Sat. Nov 21st, 2026

ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമിയും ഇവർ വിറ്റ ഭൂമിയും തിരിച്ചു പിടിക്കാൻ സ്പെഷ്യൽ ഓഫീസർ എം.ജി. രാജമാണിക്യം നൽകിയ ഉത്തരവുകൾ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്. ബോധപൂർവം കേസ് തോറ്റതാണെന്ന ആക്ഷേപത്തിനിടെയാണ് സർക്കാർ നീക്കം. ഹൈക്കോടതി വിധിക്കെതിരെ നിയമനിർമാണം നടത്താനായിരുന്നു സർക്കാർ ആദ്യം ശ്രമിച്ചിരുന്നത്. എന്നാൽ ഇതിന് കാലതാമസം വരുമെന്ന് കണ്ടതിനാലാണ് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

സർക്കാരിന്റെ ഭൂമിയാണെന്ന് കണ്ടെത്തി 38,000 ഏക്കർ തിരിച്ചു പിടിക്കാൻ ഉത്തരവിട്ടതിനെതിരെ ഹാരിസൺസ് മലയാളം ലിമിറ്റഡും ഇവരിൽ നിന്ന് ഭൂമി വാങ്ങിയവരും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് അശോക് മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കഴിഞ്ഞ മാസം വിധി പ്രസ്താവിച്ചത്. ഹാരിസൺ ഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിക്കാൻ ഭൂസംരക്ഷണ നിയമ പ്രകാരം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് അധികാരമില്ലെന്നും സിവിൽ കോടതികളാണ് ഇക്കാര്യം തീർപ്പാക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേരള ഭൂസംരക്ഷണ നിയമ പ്രകാരം പുറമ്പോക്ക് ഭൂമി കൈയേറ്റത്തിനെതിരെ സ്പെഷ്യൽ ഓഫീസർക്ക് നടപടിയെടുക്കാം. രജിസ്‌റ്റർ ചെയ്ത ആധാരവും കരം അടച്ച രസീതുമൊക്കെയുള്ളവരിൽ നിന്ന് ഉചിതമായ നിയമനടപടിയിലൂടെയല്ലാതെ ഭൂമി ഏറ്റെടുക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

എന്നാൽ ഈ വിധിയ്‌ക്കെതിരെ വ്യാപകമായ ആക്ഷേപങ്ങളാണ് ഉയർന്നത്. വേണ്ട വിധത്തിൽ കോടതിയിൽ കേസ് നടത്താതെയും സുപ്രധാന രേഖകൾ ഹാജരാക്കാതെയും ഒത്തുകളിച്ചാണ് സർക്കാർ ഹാരിസൺ കേസ് തോറ്റ് കൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. വിധി നിരാശാജനകമാണെന്നും പരിശോധിക്കണമെന്നും ഭരണപരിഷ്‌ക്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു.