കർണാടകയിൽ സർക്കാർ രൂപീകരിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസുമായി പങ്കിടാമെന്ന ധാരണ ഇല്ലെന്ന് നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രി പദം സംബന്ധിച്ചും അധികാരം പങ്കിടുന്നത് സംബന്ധിച്ചും ധാരണയായിട്ടുണ്ട്. തനിക്ക് കീഴിൽ ഒരു ഉപമുഖ്യമന്ത്രി ഉണ്ടാകും. അത് കോൺഗ്രസിൽ നിന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2007ൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി അധികാരത്തിലേറിയപ്പോൾ ഇത്തരമൊരു ധാരണ കുമാരസ്വാമിയുടെ ജനതാദൾ എസ് ഉണ്ടാക്കിയിരുന്നു. എന്നാൽ അധികാരം പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 20 മാസത്തിന്ശേഷം സഖ്യം തകർന്നിരുന്നു. ബി.ജെ.പിക്ക് വേണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു കൊടുക്കാൻ കുമാരസ്വാമി തയ്യാറാവാത്തതിനെ തുടർന്നായിരുന്നു ഇത്.
ബുധനാഴ്ചയാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേൽക്കുക. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി ബി.എസ്.യെദിയൂരപ്പ അധികാരമേറ്റെങ്കിലും വിശ്വാസ വോട്ടെടുപ്പിനെ അഭിമുഖീകരിക്കാതെ ഇന്നലെ രാജിവയ്ക്കുകയായിരുന്നു. തുടർന്നാണ് കുമാരസ്വാമി സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചത്.
കോൺഗ്രസിലെ ജി.പരമേശ്വരയാകും ഉപമുഖ്യമന്ത്രിയാവുക. ആഭ്യന്തര മന്ത്രി പദം പരമേശ്വര തന്നെ വഹിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ,