ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരിലെത്തുന്നു. ഇക്കാര്യം ബിജെപി നേരത്തെ അറിയിച്ചിരുന്നെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല. 24നാണ് ബിപ്ലബ് വരുന്നത്. ട്രോളന്മാര്ക്ക് പ്രിയപ്പെട്ടവനാണ് ബിപ്ലബ് കുമാര്‍ ദേബ്.ത്രിപുരയില്‍ അധികാരമേറ്റയുടനെ വിഡ്ഢിത്തരം നിറഞ്ഞതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമായ പ്രസ്താവനകളുടെ പെരുമഴയാണ് ബിപ്ലബ് ദേബ് തീര്‍ത്തത്. മഹാഭാരതം ലൈവും ഐശ്വര്യാ റായിയുടെ സൗന്ദര്യവും എല്ലാം ബിപ്ലബിന്റെ പരാമര്‍ശങ്ങള്‍ക്ക് പാത്രമായി. സിവില്‍ എഞ്ചിനീയറിംഗ് പഠിച്ചവരുടെ സിവില്‍ സര്‍വീസായിരുന്നു ഏറ്റവും ശ്രദ്ധേയമായ മണ്ടത്തരം. ഇത്തരത്തില്‍ നിരവധി അഭിപ്രായപ്രകടനങ്ങള്‍ ചെങ്ങന്നൂരിലും ഉണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതീക്ഷ.
ത്രിപുര മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തത് മുതല്‍ ബിപ്ലവ് ദേബ് വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത് മണ്ടത്തരങ്ങളുടെ പേരിലാണ്. ഒന്നിന് പുറകെ ഒന്നായി സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങള്‍ ബിജെപി മുഖ്യമന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്നു. രാജ്യമൊട്ടാകെ ബിജെപിക്ക് നാണക്കേടുണ്ടാക്കിയ ഈ പ്രസ്താവനകളുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിപ്ലബ് ദേബിനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്ന പ്രസ്താവനയോട് കൂടിയാണ് ബിപ്ലബ് ദേവ് രാജ്യമൊട്ടാകെ പ്രസിദ്ധനായത്. അതിന് ശേഷം ഇന്ന് വരെ ബിപ്ലബ് ട്രോളന്മാര്ക്ക് വിശ്രമം കൊടുത്തിട്ടില്ല. ഇന്റര്‍നെറ്റും സാറ്റലൈറ്റും ഇന്നത്തെ ടെക്നോളജിയുമെല്ലാം ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉണ്ടെന്ന് പുള്ളിക്കാരന് പറഞ്ഞ് വെച്ചു. മഹാഭാരത യുദ്ധത്തിനിടെ സഞ്ജയന് ധൃതരാഷ്ട്രര്‍ക്ക് വിവരം കൊടുത്തത് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണത്രേ.
അടുത്തതായി ലോകസുന്ദരിയായ ഡെയാന ഹെയ്ഡന് എതിരെയാണ് ബിജെപി മുഖ്യന്ഡ രംഗത്ത് വന്നത്. സൗന്ദര്യ മത്സരത്തില്‍ ഏത് ഇന്ത്യക്കാരി മത്സരിച്ചാലും കിരീടം ലഭിക്കുമെന്നും ഡയാനക്ക് പോലും അത് ലഭിച്ചെന്നും ബിപ്ലബ് ദേവ് പറഞ്ഞു കളഞ്ഞു. മാത്രമല്ല ഐശ്വര്യ റായിയാണ് ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നതെന്നും ബിപ്ലബ് ദേബ് പറഞ്ഞു. ഒടുക്കം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് തടിയൂരുകയും ചെയ്തു.