Sat. Nov 21st, 2026

കെവിന്റെ ദുരഭിമാന കൊലയില്‍ സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ ഉയര്‍ന്ന വിമര്‍ശത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെവിന്റെ മരണം നാട്ടില്‍ നടക്കാന്‍ പാടില്ലാത്തതാണ്. അത് രാഷ്ട്രീയവത്കരിക്കാനും സര്‍ക്കാരിനെതിരെ തിരിച്ചുവിടാനും ശ്രമമുണ്ടായി. ചാനലുകളില്‍ ഇരുന്ന് ആക്രോശിക്കുന്നവര്‍ വിധികര്‍ത്താക്കളാകരുത്. ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താന്‍. മാധ്യമ ചര്‍ച്ചകള്‍ തന്നെ തനിക്കെതിരെ നടന്നു. ആക്ഷേപം തന്റെ മേലേക്ക് വേണ്ട. ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യത പരിഗണിച്ച് കൂടുതല്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലത്തിന്റെ മാറ്റം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മനസ്സിലാക്കിയില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അക്കാര്യമെങ്കിലും അവര്‍ ഓര്‍ക്കണമായിരുന്നുവെന്നും കൊല്ലത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കെവിന്റെ മരണത്തില്‍ ഗാന്ധിനഗര്‍ എസ്.ഐയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു. അസാധാരണമായ കൃത്യവിലോപമാണ്. തനിക്ക് സുരക്ഷ ഒരുക്കേണ്ടതിനാല്‍ ആണ് അന്വേഷണം നടത്താത്തതെന്ന എസ്.ഐയുടെ വാദം മുഖ്യമന്ത്രി വീണ്ടും തള്ളി. മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട സുരക്ഷയൊരുക്കാന്‍ ലോക്കല്‍ എസ്.ഐയെ നിയോഗിക്കാറില്ല. അതിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴക്കേണ്ടതില്ല. അതുകൊണ്ട് പരാതി കിട്ടിയാല്‍ നടപടിക്ക് തടസ്സമാകില്ല.

കെവിനെ തട്ടിക്കൊണ്ടുപോയ കാര്യം അറിയിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാജോലിയുണ്ട്. അത് കഴിയട്ടെ എന്ന് എസ്.ഐ മറുപടി നല്‍കിയ കാര്യം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് പിണറായി എസ്.ഐയ്‌ക്കെതിരെ പരാമര്‍ശം നടത്തിയത്. എസ്.പിയ്ക്കും വീഴ്ചയുണ്ടി. ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നതില്‍ എസ്.പിയും വിജയിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കേണ്ട ചുമതല എസ്.ഐയ്ക്കില്ല. അതിന് പ്രത്യേക സംഘവും സംവിധാനങ്ങളുമുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പോലീസിന്റെ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു.തന്റെ സുരക്ഷാ ജോലിയില്‍ എസ്.ഐ ഇല്ലെന്ന മുന്‍ വാദത്തിലാണ് മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുന്നത്. എന്നാല്‍ എസ്.ഐയെ സുരക്ഷാ ജോലിക്ക് നിയോഗിച്ചുള്ള സര്‍ക്കുലര്‍ ഇന്നലെ പുറത്തുവന്നിരുന്നു. പട്ടികയില്‍ അഞ്ചാമതായി എസ്.ഐയുടെ പേരുണ്ടായിരുന്നു.

കെവിന്റെ സംസ്‌കാര ചടങ്ങുകഴിഞ്ഞതോടെയാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. വൈദ്യൂതിമന്ത്രി എം.എം മണിയും വിമര്‍ശനം ഉന്നയിച്ചിരുന്നു.