Tue. Apr 23rd, 2024

സംസ്ഥാന പൊലീസില്‍ ഒന്നിലേറെ ചുമതലകള്‍ വഹിക്കുന്ന നിശാന്തിനി ഐപിഎസിനെതിരെ ഉദ്യോഗസ്ഥര്‍ക്കിടയിലും അമര്‍ഷം പുകയുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ മന്ത്രി കെ.കെ. ഷൈലജക്ക് പരാതി നല്‍കിയിരുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കു വേണ്ടിയാണ് നിശാന്തിനിക്ക് നിര്‍ഭയ സംസ്ഥാന കോ-ഓര്‍ഡിനേറ്ററുടെയും ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീം സ്‌പെഷ്യല്‍ ഓഫീസറുടെയും ചുമതല നല്‍കിയതെന്നാണ് മന്ത്രിയുടെ വിശദീകരണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവര്‍ക്കു സംരക്ഷണം നല്‍കാനും കേസുകളുടെ കാര്യക്ഷമമായ നടത്തിപപ്പിലൂടെ കുറ്റവാളികള്‍ക്ക് അതിവേഗം കര്‍ശന ശിക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് പൊലീസ് ഓഫിസറെത്തന്നെ നിയമിച്ചതെന്നും നിലവില്‍ ഇതൊരു സ്ഥാനക്കയറ്റ നിയമനമല്ലെന്നും ആഭ്യന്തര വകുപ്പിന്റെ കൂടി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിയമനമെന്നുമാണ് മന്ത്രിയുടെ മറുപടി.

എന്നാല്‍ ഇവരെ ഈ വകുപ്പുകളില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. ഹൈക്കോടതി പോലും നിശാന്തിനിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നാണ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ബാങ്ക് മാനേജരെ ക്രരൂരമായി മര്‍ദ്ദിച്ച കേസിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

തൊടുപുഴയില്‍ യൂണിയന്‍ ബാങ്ക് മാനേജരായിരുന്ന പേഴ്സി ജോസഫ് ഡെസ്മണ്ടിനെ 2011 മാര്‍ച്ചില്‍ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ നിശാന്തിനിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വ്യാജ പീഡനക്കേസില്‍ ബാങ്ക് മാനേജരെ പ്രതിചേര്‍ത്ത് കേസെടുക്കുകയും കസ്റ്റഡിയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. അന്ന് തൊടുപുഴ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിരുന്ന നിശാന്തിനി ഉള്‍പ്പെടെയുള്ള പോലീസുദ്യോഗസ്ഥര്‍ ആരോപണവിധേയരായ കേസാണിത്. നിശാന്തിനി തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പേഴ്‌സി ജോസഫിന്റെ മൊഴിയുണ്ടായിരുന്നു. നിശാന്തിനി പലവട്ടം കവിളില്‍ അടിച്ചതിന്റെ ഫലമായി കേള്‍വിശക്തിക്ക് ഗുരുതരമായ തകരാറുണ്ടായതായും മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ബാങ്ക് മാനേജര്‍ പേഴ്സി ജോസഫിനെ കുടുക്കാന്‍ പൊലീസ് ഒരുക്കിയ കളളക്കേസായിരുന്നു ഇത്. തൊടുപുഴ എഎസ്പി ആയിരുന്ന (ഇപ്പോള്‍ വനിതാ ബറ്റാലിയന്‍ കമാണ്ടര്‍) ആര്‍. നിശാന്തിനി അടക്കമുളള ഒരു പറ്റം പോലീസുദ്യോഗസ്ഥരുടെ പ്രതികാര നടപടിയില്‍ ഇദേഹത്തിന് നേരിട്ടത് ഏറെ നഷ്ടങ്ങളാണ്. കളളക്കേസില്‍ പതറാതെ ആറ് വര്‍ഷം നടത്തിയ നിയമയുദ്ധമാണ് ഇദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്നതിനും കളളക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ വകുപ്പ് തല നടപടി എടുപ്പിക്കുന്നതിനുമുളള ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലേക്കുമെത്തിച്ചത്. ഇവരെ വകുപ്പുതല നടപടിയെടുത്ത് സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചത.് എന്നാല്‍ പൊലീസിലെ ഉന്നതര്‍ ചേര്‍ന്ന് അവരെ ഇപ്പോഴും രക്ഷിച്ചു നിര്‍ത്തിയിരിക്കുകയാണ്.

