തിരിച്ചറിയാൻ കഴിയാത്തവിധം ആൺവേഷം കെട്ടിയാണ് ഇവർ നടന്നിരുന്നത്. വധുവിന്റെ വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ കേസെടുക്കാതെ പൊലീസ് പെണ്ണായ വരനെ പറഞ്ഞുവിട്ടു. അതേസമയം, വഞ്ചനാക്കുറ്റത്തിന് കേസെടുക്കാത്ത പൊലീസിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.