പേരാമ്പ്രയിൽ പനി ബാധിച്ച് മരിച്ചവരെ പരിചരിച്ചിരുന്ന സ്റ്റാഫ് നഴ്സും നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സും പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശിയുമായ ലിനി പുതുശേരി (31) ആണ് മരിച്ചത്. നിപ്പാ വൈറസ് ബാധിച്ചു മരിച്ച ചങ്ങരോത്തെ സഹോദരങ്ങളെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ ശുശ്രൂഷിച്ചത് ലിനിയാണ്. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച ലിനിയുടെ മൃതദേഹം വൈറസ് ബാധ പടരാതിരിക്കുന്നതിന് വേണ്ടി ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. ഇതോടെ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ഒന്പതായി.
അതേസമയം, നിപ്പാ വൈറസ് അടക്കം കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 16 ആയി. കോഴിക്കോട് ജില്ലയിൽ മാത്രം രണ്ടാഴ്ചയ്ക്കിടെ 15 പേരാണ് പനി ബാധിച്ച് മരിച്ചത്. കോഴിക്കോട് ചെലവൂർ കാളാണ്ടിത്താഴം കാരിമറ്റത്തിൽ ബാബു സെബാസ്റ്റ്യന്റെ ഭാര്യ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം ഹെഡ് നഴ്സ് ടെസി ജോർജ് (50), നടുവണ്ണൂർ കോട്ടൂർ തിരുവോട് മയിപ്പിൽ ഇസ്മയിൽ (50), മലപ്പുറം തിരൂരങ്ങാടി മൂന്നിയൂർ ആലിൻചുവട് പാലക്കത്തൊടു മേച്ചേരി സിന്ധു (36), പൊന്മള ചട്ടിപ്പറമ്പ് പാലയിൽ അബ്ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഷിബിലി (14), കൊളത്തൂർ കാരാട്ടുപറമ്പ് താഴത്തിൽതൊടി വേലായുധൻ (സുന്ദരൻ – 48) എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. താമരശ്ശേരി പുതുപ്പാടി വള്ളിയാട് പുഴംകുന്നുമ്മൽ അബൂബക്കറിന്റെ ഭാര്യ റംല (38) ഡെങ്കിപ്പനി ബാധിച്ച് മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ചികിത്സയിൽ കഴിയുന്ന ഏഴ് പേരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇവർക്ക് പുറമെ 25 പേർ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്.
കോഴിക്കോടും മലപ്പുറത്തും പനിബാധയെ തുടര്‍ന്ന് ആള്‍ക്കാര്‍ മരിച്ചത് നിപാ വൈറസിന്റെ പശ്ചാത്തലത്തില്‍ ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. രോഗലക്ഷണമുള്ളവരുടെ രക്തസ്രവ പരിശോധന നടത്തണമെന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ചെറുവണ്ണുരും, ചെമ്പനോടയിലും പന്തിയിരിക്കരയിലും ആരോഗ്യവകുപ്പ് ക്യാമ്പ് തുറന്നിട്ടുണ്ട്.
നിപാ വൈറസ് ബാധയ്ക്ക് സമാനഗതിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ രോഗിയുടെ രക്ത സ്രവ പരിശോധനകള്‍ നടത്തണമെന്നും മണിപ്പാലില്‍ പരിശോധന നടത്തുകയും പൂനെയിലെ ലാബില്‍ നിന്നും സ്ഥിരീകരണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ചികിത്സ കൊണ്ടു ഗുണമില്ലാത്തതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ക്കാണ് ആരോഗ്യവിഭാഗം മുന്‍തൂക്കം നല്‍കുന്നത്.
ആശുപത്രികളില്‍ രോഗനിര്‍ണ്ണയ പരിശോധനകള്‍ അസാധ്യമായതിനാലും പ്രതിരോധ മരുന്നുകള്‍ ഇല്ലാത്തതിനാലും മുന്‍കരുതലുകള്‍ എടുക്കുക മാത്രമേ പ്രതിവിധിയുള്ളൂ. രോഗബാധ തടയാന്‍ സംവിധാനമുള്ളത് കോഴിക്കോട്ടെ ചില ആശുപത്രികളില്‍ മാത്രമാണ്. അതുകൊണ്ടു തന്നെ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കരുതെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ചികിത്സ സ്വകാര്യ ആശുപത്രികളില്‍ പോലും സൗജന്യമാക്കാനും ഉദ്ദേശമുണ്ട്.
ആരോഗ്യമന്ത്രിയൂടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ അവലോകനയോഗം ചേര്‍ന്നു. മന്ത്രി ടി പി രാമകൃഷ്ണനും പങ്കെടുത്തു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പഠിക്കാന്‍ കേന്ദ്രസംഘം ഇന്ന് കോഴിക്കോട്ട് എത്തുന്നുണ്ട്. നേരത്തേ പേരാമ്പ്രയില്‍ രോഗബാധിതരെ ചികിത്സിക്കുകയും പിന്നീട് അസുഖം ബാധിച്ചു മരിക്കുകയും ചെയ്ത നഴ്‌സിന്റെ മൃതദേഹം വിട്ടു കൊടുക്കാതെ തന്നെ ആശുപത്രി സംസ്‌ക്കരിച്ചു. വൈറസ് പടരാതിരിക്കാനാണ് നടപടിയെന്നാണ് നല്‍കിയിട്ടുള്ള വിശദീകരണം.
പനി നേരിടാൻ സംസ്ഥാന തലത്തിൽ കൺട്രോൾ റൂം തുറന്നു. കോഴിക്കോട്ടെ പനി മരണങ്ങളെക്കുറിച്ച് പഠിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പേരാന്പ്ര ഉൾപ്പടെയുള്ള സ്ഥലങ്ങൾ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും കേന്ദ്ര സംഘവും ഇന്ന് സന്ദർശിക്കും.