Tue. Apr 23rd, 2024

തൻറെ എഴുത്തുകളില്‍ നിറഞ്ഞ ആത്മഹത്യയെ തന്നെ ഒടുവില്‍ യുവകവി തിരഞ്ഞെടുത്തു. ജിനേഷ് ജോലി ചെയ്യുന്ന വടകര ഒഞ്ചിയം യുപി സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ജിനേഷ് മടപ്പള്ളിയുടെ പല കവിതകളിലും ആത്മഹത്യ തന്നെയായിരുന്നു പ്രധാന വിഷയം. 2009 ല്‍ പുറത്തിറക്കിയ കച്ചിത്തുരുമ്പാണ് ആദ്യ കവിതാസമാഹാരം. ഏറ്റവും പ്രിയപ്പെട്ട അവയവം, രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍ തുടങ്ങിയവയാണ് മറ്റു കവിതാസമാഹാരങ്ങള്‍.ജിനേഷിന്റെ ആത്മഹത്യയും ഇപ്പോഴും വായിച്ചു കൊണ്ടിരിക്കുന്ന അനവധി പ്രതികരണങ്ങളും എന്നിൽ നിറക്കുന്നത് വെറും യാന്ത്രികതയാണ്. എന്നാൽ ജിനേഷിന്റെ മനസ്സിനെ,ഒറ്റപ്പെടലിനെ, ആ മാനസിക വിഹ്വലതകളെ, അടങ്ങാത്ത വേവിനെ, ഒരഭയത്തിന് ഒരു വിരൽത്തുമ്പെങ്കിലും, ഒരാലിംഗനം, ഒരു സാമീപ്യം എന്ന് ആർത്ത നിമിഷങ്ങളെ എനിക്കങ്ങനെ തന്നെ ആത്മാവിലാവാഹിക്കാനാവുന്നുണ്ട്.. .

ബിന്ദു തങ്കം കല്യാണി

ജിനേഷിന്റെ ആത്മഹത്യയും ഇപ്പോഴും വായിച്ചു കൊണ്ടിരിക്കുന്ന അനവധി പ്രതികരണങ്ങളും എന്നിൽ നിറക്കുന്നത് വെറും യാന്ത്രികതയാണ്. എന്നാൽ ജിനേഷിന്റെ മനസ്സിനെ,ഒറ്റപ്പെടലിനെ, ആ മാനസിക വിഹ്വലതകളെ, അടങ്ങാത്ത വേവിനെ, ഒരഭയത്തിന് ഒരു വിരൽത്തുമ്പെങ്കിലും, ഒരാലിംഗനം, ഒരു സാമീപ്യം എന്ന് ആർത്ത നിമിഷങ്ങളെ എനിക്കങ്ങനെ തന്നെ ആത്മാവിലാവാഹിക്കാനാവുന്നുണ്ട്.. ജിനേഷ് ഒറ്റത്തവണ കൊണ്ട് അത് നേടിയെടുത്തെങ്കിൽ ആ സുവർണ്ണാനുഭവ നിമിഷങ്ങളിലൂടെ കടന്നു പോയി തിരിച്ചു വന്ന് ഇത് പറയാൻ ഭാഗ്യമുണ്ടായത് കൊണ്ട് തന്നെ..

ജീവിതം ഒരൊറ്റ ബിന്ദുവിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു, ഒരു ദിവസം കൊണ്ടല്ല.. സ്നേഹത്തിന്റെ ,സൗഹൃദത്തിന്റെ, വിരഹ വേദനകളുടെ, സ്വന്തമാക്കലുകളുടെ, കാത്തിരിപ്പുകളുടെ ഒരു മിഥ്യാ ലോകം സൃഷ്ടിച്ച് വൈകാരിക ചൂഷണങ്ങൾക്ക് ഇവൾ പ്രാപ്തയായി എന്ന് ബോധ്യപ്പെടും വരെ കൂടെ നിന്നിട്ട്.. പ്രണയത്തിന് മേലുള്ള എല്ലാ വൈകാരിക സമ്മർദ്ദങ്ങൾക്കും പാകമായി എന്ന് ബോധ്യപ്പെടുന്ന നിമിഷം വരെ കൂടെപ്പോവുക. തനിക്കെവിടെ നിന്നാണ് തിരിച്ചു നടക്കേണ്ടതെന്ന് മനസ്സിൽ ഉറപ്പിച്ച്, ലോകത്തിലെ ഏത് നടീനടൻമാരെയും വെല്ലുന്ന അഭിനേതാവായി, നിഷ്കളങ്കനായി, ഒരു നിമിഷം അവളെ ഒരഗാധ ഗർത്തത്തിലേക്ക് തള്ളി വിടുക.. അത് മരണത്തിലേക്കാണെന്ന് ഉറപ്പുണ്ടായിട്ടും തിരിച്ചു നടക്കുക..

കൊലക്കയറിലേക്കിട്ടു കൊടുത്തിട്ട് മരണത്തിലേക്കവൾ ഊളിയിട്ട് പോകുന്നത് ഒരു മേശക്കപ്പുറം കരളുറപ്പോടെ കണ്ടു നിൽക്കുക.. ദാ വന്നീ ശവത്തെയെടുത്ത് ഏതെങ്കിലും മോർച്ചറിയിൽ തള്ളൂ എന്ന് യാതൊരു സങ്കോചവുമില്ലാതെ സുഹൃത്തുക്കളെ ഫോൺ വിളിച്ച് വരുത്തുക… ശേഷം ബിയറിന്റെ അവസാന തുള്ളിയും വലിച്ചു കുടിച്ച് പുത്തൻ കാമുകിയുടെ കൈപിടിച്ച് അമാനവ സംഗമവേദിയിലേക്ക് രാഷ്ട്രീയം പറഞ്ഞിറങ്ങുക..

മൂന്നര വർഷം കൂടെ നടന്നവൾ, രാവിനെ പകലാക്കി കാവലിരുന്നവൾ, അവന്റെ ജീവനെ രണ്ടു തവണ ഗർഭപാത്രത്തിൽ ആവാഹിച്ചവൾ ,ജീവന്റെ തുടിപ്പുകളറ്റ്, മരണത്തിന്റെ നൂൽപ്പാലത്തിലൂടെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുമ്പോൾ മറ്റൊരുവളുടെ കൈപിടിച്ച് ജീവിതം ആഘോഷിച്ചാനന്ദിക്കുന്നവന്റെ മാനസികാവസ്ഥയാണ് അതിലെ ഏറ്റവും പൊറുക്കാനാവാത്ത ദുരന്തം.. അവിടെയാരാണ് ആത്മഹത്യക്ക് കാവൽ നിൽക്കുന്നത്? ജീവന് വിലകൽപ്പിക്കുന്നത്? ഐ സി യുവിലെ നരച്ച മേൽക്കൂരക്ക് താഴെ ജീവൻ തിരിച്ചുപിടിക്കാനുള്ള അവിശ്രാന്ത പരിശ്രമങ്ങൾ.. വായിലൂടെയും മൂക്കിലൂടെയുമൊക്കെ എത്ര ട്യൂബുകൾ.. അതൊക്കെ അപാരമായ വേദനകൾ നൽകുമെന്ന സുഹൃത്തുക്കളുടെ സാക്ഷ്യപ്പെടുത്തലുകൾ… പക്ഷേ വേദനയറിയാത്ത കടൽ ദൂരത്തിലേക്ക് അപ്പോഴേക്കും ഞാൻ യാത്ര പോയിരുന്നല്ലോ..!

അബോധത്തിലും പല തവണ അവന്റെ പേര് ഞാൻ ചൊല്ലി വിളിച്ചെന്ന്.. മരണത്തിലും പരസ്പരം കൂട്ടിരിക്കാമെന്ന് ആയിരം വട്ടം നമ്മൾ വാക്കു കൊടുത്തതാണല്ലോ.. എന്നിട്ടും മരണത്തിലേക്ക് ഞാൻ കാൽവെച്ച് നടക്കുമ്പോൾ നീ പിന്തിരിഞ്ഞ് നടന്നത് എങ്ങോട്ടാണ്?? അതിനുള്ള വിശദീകരണമാണ് ആ പ്രണയത്തിലെ ഏറ്റവും വലിയ ഭീരുത്വമായി എനിക്ക് തോന്നിയത്.. അവനെ പോലീസിനെക്കൊണ്ട് പിടിപ്പിക്കാനുള്ള ആത്മഹത്യാ നാടകമായിരുന്നത്രേ അത് !! അതിൽപ്പരമൊരു അപമാനം ആ ബന്ധത്തിനുണ്ടോ?

