Thu. Apr 25th, 2024

മാഹിയിൽ ഇന്നലെ സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും മാഹി നഗരസഭ മുൻ കൗൺസിലറുമായ ബാബു കണ്ണിപ്പൊയി (47)​ലിനെ വെട്ടിക്കൊന്നത് പത്തംഗ സംഘമാണെന്ന് പൊലീസ്. ന്യൂമാഹിയിൽ രണ്ട് ബി.ജെ.പി പ്രവർത്തകരെ വെട്ടിക്കൊന്നതിനുള്ള പ്രതികാരമാണിതെന്നും പൊലീസ് പറഞ്ഞു. പ്രതികളെല്ലാം പ്രദേശവാസികളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

2010 മേയ് 28നാണ് ബി.ജെ.പി പ്രവർത്തകരും പള്ളൂർ ഇരട്ടപ്പിലാക്കൂൽ സ്വദേശികളുമായ മടോർകണ്ടി വിജിത്ത് (28), കുരുന്തോട്ടത്ത് ഷിനോജ്(31) എന്നിവരെ വെട്ടിക്കൊന്നത്. ഒരു രാഷ്ട്രീയ കേസിൽ മാഹി കോടതിയിൽ ഹാജരായ ശേഷം ബൈക്കിൽ തിരിച്ച് വരുന്നതിനിടെ വിജിത്തിനെയും ഷിനോജിനെയും ന്യൂമാഹി കല്ലായി അങ്ങാടിയിൽ വച്ച് ബോംബെറിഞ്ഞ് ശേഷം വീഴ്‌ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ടി.പി.ചന്ദ്രശേഖരൻ വധക്കസേസിലെ പ്രതി കൊടി സുനി ഉൾപ്പെടെ 16 പേരാണ് ഈ കേസിലെ പ്രതികൾ. ഈ കൊലപാതകത്തിന്റെ സൂത്രധാരന്മാരിൽ ഒരാൾ ബാബുവാണെന്ന് നേരത്തെ ബി.ജെ.പി ആരോപിച്ചിരുന്നു.

അതേസമയം,​ ബാബുവിനെ വെട്ടിക്കൊന്നതിന് പ്രതികാരമായാണ് ബി.ജെ.പി പ്രവർത്തകനായ ഓട്ടോ ഡ്രൈവർ പെരിങ്ങാടിയിലെ ഷമേജി(41)​നെ കൊലപ്പെടുത്തിയതെന്നും പൊലീസിന് വിവരം ലഭിച്ചു. എട്ടംഗ സംഘമാണ് ഷമേജിനെ കൊലപ്പെടുത്തിയത്. രണ്ട കേസിലെയും പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ഉടൻ തന്നെ അറസ്റ്റിലാവുമെന്നും പൊലീസ് വ്യക്തമാക്കി. രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്.ഐ.ആർ. മാഹി പൊലീസും കണ്ണൂർ പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. ബാബുവിനെ വെട്ടിക്കൊന്നതിന് പകരമായാണ് ഷമേജിനെ കൊലപ്പെടുത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു.

പള്ളൂരിൽ ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ബാബു വീട്ടിലേക്ക് മടങ്ങവെ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിനടുത്തു വച്ച് അക്രമികൾ റോഡിൽ വളഞ്ഞിട്ട് വെട്ടിയ ശേഷം കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിൽ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.