Sun. Nov 22nd, 2026

വരാപ്പുഴ കസ്റ്റഡി മരണത്തെ കുറിച്ച് സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ പ്രതിപക്ഷ ബഹളം. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ ബാനറും ഉയർത്തി. ബഹളത്തെ തുടർന്ന് സഭ ചേരാനാകാതെ വന്നതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

പ്രതിപക്ഷത്ത് നിന്ന് വി.ഡി.സതീശനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ ഈ വിഷയം കോടതിയുടെ പരിഗണനയിൽ ആണെന്നും അതിനാൽ അടിയന്തരപ്രമേയത്തിന് അനുമതി നൽകാനാവില്ലെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ റൂളിംഗ് നൽകി. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ ഇറങ്ങിയത്.

അംഗങ്ങളോട് ശാന്തരാകാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭ സുഗമമായി നടക്കാൻ പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് സഭ നിറുത്തിവയ്ക്കുന്നതായി സ്പീക്കർ പ്രഖ്യാപിച്ചത്. കസ്റ്റഡി മരണക്കേസിൽ പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഈ വിഷയം അടിയന്തരശ്രദ്ധ കിട്ടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് കക്ഷി നേതാക്കളെ സ്പീക്കർ ചർച്ചയ്ക്ക് വിളിച്ചു. ചർച്ചയ്ക്ക് ശേഷം സമ്മേളിച്ചെങ്കിലും ബഹളം തുടർന്നതോടെ സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു.