Fri. Mar 29th, 2024

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചു. നിലവിലെ ഗവർണർ നിർഭയ് ശർമ്മ ഈ മാസം 28ന് വിരമിക്കുന്ന ഒഴിവിലാണ് കുമ്മനത്തിന്റെ നിയമനം. രാഷ്ട്രപതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഗവർണർ പദവിയെന്നാണ് സൂചന.

1952 ഡിസംബർ 23ന് കോട്ടയം ജില്ലയിലെ കുമ്മനത്ത് വാളാവള്ളിയിൽ അഡ്വ. വി.കെ രാമകൃഷ്ണപിള്ള പി. പാറുക്കുട്ടിയമ്മ ദമ്പതികളുടെ മകനായി ജനനം. കുമ്മനം ഗവ. യു.പി സ്കൂൾ, എൻ.എസ്.എസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ രാജശേഖരൻ സി.എം.എസ് കോളജിൽ നിന്ന് ബി.എസ്.സി ബിരുദം നേടി.

പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ നേടിയ അദ്ദേഹം ദീപിക, രാഷ്ട്രവാർത്ത, കേരളദേശം, കേരളഭൂഷണം, കേരളധ്വനി എന്നി പത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 1974ൽ എഫ്.സി.ഐയിൽ ജീവനക്കാരനായി. 13 വർഷത്തെ സേവനത്തിന് ശേഷം 1987ൽ ജോലി രാജിവച്ച് ആർ.എസ്.എസിന്റെ മുഴുവൻ സമയ പ്രചാരകനായി. 1979ൽ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയായി.

നിലക്കൽ പ്രക്ഷോഭം, പാലിയം വിളംബരം, ആറന്മുള സമരം അടക്കമുള്ള വിഷയങ്ങളിൽ മുഖ്യപങ്ക് വഹിച്ച രാജശേഖരൻ ക്ഷേത്ര സംരക്ഷണ സമിതിയിലും പ്രവർത്തിച്ചിട്ടുണ്ട്. ആർ.എസ്.എസിന്റെ കൊച്ചി എളമകരയിലെ ആസ്ഥാനമായ മാധവ നിവാസിലാണ് താമസം. അവിവാഹിതനാണ്. 1987ൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ ഹിന്ദുമുന്നണി സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.