Fri. Mar 29th, 2024

എരുമേലി മുക്കൂട്ടുതറയിൽനിന്നു കാണാതായ ബിരുദ വിദ്യാർഥിനി ജസ്ന മരിയ ജെയിംസിനെ കണ്ടെത്താൻ സഹായകരമായ വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കേരള പൊലീസാണ് പാരിതോഷികം പ്രഖ്യാപിച്ചത്. വിവരം തിരുവല്ല ഡിവൈഎസ്പിയെയാണു അറിയിക്കേണ്ടത്. ഫോൺ: 9497990035.

മാർച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയമകൾ ജസ്നയെ കാണാതായത്. കാഞ്ഞിരപ്പള്ളി കോളേജിൽ രണ്ടാം വർഷ ബി.കോം. വിദ്യാർഥിനിയാണ്. കൊല്ലമുളയിലെ വീട്ടിൽനിന്ന് ഓട്ടോറിക്ഷയിൽ മുക്കൂട്ടുതറയിലും അവിടെനിന്ന് ബസിൽ എരുമേലി ബസ് സ്റ്റാൻഡിലും എത്തിയ വിദ്യാർഥിനിയെ പിന്നീട് കാണാതാവുകയായിരുന്നു.

അതിനിടെ ജസ്നയെ അന്വേഷിച്ച് ബെംഗളൂരുവിലേക്കും അവിടെ നിന്നു മൈസൂരുവിലേക്കും പോയ കേരള പൊലീസ് സംഘം വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനെത്തുടർന്നു മടങ്ങിപ്പോന്നു. ധർമാരാമിലെ ആശ്വാസഭവനിലും നിംഹാൻസ് ആശുപത്രിയിലും ജെസ്നയോടു സാമ്യമുള്ള പെൺകുട്ടിയെയും മുടി നീട്ടിവളർത്തിയ യുവാവിനെയും കണ്ടുവെന്ന സൂചനയെ തുടർന്നു ബെംഗളൂരുവിലെത്തിയ പൊലീസ് രണ്ടിടത്തെയും സിസി ക്യാമറകൾ പരിശോധിച്ചു. എന്നാൽ, ഇവയിലൊന്നും ജെസ്നയുടെ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല.

ജെസ്നയുടെ ചിത്രം കാണിച്ച് നിംഹാൻസിലെ ജീവനക്കാരോടും വിവരങ്ങൾ തേടി. അവർക്കും ജെസ്നയെ കണ്ടതായി ഓർമയില്ല. അതേസമയം ആശ്രമത്തിൽ ജെസ്നയെ കണ്ടുവെന്ന് പറയുന്ന പൂവരണി സ്വദേശി മൊഴിയിൽ ഉറച്ചു നിൽക്കുകയാണ്.