ഐസിയുവിലെ ഏകാന്തവാസത്തിനിപ്പുറം പിഴുതെടുത്തുപ്പോയ ഒരു പൂച്ചെടിപോലെ വീൽചെയറിൽ ഞാൻ തളർന്നു കിടക്കുമ്പോഴാണ് സൈക്യാട്രിസ്റ്റിന്റെ ചോദ്യം ഇനിയും മരിക്കണമെന്ന് തോന്നുന്നുണ്ടോ? ഇല്ല എന്നു പറയാൻ നാവനങ്ങുന്നുണ്ടായിരുന്നില്ലല്ലോ അപ്പോൾ…

ചോദ്യങ്ങൾ, വിമർശനങ്ങൾ ഇനി പിന്നാലെ വരുന്നുണ്ട്.. ഇത്രയും വിദ്യാഭ്യാസം, ഇത്രയും ബുദ്ധിമതി, ഇത്രയും നല്ലൊരു ജോലി,അമ്മയില്ലാതെ അനാഥയാകുമായിരുന്ന നിന്റെ മകൾ… എന്തിന്റെ കുറവായിരുന്നു നിനക്ക്? ഞാനൊന്നു പറയട്ടേ സുഹൃത്തുക്കളേ ഇതിനൊന്നിനും താങ്ങി നിർത്താനാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞാനപ്പോൾ.. വൈകാരികമായ ഉയർച്ചതാഴ്ചകളെ ബുദ്ധിവൈഭവം കൊണ്ട് നേരിടാവുന്നതായിരുന്നില്ല ഞാനാ രണ്ടാഴ്ചക്കാലം കൊണ്ട് അനുഭവിച്ച് തീർത്തത്.. അവിടെ ഞാൻ ഒറ്റക്കായിരുന്നു, എന്റെ ശരീരത്തിനും ബുദ്ധിക്കും താങ്ങാനാവാത്ത സങ്കടങ്ങളും.. ഞാൻ അതെങ്ങനെ ഒറ്റക്ക് തരണം ചെയ്യുമെന്നാണ്??

അവിടെ എല്ലാ പ്രതിഭയും വൈഭവങ്ങളും തോറ്റു പോകും.. ഞാനും തോറ്റു പോയിരുന്നു, ജിനേഷും തോറ്റു പോയിട്ടുണ്ട്.. അതാണ് അവനീപ്പോക്ക് പോയത്…. അല്ലാതെ മറ്റെന്താണ്…

മരണത്തിൽ നിന്ന് തിരിച്ചു വരികയെന്നാൽ ഡിപ്രഷന്റെ അതിഭീകരമായ ഒരു കാലത്തിനോട് യുദ്ധത്തിനൊരുങ്ങുക എന്നാണ്.. ഉറങ്ങാൻ പേടി, ഒറ്റക്കിരിക്കാൻ പേടി, ഒറ്റക്ക് കിടക്കാൻ പേടി, ഉറങ്ങിയുണരുമ്പോൾ നെഞ്ച് പൊട്ടിത്തെറിച്ച് മരിക്കും പോലെ.. ഇതിനെ കീഴടക്കലാണ് അതിഭീകരവും ദുരന്ത പൂർണ്ണവുമായ മരണത്തിനേക്കാൾ ഭയാനകമായ യജ്ഞം..

മരണത്തെ ഞാൻ അനുഭവിച്ചതാണ്.. സുഖദമായ ഒരു യാത്ര പോകൽ.. അലസമായ ഒരു സുഖമുണ്ടതിന്… നിറമില്ലാത്ത ഒരാകാശത്തിലൂടെ ഒരപ്പൂപ്പൻ താടി പോലെ അങ്ങനെ പറന്ന് പറന്ന് എവിടെയൊക്കെയോ അലഞ്ഞ് തിരിഞ്ഞ് ഞാൻ തിരിച്ചെത്തി.. ഇന്നോളം ഞാൻ അനുഭവിച്ചിട്ടില്ലാത്ത ഒരു യാത്രാസുഖമുണ്ടതിന്..
സൗഹൃദത്തിലെ, നിലപാടുകളിലെ കള്ളനാണയങ്ങളെ ,നന്മകളെ അവിടെ വെച്ച് നമുക്ക് തിരിച്ചറിയാൻ പറ്റും.. അതാണ് യഥാർത്ഥ തിരിച്ചറിവ്.. അവൾ മരിക്കേണ്ടവളായിരുന്നു, അവൾക്കിത് തന്നെ വരണം എന്ന മനസുകളെ എനിക്കത് കാട്ടിത്തന്നു.. എന്റെ ഏതൊക്കെയോ പെണ്ണഹങ്കാരങ്ങൾ ഇതോടെ ശമിച്ചിരിക്കാമെന്നവർ സന്തോഷിച്ചു.. ഞാൻ മരിച്ചു കിടക്കുമ്പോഴും എന്റെ സഹോദരങ്ങൾ, എന്റെഅമ്മ, എന്നെ സ്നേഹിച്ച സുഹൃത്തുക്കളോട് ഒക്കെ ഞാൻ ജീവനോടെ തിരിച്ചു വന്നാൽ എന്നെ എങ്ങനെയൊക്കെ വെറുക്കണമെന്ന് തന്നിഷ്ടം പോലെ കഥകളടിച്ചിറക്കി തെറ്റിദ്ധാരണകൾ വിതച്ചത് കൂടെ നിന്നവരെന്ന് നിങ്ങൾക്ക് തോന്നിയവർ തന്നെയാണ്..

ആളായും അർത്ഥമായും കൂടെ നിന്നവർ നിരവധി..പുരുഷൻമാരായ സുഹൃത്തുക്കളെല്ലാം കാമുകൻമാരായി മുദ്രകുത്തപ്പെട്ടു.. സ്ത്രീവാദത്തിൽ തുടങ്ങി എല്ലാ വാദങ്ങൾക്കും വേണ്ടി ഘോര ഘോരം യുദ്ധം നയിച്ച മഹാ ‘ പ്രതിഭകൾ’ വരെ ആ കഥകൾക്ക് ചൂട്ട് പിടിച്ച് നിന്നു..!! അത്തരം ഒരുപാട് നാടകങ്ങൾ സസൂഷ്മം, സവിനയം ഞാൻ കണ്ടു നിന്നു.. എനിക്കതിൽ നിറഞ്ഞ സന്തോഷമേയുള്ളൂ.. എന്നെ വീണ്ടുമൊരു പോരാട്ടത്തിന് സജ്ജയാക്കിയതിന്. പുതിയ ജീവന്റെ തുടിപ്പുകൾക്ക് നാം ജൻമം കൊടുക്കുമ്പോൾ നമ്മൾ നുള്ളിയെറിഞ്ഞ ജീവനുകളെ, ജീവിതങ്ങളെ ഓർത്ത് വെക്കുന്നത് നന്ന്.. മുന്നോട്ടുള്ള യാത്രക്ക് പ്രേരകവും ചാലകവുമൊക്കെയാണല്ലോ അവരും.. വെറുത്തവരോടും പിരിഞ്ഞ് പോയവരോടും ക്ഷമിക്കാൻ ഞാനെന്നേ പഠിച്ചു കഴിഞ്ഞു..

ഇത്രയേ പറയാനുള്ളൂ.. ആത്മഹത്യ ഒരുപകരണമാണ്.. ആരും എപ്പോഴും എവിടേയും അതെടുത്ത് ഉപയോഗിച്ചേക്കാം.. അതൊരു കഴിവുകേടല്ല.. ചിന്താശേഷിയോ പ്രതിഭയോ കുറഞ്ഞ് പോയതുകൊണ്ടുമല്ല. അതൊരു മാനസിക നിലയുടെ സ്വാഭാവിക പ്രതിഫലനം മാത്രമാണ്…

ആരേയും വിധിക്കരുത്, അതിന് നമുക്കർഹതയില്ല.. ജീവിച്ചിരിക്കുമ്പോൾ കൂടെ നിൽക്കാതെ മരണത്തിൽ വിലപിക്കുന്നവരോട് യാതൊരു അനുതാപവുമില്ല തന്നെ.ജിനേഷിനോട് അതുകൊണ്ടുതന്നെ നിറഞ്ഞ ആദരവും.. ആരുടേയും ഔദാര്യത്തിന് കാത്തുനിൽക്കാതെയുള്ള ആ പോക്കുണ്ടല്ലോ.. അതാണ് അന്തസ്സോടെ ,അഭിമാനത്തോടെയുള്ള യാത്ര.. യാത്രാമൊഴികളില്ലാതെ അനന്തവും അനസ്യൂതവുമായ യാത്ര!!!