Sun. Jul 26th, 2026

ഭര്‍ത്താവ് ത്വലാക്ക് ചൊല്ലുമെന്ന മനോവിഷമത്തില്‍ അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തി. കോഴിക്കോട് നാദാപുരത്താണ് സംഭവം. നാദാപുരം സ്വദേശി സഫൂറയാണ് നാലുവയസുകാരിയായ മകളെ കൊലപ്പെടുത്തിയത്. ഇളയ മകളെയും കൊല്ലാന്‍ ഇവര്‍ ശ്രമം നടത്തിയതായി പൊലീസ്. സംഭവത്തെ തുടര്‍ന്ന് സഫൂറ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. സഫൂറയുടെ ഭര്‍ത്താവ് വിദേശത്താണ്. അടുത്തയാഴ്ച മൊഴിചൊല്ലാനായി ഇയാള്‍ നാട്ടില്‍ വരാനിരിക്കെയാണ് കൊലപാതകം നടന്നത്. സഫൂറയ്ക്ക് നാട്ടില്‍ മറ്റാരുമായോ അടുപ്പമുണ്ടെന്ന സംശയമാണ് മൊഴിചൊല്ലാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.

സംഭവം നടക്കുമ്പോള്‍ മറ്റാരും വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസ്. കൃത്യത്തിനുളള്ള കാരണം വ്യക്തമല്ലെന്നും സഫൂറയുടെ അപകടനില തരണം ചെയ്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും നാദാപുരം പൊലീസ് അറിയിച്ചു. ഭര്‍ത്താവ് മൊഴിചൊല്ലാനായി വരാനിരിക്കുന്നതായിരുന്നു. അതിലെ പ്രയാസത്തിലാണ് കാരണം എന്നാണ് അറിയുന്നത്.