ദേവികുളത്ത് വ്യാജപ്രമാണങ്ങള്‍ ഹാജരാക്കി ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത പെന്തക്കോസ്ത് പാസ്റ്ററിനെതിരെ കേസ്. സര്‍ക്കാര്‍ ഭൂമിയുടെ വ്യാജരേഖകള്‍ ചമച്ചാണ് ദൊരൈപാണ്ടിയെന്ന പാസ്റ്റര്‍ യേശുദാസ് ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. ഇയാളെ കൂടാതെ മറ്റു പല ഉന്നതര്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് ദേവികുളം പോലീസ് കരുതുന്നത്.
നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ പാസ്റ്റര്‍ ദൊരൈപാണ്ടി കോട്ടയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കില്‍ നിന്നാന്ന് 15 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുടെ വ്യാജ രേഖകള്‍ ഈടു വെച്ചാണ് കോടികള്‍ തട്ടിയത്. ദേവികുളത്തിനടുത്തുള്ള കച്ചേരി സെറ്റില്‍മെന്റ് പ്രദേശത്തുള്ള സര്‍ക്കാര്‍ ഭൂമിയുടെ രേഖകളാണ് ബാങ്കിനു നല്‍കിയത്.
ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം വസ്തു സംബന്ധിച്ച കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കരം രസീത്, സ്കെച്ച് തുടങ്ങി എല്ലാ രേഖകളും സമര്‍പ്പിച്ചാണ് മൂന്നു കോടി രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. ദൊരൈപാണ്ടിയുടെ ഇടപാടുകളില്‍ സംശയം തോന്നിയ ബാങ്ക് അധികൃതര്‍ ദേവികുളം താലൂക്ക് ഓഫീസില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം രേഖകള്‍ ശേഖരിച്ചപ്പോഴാണ് ഇയാള്‍ സമര്‍പ്പിച്ച രേഖകളെല്ലാം വ്യാജമാണെന്നറിഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പാസ്റ്ററിനെതിരെ ദേവികുളം തഹസില്‍ദാറിനും മറ്റു റവന്യു ഉദ്യോഗസ്ഥര്‍ക്കും പരാതി നല്കി. എന്നാല്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ആദ്യം വിമുഖത കാണിക്കുകയായിരുന്നു. തുടർന്ന് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയായിരുന്നു.ഇന്ത്യന്‍ ശിക്ഷാ നിയമം 466, 468, 471, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പാസ്റ്ററിനെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ദേവികുളം പോലീസ് അറിയിച്ചത്.