വായ്പക്കായി ബാങ്കില്‍ ചെന്ന പ്രമീള ബിജു എന്ന പോലീസുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ഇദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ എ.എസ്.പിയുടെ അടുപ്പക്കാരിയായിരുന്ന നഗരഭരണത്തിലെ പ്രമുഖ, വായ്പക്കായി സമീപിച്ചപ്പോള്‍ നിരുത്സാഹപ്പെടുത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. വായ്പാ കുടിശിക നിലനില്‍ക്കുമ്പോള്‍ വീണ്ടും വായ്പയ്ക്കായി സമീപിച്ച ഇവരോട് ആവശ്യപ്പെട്ടത്ര തുക നല്‍കാനാവില്ലെന്ന് പറഞ്ഞത് ഇവരെ പ്രകോപിപ്പിച്ചു. അന്ന് ഭീഷണിയുമായാണ് വന്നവര്‍ മടങ്ങിയത്. അക്കാലത്ത് തൊടുപുഴ എ.എസ്.പിയായിരുന്ന നിശാന്തിനിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നയാളാണ് വായ്പയ്ക്കായെത്തിയത്. ഇതിന്റെ തൊട്ടടുത്ത ദിവസം തന്നെ രണ്ട് വനിത പോലീസുകാരെ വാഹന വായ്പ്‌ക്കെന്ന പേരില്‍ പേഴ്സിയുടെ ക്യാബിനിലേക്കയയ്ക്കുകയായിരുന്നു. എന്നാല്‍ ക്യാബിനില്‍ വച്ച് പ്രമീളയെന്ന പോലീസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയാണ് പിന്നീടുണ്ടായത്.

പേഴ്സി ജോസഫിന് കസ്റ്റഡിയില്‍ കടുത്ത പീഢനങ്ങളാണ് നേരിട്ടത്. ‘നിശാന്തിനി എന്റെ കരണത്തടിച്ചു. ഒപ്പമുണ്ടായിരുന്ന പോലീസുകാരും ക്രൂരമായി മര്‍ദിച്ചു. നിലത്തിരുത്തിയ ശേഷമായിരുന്നു മര്‍ദനം. ലാത്തി കൊണ്ട് കാല്‍വെളളയില്‍ അടിച്ചു. എനിക്ക് പറയാനുളളത് കേള്‍ക്കാന്‍ പോലും തയ്യാറാകാതെയായിരുന്നു മര്‍ദനം’- പോലീസ് മര്‍ദനത്തെ കുറിച്ചുളള പേഴ്സി ജോസഫിന്റെ വാക്കുകളാണിത്. ‘കേസ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2016 ഏപ്രില്‍ 15ന് തൊടുപുഴ കോടതി ഇദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ‘എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് കുറ്റാരോപിതനെ കസ്റ്റഡിയിലെടുത്തശേഷം പോലീസ് കുറ്റം കെട്ടിച്ചമച്ച് അറസ്റ്റ് രേഖപ്പെടുത്തുകയാണ് ചെയ്തത്. കേസ് പ്രഥമദൃഷ്ട്യ വ്യാജവും കെട്ടിച്ചമച്ചതാണെന്നതും വ്യക്തമാണ്. കുറ്റാരോപിതനെതിരായ തെളിവുകള്‍ അപര്യാപ്തവും അവിശ്വസനീയവുമാണ്’- പേഴ്സിയെ കുറ്റവിമുക്തനാക്കി കൊണ്ട് തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ജോമോന്‍ ജോണ്‍ പുറപ്പെടുവിച്ച വിധിയിലെ വാചകങ്ങളാണിത്.

