Sat. Nov 21st, 2026

1921 ജനുവരിയില്‍ കാനഡയിലെ ടൊറന്റോ ആശുപത്രിയില്‍ നടന്ന ആദ്യത്തെ വിജയകരമായ ഇന്‍സുലിന്‍ കുത്തിവെയ്പ്പിന്റെ 99 ആം വാര്‍ഷികം ആഘോഷിക്കുമ്പോഴും ഇന്‍സുലിന്‍ കുത്തിവെയ്പ്പ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് രോഗികള്‍ക്കിടയില്‍ വളരെ കുറഞ്ഞ തോതിലുള്ള അവബോധമാണുള്ളതെന്ന് 42 രാജ്യങ്ങളിലെ 400 ലധികം കേന്ദ്രങ്ങളിലായി ~14,000 ത്തോളം രോഗികളില്‍ നടത്തിയ ഗ്ലോബല്‍ ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ ടെക്‌നിക്ക് ചോദ്യാവലി (ഐടിക്യു) സര്‍വേയില്‍ തെളിഞ്ഞിരുന്നു. കൊച്ചി ഉള്‍പ്പടെ രാജ്യത്തെ 20 കേന്ദ്രങ്ങളിലായി ആയിരത്തിലധികം രോഗികളാണ് സര്‍വേയില്‍ പങ്കെടുത്തത്.ഇത്തരത്തിലുള്ള ഏറ്റവും വലിയ സര്‍വേകളിലൊന്നായിരുന്നു ഇത്

അതോടൊപ്പം ടൈപ്പ് 1 വിഭാഗത്തിലുള്ള പ്രമേഹം മൂലം മുന്നോട്ടു പോകാനായി രാജ്യത്തെ 97,700 ല്‍ ഏറെ കൂട്ടികള്‍ക്ക് ഇന്‍സുലിന്‍ ഇന്‍ജെക്ഷനെ ആശ്രിയക്കേണ്ടി വരുന്നുണ്ടെന്നാണ് കണക്ക്. കേരളത്തില്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെയാണ് ഇതു കണ്ടു വരുന്നത്.ഈ രോഗത്തിന്‍റെ കൃത്യമായ കാരണം അവ്യക്തമാണ്.

ഇന്ത്യയില്‍ കുത്തിവെയ്പ്പ് എടുക്കുന്നവരുടെ വിപുലമായ വിവരശേഖരമാണ് ഇതിലുണ്ടായിരിക്കുന്നത്. ചെറിയ സൂചികള്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യ മുന്നില്‍ നില്‍ക്കുന്നുവെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ സിറിഞ്ചുകളും പെന്നുകളുമടക്കം സൂചികള്‍ പുനരുപയോഗിക്കുന്നുവെന്ന കാര്യത്തിലും ഇന്ത്യ മുന്നിലാണെന്നത് അസ്വസ്ഥത സൃഷ്ടിക്കുന്നു. സൗകര്യത്തിനു വേണ്ടിയോ ചെലവ് കുറയ്ക്കുന്നതിനു വേണ്ടിയോ സര്‍വേയില്‍ പങ്കെടുത്ത 55.8% രോഗികളും ഇന്‍സുലിന്‍ ഉപയോഗിക്കുന്നതിനുള്ള സിറിഞ്ചുകള്‍ പുനരുപയോഗിക്കുന്നവരാണ്. ശരാശരി 40% പേര്‍ പെന്‍ സൂചികള്‍ അഞ്ച് തവണയില്‍ അധികം ഉപയോഗിക്കുന്നു. കുത്തിവെയ്പ്പ് എടുക്കുന്ന സ്ഥലങ്ങളുടെ റൊട്ടേഷന്‍, കുത്തിവെയ്പ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന നീര്, ഇന്‍സുലിന്‍ കുത്തിവെയ്പ്പ് ടെക്‌നിക്കുമായി ബന്ധപ്പെട്ട ആശങ്കകള്‍ തുടങ്ങിയ കാര്യങ്ങളില്‍ രോഗികള്‍ക്ക് കുറഞ്ഞ അവബോധം മാത്രമാണുള്ളത്.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിന് വളരെ പ്രധാനമാണ് ഇന്‍സുലിന്‍ ചികിത്സയെന്നും തെറ്റായ കുത്തിവെയ്‌പ്പെടുക്കല്‍ മൂലം ഡോസിന്റെ കൃത്യതയും കാര്യക്ഷമതയും വിട്ടുവീഴ്ചയ്ക്ക് വിധേയമാകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്‍സുലിന്‍ നല്‍കുന്നതിനുള്ള ഏക പ്രായോഗികമാര്‍ഗം ഇന്‍ജക്ഷനാണ്. ആരോഗ്യ പരിരക്ഷ പ്രവര്‍ത്തകര്‍ക്കും പ്രമേഹ രോഗികള്‍ക്കും കൃത്യമായ ബോധവത്കരണം നൽകേണ്ടത് ആവശ്യമാണ്.

