Fri. Mar 29th, 2024

പ്രശാന്ത് ഗീത അപ്പുൽ

‘നിഷ്പക്ഷത’ എന്നത് ഒരു വൃത്തികെട്ട പദമാണ്.ജാതി ഒരു സാമൂഹ്യ യാഥാർഥ്യവും സ്ഥാപനവൽക്കരിക്കപ്പെട്ട സംവർഗവുമായ ഇൻഡ്യൻ സാഹചര്യത്തിൽ ഞങ്ങൾ ഒരിക്കലും നിഷ്പക്ഷരല്ല.കൃത്യമായ പക്ഷം ഉള്ളവർ തന്നെയാണ്.

വാരിയാർ = സംവരണമില്ല
അമ്പലവാസി = സംവരണമില്ല
നായർ = സംവരണമില്ല

വിവാഹത്തിൽ സംവരണമില്ല

അപ്പോ സംവരണത്തിന് വേണ്ടിയല്ല ജാതി പറയുന്നത്.

ഇനി ജാതി ബോധം ഉണ്ടാകാൻ, പരസ്യമിട്ടവന് ദൈവമോ മതമോ ഇല്ല

ഈ വാരിയർ യുവാവിനെ വെച്ച് ജനറലൈസ് ചെയ്യുന്നില്ല പക്ഷെ എങ്ങനെ ഈ ചിന്ത സാദ്ധ്യമാകുന്നു എന്നതാണ് പ്രസക്തമാകുന്നത്.

കേട്ടതിലും വായിച്ചതിലും കണ്ടതിലും വെച്ച് എറ്റവും വലിയ ബ്ലണ്ടർ ആണ് രവി പറഞ്ഞ മതവിശ്വാസമാണ് ജാതിയെ ഉണ്ടാക്കുന്നത് എന്നത്.

ജാതി ഒരു സാമൂഹ്യ യാഥാർഥ്യവും സ്ഥാപനവൽക്കരിക്കപ്പെട്ട സംവർഗവുമാണ്.അതിനെ തൻ്റെ കൈയിലുള്ള നാസ്തികത എന്ന മുഴക്കോൽ വെച്ച് അളന്ന് തിട്ടപെടുത്താനാണ് രവിചന്ദ്രൻ ശ്രമിക്കുന്നത് ഒന്നേ പറയാനുള്ളു

ഇനിയും വരില്ലേ ആടുകളെ മേച്ച് ഈ വഴിക്ക്?

ഒരാദർശമെന്ന നിലയിൽ, ഒരു സമരമാർഗ്ഗം എന്ന നിലയിൽ, വാസ്തവത്തിൽ ഉപരിപ്ലവം മാത്രമായ ജാതി ഉപേക്ഷിക്കലിനെ പ്രോത്സാഹിപ്പിക്കാനാവില്ല. സമുദായസംവരണത്തിന് അർഹരായവർ ‘ജാതി ഉപേക്ഷിക്കൽ’ ആദർശത്തിന്റെ പേരിൽ സംവരണാനുകൂല്യങ്ങൾ ഉപേക്ഷിക്കരുത്. ചരിത്രത്തിൽ ജന്മം കൊണ്ട് മാത്രം വെറുതേ കിട്ടിയ സവർണഹിന്ദുത്വത്തിന്റെ പ്രിവിലേജുകൾ ഒരാൾ ഉപേക്ഷിക്കും പോലെയല്ല (തീർച്ചയായും അതിനുമൊരു സന്നദ്ധത ആവശ്യമുണ്ട് അതിനെ കുറച്ചുകാണുകയല്ല ) കീഴാള ജനത ഈ സവർണപൊതുബോധത്തോടു പൊരുതി നേടിയ ഇടങ്ങൾ ഉപേക്ഷിക്കൽ.

പ്രത്യേകിച്ച് സംവരണം അതിന്റെ ലക്ഷ്യത്തിലേക്കുള്ള ചെറുദൂരം പോലും താണ്ടിയിട്ടില്ലെന്ന് സർവ്വേകൾ സാക്ഷ്യം പറയുമ്പോൾ . എല്ലാ പരോക്ഷ സൗമ്യതയും ഉപേക്ഷിച്ചു ജാതി ഹിന്ദുത്വം മനുഷ്യനെ തെരുവിൽ കൊല്ലുന്നുണ്ട്. ഭരണകൂടങ്ങൾ തന്നെ ഭരണഘടനയോടെന്നതിനേക്കാൾ സവർണ ഹിന്ദുത്വത്തോട് കൂറു പ്രഖ്യാപിക്കുന്നുണ്ട്. ഇതൊക്കെ ഏറ്റുവാങ്ങുന്ന ഒരു ജനതയ്ക്ക് ഞങ്ങൾക്ക് ജാതിയില്ല എന്ന് അത്ര നിഷ്കളങ്കമായി പറയാനാവില്ല.

സത്യത്തിൽ ആയിരക്കണക്കിനു കൊല്ലങ്ങളുടെയെങ്കിലും സവർണസംവരണത്തിന്റെ ദുരന്തത്തിൽ നിന്നും കര കയറാനാണ് സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനാ ശിൽപികൾ പുതിയ സംവരണം നടപ്പാക്കിയത്. ക്ഷേത്ര കാര്യങ്ങൾ, രാജ്യ ഭരണം, കച്ചവടം, വിദ്യാഭ്യാസം തുടങ്ങി സാമൂഹ്യ മേൽക്കോയ്‌മ ഉറപ്പിക്കുന്ന എല്ലാ ബൗദ്ധിക തൊഴിൽ മേഖലയിലും അയ്യായിരം വർഷം എങ്കിലുമായി ത്രൈവർണർക്ക് ഉറപ്പിച്ചു നിർത്തിയത് സംവരണമല്ലാതെ മറ്റെന്താണ്? മൊത്തം ജനസംഖ്യയിൽ തുലോം തുച്ഛമായിട്ടും ഇങ്ങനെ സാർവത്രിക സംവരണം വഴി ആയിരത്താണ്ടുകൾ കയ്യടക്കി വച്ച അധികാര വഴികളിൽ തങ്ങളിൽ പെടാത്തവർ പേരിനെങ്കിലും പങ്കാളികളാവുമ്പോൾ അസ്വസ്ഥരാവുന്നത്.

വസ്തുതകൾ:
(1) സർക്കാർ ജോലി ദാരിദ്ര്യ / തൊഴിലില്ലായ്മ നിർമ്മാർജ്ജന ഉപാധിയല്ല.
(2) മുന്നോക്കക്കാരിൽ കുറഞ്ഞ ശതമാനമേ ദരിദ്രർ കാണൂ.
(3) മുഴുവൻ സർക്കാർ ജോലിയും പാവപ്പെട്ടവർക്ക് സംവരണം ചെയ്താലും ദാരിദ്ര്യം അങ്ങനെ തന്നെ തുടരും. കാരണം ചെറിയൊരു ശതമാനം ദരിദ്രർക്ക് മാത്രം കൊടുക്കാവുന്ന എണ്ണമേ സർക്കാർ ജോലികൾക്ക് ഉള്ളൂ.
(4) രാജ്യത്തെ ദരിദ്രരിൽ മുക്കാലേ അരക്കാലും സംവരണ സമുദായങ്ങളിൽ തന്നെ.
(5) 50% സീറ്റുകളിൽ മാത്രമേ സംവരണമുള്ളു.
(6) 50% ക്വോട്ട മെറിറ്റിലാണ്. ജനസംഖ്യയിൽ 30% വരുന്ന ഉയർന്ന ജാതിക്കാർ ആണ് സിംഹഭാഗം മെറിറ്റ്‌ ക്വാട്ടയും കൈയടക്കുന്നത്. അവരോട് മത്സരക്ഷമത ഇല്ലാത്തത് കൊണ്ടാണ് പിന്നാക്ക സമൂഹങ്ങൾക്ക് സംവരണം ആവശ്യമായി വരുന്നത്.
(7) ജാതിയിൽ ‘കുറഞ്ഞ’വന് പതിത്വമുണ്ട് എന്ന വരേണ്യവാദം മാത്രമാണിത്. ഇതേ വാദം സാമ്പത്തികസംവരണ വിഷയത്തിലും ഉന്നയിക്കാമല്ലോ.

സംവരണ വിഷയത്തിൽ കൃത്യമായ നിലപാട് ഉണ്ടാകേണ്ട യുക്തിവാദിയുവജനവിഭാഗത്തിൻറെയും നിലപാടുകൾ ഇങ്ങനെയൊക്കെ നിഷ്പക്ഷമാകുമ്പോൾ കൃത്യമായ പക്ഷം പിടിച്ചല്ലേ പറ്റൂ ?