Tue. Apr 23rd, 2024

രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നാലെ മാഹിയിൽ സംഘർഷം വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ബാബുവിന്റെ മൃതദേഹവുമായുള്ള വിലാപയാത്രക്കിടെ ഇരപ്പിലാകൂലിൽ ബി.ജെ.പി ഓഫീസിന് നേരെ ആക്രമണമുണ്ടായി. തൊട്ടുപിന്നാലെ പോണ്ടിച്ചേരി പൊലീസിന്റെ വാഹനത്തിന് തീയിട്ടു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. അൽപ്പസമയത്തിനുള്ളിൽ ന്യൂമാഹിയിൽ സി.പി.എം പ്രവർത്തകന്റെ കടയ്ക്ക് നേരെ ആർ.എസ്.എസ് ആക്രമണമുണ്ടായി. പൊലീസ് ഗ്രനേഡ് ഉപയോഗിച്ചാണ് അക്രമികളെ പിരിച്ചുവിട്ടത്.

അതേസമയം, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സി.പി.എം ലോക്കൽ കമ്മിറ്റി നേതാവും മുൻ കൗൺസിലറുമായ ബാബു കണ്ണിപ്പൊയിലിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് അജ്ഞാതരായ സംഘം ബാബുവിനെ വെട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ന്യൂമാഹിയിൽ വച്ച് നടന്ന ആർ.എസ്.എസ് – സി.പി.എം സംഘർഷത്തിൽ ആർ.എസ്.എസ് നേതാവ് ഷമേജ് കൊല്ലപ്പെട്ടു. ഇരുപാർട്ടിയിലെയും അംഗങ്ങൾ കൊല്ലപ്പെട്ടത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്.