തുടര്‍ന്നാണ് തനിക്കെതിരെ കളളക്കേസ് ചമച്ച എ.എസ്.പി അടക്കമുളള ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമയുദ്ധത്തിന് ഇദേഹം തുടക്കമിട്ടത്. നിശാന്തിനിയടക്കമുളള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഉത്തരവിറങ്ങിയെങ്കിലും നടപ്പായില്ല. ഇതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. നാലുമാസത്തിനകം തീര്‍പ്പുണ്ടാക്കാനായിരുന്നു കോടതി നിര്‍ദേശം. മനുഷ്യാവകാശ കമ്മിഷനും പോലീസ് കംപ്ലയിന്റ് അതോറിട്ടിയും പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഉത്തരവിട്ടിരുന്നു. ഈ വിധികളെല്ലാം പഠന വിധേയമാക്കിയ ശേഷമാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറിയുടെ പുതിയ ഉത്തരവ്. ‘വിവരിക്കാനാവത്ര വേദനയാണ് ഞാന്‍ സഹിച്ചത്. എന്നാല്‍ എന്റെ കുടുംബവും സഹപ്രവര്‍ത്തകരും നാട്ടുകാരും ഒപ്പം നിന്നതാണ് കരുത്തായതെന്നും പേഴ്സിപറയുന്നു.

പേഴ്സിക്കെതിരെ കളളക്കേസ് ചുമത്തിയതിനും മൂന്നാംമുറ പ്രയോഗിച്ചതിനുമാണ് നിശാന്തിനിയടക്കം ആറ് പോലീസുകാര്‍ക്കെതിരെ നടപടി നിര്‍ദേശം വന്നിരുന്നത്. നിശാന്തിനിക്ക് പുറമേ കേസും മര്‍ദനവും നടക്കുന്ന സമയത്ത് എസ്.ഐയായിരുന്ന കെ.വി മുരളീധരന്‍, വനിത പോലീസ് ഓഫീസര്‍ പി.ഡി പ്രമീള, സീനിയര്‍ സിവില്‍ ഓഫീസര്‍ നൂര്‍ സമീര്‍, ഡ്രൈവര്‍മാരയ ടി.എം സുനില്‍, കെ.എ ഷാജി എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടിക്ക് നിര്‍ദേശം. സംഭവസമയത്ത് ഇടുക്കി ജില്ലാ പോലീസ് മേധാവിയായിരുന്ന ജോര്‍ജ് വര്‍ഗീസ് നിലവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിനാല്‍ വകുപ്പ് തല നടപടിക്ക് വിധേയനാകില്ല.

ഇതിനിടെ നിശാന്തിനിയെ ക്രൈംബ്രാഞ്ച് എസ്പിയായി നിയമിക്കുകയും ചെയ്തു. മാത്രമല്ല അവര്‍ക്കെതിരെ ഇതുവരെ യാതൊരു അന്വേഷണവും നടന്നിട്ടുമില്ല. ഇതിനു പുറമെയാണ് നിര്‍ഭയ നോഡല്‍ ഓഫീസര്‍, ജെന്റര്‍ പാര്‍ക്ക് സിഇഒ, ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈററ്റി സ്‌പെഷ്യല്‍ ഓഫീസര്‍, വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റ് എന്നീ ചുമതലകള്‍ കൂടി നല്‍കിയത്. ഇതാണ് മറ്റ് ഉദ്യോഗസ്ഥരെയും ചൊടിപ്പിച്ചത്. ഇത് തങ്ങളുടെ അവസരം നഷ്ടപ്പെടുത്തുന്നതാണെന്നും തീരുമാനം പുനരാലോചിക്കണമെന്നുമാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണാനൊരുങ്ങുകയാണ് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍.