Fri. Nov 20th, 2026

ജില്ലയിലെ ചങ്ങരോത്ത് നിപ്പാ വൈറസ് ബാധിച്ച് മരിച്ച മൂസയുടെ വീട്ടിലെ കിണറിൽ നിന്നാണ് രോഗം പടർന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കിണറ്റിൽ വാവലുകളെ ചത്ത നിലയിൽ കണ്ടെത്തി. ഈ വാവാലുകളിൽ നിന്നാണ് വൈറസ് ജലത്തിൽ പടർന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കിണർ മൂടിയിട്ടുണ്ട്. നിപ്പാ വൈറസിനെ തടയുന്നതിൽ ആരോഗ്യ വകുപ്പിന് വീഴ്ച വന്നിട്ടില്ല. രണ്ടാമത്തെ മരണം സംഭവിച്ചപ്പോൾ തന്നെ കേന്ദ്ര സർക്കാരിനെ വിവരം അറിയിച്ചിരുന്നു. കേന്ദ്ര സംഘം കേരളത്തിൽ എത്തിയിട്ടുണ്ട്. നാളെ മറ്റൊരു സംഘം കൂടി എത്തുന്നുണ്ട്. അവരും വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. രണ്ട് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തും. രോഗം ബാധിച്ചവരെ പ്രത്യേകം മാറ്റി ചികിത്സിക്കും. നിപ്പാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിച്ചതിനെ തുടർന്ന് നഴ്സിന് രോഗം ബാധിച്ചത് കണക്കിലെടുത്ത് ആശുപത്രികളിലെ ജീവനക്കാർക്ക് സുരക്ഷ ഏർപ്പെടുത്തും. ഇവർക്ക് ആവശ്യമായ മാസ്കുകളും കൈയുറകളും നൽകാനും തീരുമാനിച്ചു. മെഡിക്കൽ കോളേജിൽ നിന്ന് ആവശ്യമെങ്കിൽ രോഗികളെ സ്വകാര്യ ആശുപത്രികളിലെ ഐ.സിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുമെന്നും ശൈലജ പറഞ്ഞു.