ലിപ്പോ ഹൈപ്പര്‍ട്രോഫി (കുത്തിവെയ്‌പ്പെടുത്ത സ്ഥലത്ത് കട്ടിവെയ്ക്കുക), അണ്‍എക്‌സ്‌പ്ലെയ്ന്‍ഡ് ഹൈപ്പോഗ്ലൈസീമിയ (രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുക), രക്തത്തിലെ ഗ്രൂക്കോസ് നിലയിലെ വ്യതിയാനം എന്നിവയ്‌ക്കെതിരേയുള്ള സംരക്ഷണത്തിന് ശരിയായ കുത്തിവെയ്പ്പ് രീതികള്‍ സഹായിക്കുമെന്ന് ഫിറ്റര്‍ റെക്കമന്‍ഡേഷന്‍സ് നിര്‍ദേശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൈകളുടെ വൃത്തി, കുത്തിവെയ്‌പ്പെടുത്ത സ്ഥലം പതിവായി പരിശോധന, സൂചികളുടെ പുനരുപയോഗം തടയുക, കുത്തിവെയ്‌പ്പെടുക്കുന്ന സ്ഥലങ്ങളുടെ കൃത്യമായ റൊട്ടേഷന്‍, സൂചികളും ഷാര്‍പ്പുകളും ശരിയായി നീക്കം ചെയ്യുക തുടങ്ങിയവയടക്കമുള്ള നിരവധി ഘടകങ്ങള്‍ ഇന്‍സുലിനെടുക്കുന്ന രോഗികള്‍ പാലിക്കേണ്ടതും അവ ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ തെറാപ്പിയുടെ വിജയത്തെ സ്വാധീനിക്കുന്നതുമാണ്. സൂചികളുടെ ആവര്‍ത്തിച്ചുള്ള പുനരുപയോഗം മൂലം സൂചികളുടെ മുനകളുടെ മൂര്‍ച്ച നഷ്ടമാകുകയും അതുവഴി കുത്തിവെയ്പ്പ് വേദനാജനകവുമായി മാറുന്നു. ഇന്‍സുലിന്‍ എടുക്കുന്ന എല്ലാ പ്രമേഹ രോഗികളും ഇന്‍ജക്ഷന്‍ ടെക്‌നിക്ക് സംബന്ധിച്ച് ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്നതിന് സഹായകരമാകുന്ന വിധം ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി നിരന്തരം സംസാരിക്കേണ്ടതാണ്.

ടൈപ്പ് 1 പ്രമേഹം ഉള്ളവര്‍ക്ക് ദിവസേന നിരവധി തവണ ഇന്‍സുലിന്‍ കുത്തിവെപ്പു നടത്തേണ്ടി വരും. കുട്ടികള്‍ക്ക് സൂചിയോടു ഭയവും ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ ഇന്‍സുലിന്‍ നല്‍കുന്ന കാര്യത്തില്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു കൊണ്ട് ഇന്‍സുലിന്‍ പമ്പു പോലുള്ള രീതികള്‍ ലഭ്യമാണ്. ആഴ്ചയില്‍ നാലോ അഞ്ചോ രോഗികള്‍ തങ്ങളെ കാണാനെത്തുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. കുട്ടികള്‍ക്കു സൗകര്യപ്രദമായ രീതിയിലും കുറഞ്ഞ വേദനയോടു കൂടിയും ഇന്‍സുലിന്‍ നല്‍കാന്‍ ഇന്‍സുലിന്‍ പമ്പുകള്‍ സഹായകമാകും. ഏതു പ്രായക്കാര്‍ക്കും ഇതുപയോഗിക്കാം.

ഇന്‍സുലിന്‍ പമ്പുകള്‍ ഉപയോഗിക്കുന്ന രീതിക്ക് ഇപ്പോള്‍ ജനപ്രീതി വര്‍ധിച്ചു വരികയാണ്. തുടര്‍ച്ചയായി ഗ്ലൂക്കോസ് നിരീക്ഷിക്കുന്നതിനുള്ള ഉപകരണവും ഇതിനോടൊപ്പമുണ്ടാകും. ഒരു ബട്ടണ്‍ അമര്‍ത്തി ഇന്‍സുലിന്‍ നല്‍കാനാവുന്നതും കൊണ്ടു നടക്കാനാവുന്നതുമായ ഇത് വസ്ത്രത്തിനുള്ളില്‍ ധരിച്ച് ശരീരവുമായി ബന്ധിപ്പിക്കുകയും ചെയ്യാം.

ടൈപ്പ് 1 പ്രമേഹത്തിന് സ്ഥിരമായി ഇന്‍സുലിന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം ആവശ്യമാണ്.വീട്ടില്‍ വെച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ ഇടവേളകളില്‍ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകയും രോഗികളും അടുത്ത ബന്ധുക്കളും മനസ്സിലാക്കേണ്ടതാണ്. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കൂടുതല്‍ ആശ്വാസവും സ്വാതന്ത്ര്യവും നല്‍കുന്നതുമാണ് ഇന്‍സുലിന്‍ പമ്പുകൾ .

ലോക പ്രമേഹ ദിനത്തിന്റെ ഈ വർഷത്തെ മുദ്രാവാക്യം പ്രമേഹവും കുടുംബവും എന്നതാണ്. പ്രമേഹ ചികിത്സക്കും നിയന്ത്രണത്തിനും കുടുംബം ഒപ്പമുണ്ടാകണം എന്ന ഒാർമപ്പെടുത്തലാണ് ഇക്കുറി ലോകാരോഗ്യ സംഘടനയും ഇൻറർനാഷനൽ ഡയബെറ്റിസ് ഫെഡറേഷനും (IDF) ഇതിലൂടെ ലക്ഷ്യമിടുന്നത്.

നവംബർ 14 – ലോക പ്രമേഹ ദിനം; ഇൻസുലിൻ കണ്ടു പിടിച്ച സർ. ഫ്രെഡറിക്ക് ബാന്റിംഗിന്റെ ജന്മദിനം